അടുത്തിടെ അമേരിക്കയിലെ ഒരു നഗരത്തില്‍ തരിശായി കിടന്ന ചില പ്രദേശങ്ങളിലെ കളകള്‍ നീക്കം ചെയ്ത് മനോഹരമായ പൂക്കളും പച്ച ചെടികളും ഞങ്ങള്‍ അവിടെ നട്ടുപിടിപ്പിച്ചു. ഇത് ഈ സമീപ പ്രദേശങ്ങളിലെ താമസക്കാരുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ സ്വാധീനിക്കുകയും ജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്തുകയും ചെയ്തു.
അമേരിക്കയിലെ ഒരു പ്രസിദ്ധമായ കോളേജിലെ ഒരു പ്രൊഫസര്‍ പറഞ്ഞു, ”ഹരിത ഇടം മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്ന് സൂചിപ്പിക്കുന്ന തെളിവുകള്‍ വര്‍ദ്ധിച്ചുവരികയാണ്, ഇത് ദരിദ്രമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പ്രത്യേകിച്ചും പ്രധാനമാണ്.”
യിസ്രായേലിലെയും യെഹൂദയിലെയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളും തങ്ങളുടെ മനോഹരമായ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള യെശയ്യാ പ്രവാചകന്റെ ദര്‍ശനത്തില്‍ പുതിയ പ്രതീക്ഷ കണ്ടെത്തി. യെശയ്യാവ് മുന്‍കൂട്ടിപ്പറഞ്ഞ എല്ലാ നാശങ്ങള്‍ക്കും ന്യായവിധികള്‍ക്കുമിടയില്‍, ശോഭനമായ ഈ വാഗ്ദാനം വേരുറപ്പിച്ചു: ”മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജ്ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കും. അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടുംകൂടെ ഉല്ലസിക്കും’ (യെശയ്യാവ് 35:1-2).
ഇന്നത്തെ നമ്മുടെ അവസ്ഥ എന്തുതന്നെയായാലും, നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് തന്റെ സൃഷ്ടിയിലൂടെ ചെയ്യുന്നതുപോലെ പുതിയ പ്രത്യാശയോടെ നമ്മെ പുനഃസ്ഥാപിക്കുന്ന മനോഹരമായ വഴികളില്‍ സന്തോഷിക്കാം. നാം തകര്‍ന്നിരിക്കുന്നതായി നമുക്കു തോന്നുമ്പോള്‍, അവന്റെ മഹത്വത്തെയും തേജസ്സിനെയും കുറിച്ചു ചിന്തിക്കുന്നത് നമ്മെ ശക്തിപ്പെടുത്തും. ”തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍” എന്ന് യെശയ്യാവ് പ്രോത്സാഹിപ്പിച്ചു (വാ. 3).
കുറച്ച് പൂക്കള്‍ക്ക് നമ്മുടെ പ്രതീക്ഷയെ ആളിക്കത്തിക്കാന്‍ കഴിയുമോ? കഴിയും എന്ന് ഒരു പ്രവാചകന് പറഞ്ഞു. പ്രത്യാശ നല്കുന്ന നമ്മുടെ ദൈവവും അങ്ങനെതന്നെ പറയുന്നു.
നിങ്ങള്‍ക്ക് നിരാശ തോന്നുമ്പോള്‍, നിങ്ങള്‍ സാധാരണയായി എങ്ങനെയാണു പ്രതികരിക്കുന്നത്? വീടിനു വെളിയില്‍ ദൈവത്തിന്റെ സൃഷ്ടിയില്‍ സമയം ചെലവഴിക്കുന്നത് നിങ്ങളുടെ നിരാശയെ ദൈവത്തിലുള്ള പുതിയ പ്രത്യാശയിലേക്ക് എങ്ങനെ മാറ്റുവാന്‍ കഴിയും?
പ്രിയ ദൈവമേ, അങ്ങയുടെ സൃഷ്ടിയുടെ മഹത്വത്തിനു നന്ദി, അങ്ങയുടെ മഹത്വം എന്നെ ചൂണ്ടിക്കാണിക്കുകയും അങ്ങയിലുള്ള എന്റെ പ്രത്യാശ പുനരുജ്ജീവിപ്പിക്കുകയും ചെയ്യണമേ.