എന്റെ ചെറുമകന്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ ലൈനിലേക്ക് ഓടിക്കയറി, ഉയരം രേഖപ്പെടുത്തിയിരിക്കുന്ന ചിഹ്നത്തിനെതിരെ പുറംതിരിഞ്ഞുനിന്നുകൊണ്ട് അവനു മതിയായ വലിപ്പമുണ്ടോ എന്ന് നോക്കി. അവന്റെ തല അടയാളത്തെ കവിഞ്ഞു കണ്ടപ്പോള്‍ അവന്‍ സന്തോഷത്തോടെ അലച്ചു.

ജീവിതത്തിന്റെ ഭൂരിഭാഗവും ”വലുത്” ആയിരിക്കുക എന്നതിനെക്കുറിച്ചാണ്, അല്ലേ? ഡ്രൈവര്‍ പരീക്ഷ നടത്താന്‍. വോട്ടുചെയ്യാന്‍. വിവാഹം കഴിക്കാന്‍. എന്റെ ചെറുമകനെപ്പോലെ, വളരാന്‍ കൊതിച്ചുകൊണ്ട് നമ്മുടെ ജീവിതം ചിലവഴിക്കാന്‍ നമുക്കു കഴിയും.

പുതിയനിയമ കാലഘട്ടത്തില്‍, കുട്ടികള്‍ സ്‌നേഹിക്കപ്പെട്ടിരുന്നു എങ്കിലും അവര്‍ക്ക് കുടുംബം പുലര്‍ത്താനും മുതിര്‍ന്നവര്‍ക്കുള്ള പ്രത്യേകാവകാശങ്ങളുമായി സിനഗോഗില്‍ പ്രവേശിക്കാനും കഴിയുംവിധം ”പ്രായമാകുന്നതുവരെ” അവരെ സമൂഹത്തില്‍ അത്രയധികം വിലമതിച്ചിരുന്നില്ല. ദരിദ്രരെയും രോഗികളെയും കുട്ടികളെയും പോലും സ്വാഗതം ചെയ്തുകൊണ്ട് യേശു തന്റെ കാലത്തെ രീതികളെ വെല്ലുവിളിച്ചു. മൂന്ന് സുവിശേഷങ്ങള്‍ (മത്തായി, മര്‍ക്കൊസ്, ലൂക്കൊസ്), അവന്‍ അവരുടെമേല്‍ കൈവെക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനായി മാതാപിതാക്കള്‍ കൊച്ചുകുട്ടികളെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് പറയുന്നു (മത്തായി 19:13; മര്‍ക്കൊസ് 10:16).

ഇത് അസൗകര്യമായി കണ്ട ശിഷ്യന്മാര്‍ മാതാപിതാക്കളെ ശാസിച്ചു. യേശു അതു കണ്ടപ്പോള്‍ ‘മുഷിഞ്ഞു’ (മര്‍ക്കൊസ് 10:14) കൊച്ചുകുട്ടികള്‍ക്കു വേണ്ടി കൈകള്‍ നീട്ടി. അവിടുന്ന് തന്റെ രാജ്യത്തില്‍ അവരുടെ മൂല്യം ഉയര്‍ത്തി, എല്ലാവരേയും അവരെപ്പോലെയാകാന്‍ – അവനെ അറിയുന്നതിനായി അവരുടെ ദുര്‍ബലതയും അവനുവേണ്ടി അവര്‍ പ്രകടിപ്പിക്കുന്ന ആവശ്യവും ഉള്‍ക്കൊള്ളാന്‍ – വെല്ലുവിളിച്ചു (ലൂക്കൊസ് 18:17). നമ്മുടെ ശിശുസമാനമായ ആവശ്യമാണ് അവന്റെ സ്‌നേഹം സ്വീകരിക്കാന്‍ നമ്മെ ”വലിയവര്‍” ആക്കുന്നത്.