വയര്‍ലെസ് റേഡിയോ ഓണായിരുന്നെങ്കില് ടൈറ്റാനിക് മുങ്ങുകയാണെന്ന് അവര്‍ അറിയുമായിരുന്നു. മറ്റൊരു കപ്പലിന്റെ റേഡിയോ ഓപ്പറേറ്ററായ സിറില്‍ ഇവാന്‍സ്, ടൈറ്റാനിക്കിലെ റേഡിയോ ഓപ്പറേറ്ററായ ജാക്ക് ഫിലിപ്സിന് അവര്‍ക്കു നേരെ ഒരു മഞ്ഞുമല ഒഴുകിവരുന്നതായുള്ള ഒരു സന്ദേശം കൈമാറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ടൈറ്റാനിക് റേഡിയോ ഓപ്പറേറ്റര്‍ യാത്രക്കാരുടെ സന്ദേശങ്ങള്‍ കൈമാറുന്ന തിരക്കില്‍ ആയിരുന്നു; അതിനാല്‍ മിണ്ടാതിരിക്കാന്‍ ഇവാന്‍സിനോട് ധിക്കാരപൂര്‍വ്വം പറയുകയും ചെയ്തു. അതിനാല്‍ അദ്ദേഹം മനസ്സില്ലാമനസ്സോടെ റേഡിയോ ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു. പത്ത് മിനിറ്റിനുശേഷം ടൈറ്റാനിക് ഒരു മഞ്ഞുമലയില്‍ ഇടിച്ചു. ആരും ശ്രദ്ധിക്കാഞ്ഞതിനാല്‍ അവരുടെ ദുരിത സൂചനകള്‍ക്ക് ഉത്തരം കിട്ടാതെ പോയി.
1 ശമൂവേലില്‍, യിസ്രായേല്‍ പുരോഹിതന്മാര് അഴിമതിക്കാരാണെന്നും രാഷ്ട്രം അപകടത്തിലേക്ക് നീങ്ങുമ്പോള്‍ അവരുടെ ആത്മീയ കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടുവെന്നും നാം വായിക്കുന്നു. ‘ആ കാലത്ത് യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു’ (1 ശമൂവേല്‍ 3:1). എന്നിട്ടും തന്റെ ജനത്തെ ഉപേക്ഷിക്കാന്‍ ദൈവത്തിനു മനസ്സില്ലായിരുന്നു. പുരോഹിതന്റെ വീട്ടില്‍ വളര്‍ത്തപ്പെട്ട ശമൂവേല്‍ എന്ന ബാലനോട് അവന് സംസാരിച്ചുതുടങ്ങി. ശമൂവേല്‍ എന്ന പേരിന്റെ അര്‍ത്ഥം ”യഹോവ കേള്‍ക്കുന്നു” – അവന്റെ അമ്മയുടെ പ്രാര്‍ത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കിയതിന്റെ സ്മരണാര്‍ത്ഥമായിരുന്നു ആ പേര്. എന്നാല്‍ ദൈവത്തെ എങ്ങനെ കേള്‍ക്കണമെന്ന് ശമൂവേല്‍ പഠിക്കേണ്ടതുണ്ടായിരുന്നു.
”അരുളിച്ചെയ്യണമേ; അടിയന് കേള്‍ക്കുന്നു” (വാ. 10). ദാസനാണ് ഇതു കേള്‍ക്കുന്നത്. ദൈവം തിരുവെഴുത്തുകളില്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും അനുസരിക്കുന്നതും നമുക്ക് തിരഞ്ഞെടുക്കാം. നമുക്ക് നമ്മുടെ ജീവിതം അവനു സമര്‍പ്പിക്കുകയും – തങ്ങളുടെ ”റേഡിയോകള്‍” ഓണാക്കിയവരായ – എളിയ ദാസന്മാരുടെ നിലപാട് സ്വീകരിക്കുകയും ചെയ്യാം.
ദൈവം തിരുവെഴുത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അനുസരിക്കേണ്ടത് പ്രാധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട്? അവന്റെ ശബ്ദം കേള്‍ക്കുന്നതിനായി നിങ്ങള്‍ക്ക് എങ്ങനെ 'ട്യൂണ്‍' ചെയ്തിരിക്കാം?
പ്രിയ യേശുവേ, അങ്ങു സംസാരിക്കുന്ന ദൈവമായിരിക്കുന്നതിന് നന്ദി. അനുസരണത്തില്‍ അങ്ങയെ പിന്തുടരാന് എന്നെ സഹായിക്കുന്ന തിരുവെഴുത്തുകള്‍ക്ക് നന്ദി. അരുളിച്ചെയ്യണമേ; അടിയന് കേള്‍ക്കുന്നു.