ബ്രിട്ടീഷ് റോയല്‍ മറൈനില്‍നിന്നു വിരമിച്ച എഴുപതുകാരനായ ജെയിംസ് മക്ക്‌കോണല്‍ 2013-ല്‍ മരിച്ചു. മക്ക്‌കോണലിനു കുടുംബം ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരത്തില്‍ ആരും പങ്കെടുക്കാന്‍ ഉണ്ടാവില്ലെന്ന് അദ്ദേഹം പാര്‍ത്തിരുന്ന വൃദ്ധസദനത്തിലെ ജോലിക്കാര്‍ ഭയപ്പെട്ടു. മക്കോണലിന്റെ അനുസ്മരണ ശുശ്രൂഷയ്ക്കു നേതൃത്വം കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന ഒരാള്‍ ഇപ്രകാരം ഒരു ഫേസ്ബുക്ക് സന്ദേശം പോസ്റ്റുചെയ്തു: ”ഈ ദിനത്തിലും യുഗത്തിലും, അവരുടെ കടന്നുപോകലിനെക്കുറിച്ച് വിലപിക്കാന്‍ ആരുമില്ലാതെ ഒരാള്‍ ഈ ലോകം വിട്ടുപോകേണ്ടിവരുന്നത് ദുഃഖകരമാണ്. പക്ഷേ ഈ മനുഷ്യന്‍ ഒരു കുടുംബാംഗമായിരുന്നു. . . . ആ ബന്ധം ശവക്കുഴിയിലേക്ക് വരെ നീളുന്നതാണെങ്കില്‍. . . സായുധസേനയിലെ ഈ മുന്‍ സഹോദരന് ആദരാഞ്ജലി അര്‍പ്പിക്കാന്‍, ദയവായി അവിടെ ഉണ്ടായിരിക്കാന്‍ ശ്രമിക്കുക.’ ഇരുനൂറ് റോയല്‍ മറൈനുകള്‍ ശുശ്രൂഷാ ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിച്ചു!

ഈ ബ്രിട്ടീഷ് സ്വദേശികള്‍, തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ബൈബിള്‍ സത്യത്തെയാണ് പ്രദര്‍ശിപ്പിച്ചത്: ”ശരീരം ഒരു അവയവമല്ല പലതത്രേ” പൗലൊസ് പറയുന്നു (1 കൊരിന്ത്യര്‍ 12:14). നാം ഒറ്റപ്പെട്ടവരല്ല. നേരെ മറിച്ചാണ്: നാം യേശുവില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ജൈവികമായ പരസ്പര ബന്ധം വേദപുസ്തകം വെളിപ്പെടുത്തുന്നു: ”ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു” (വാ. 26). ദൈവത്തിന്റെ പുതിയ കുടുംബത്തിലെ അംഗങ്ങളായ യേശുവിലുള്ള വിശ്വാസികള്‍ എന്ന നിലയില്‍, നാം പരസ്പരം വേദനയിലേക്കും ദുഃഖത്തിലേക്കും ഒറ്റയ്ക്ക് പോകാന്‍ ഭയപ്പെടുന്ന ഇരുണ്ട സ്ഥലങ്ങളിലേക്കും ഒരുമിച്ചു നീങ്ങുന്നു. നാം ഒറ്റയ്ക്കു പോകേണ്ടതില്ല എന്നതിനു നന്ദി.

ഒരുപക്ഷേ കഷ്ടതയുടെ ഏറ്റവും മോശമായ ഭാഗം എന്നു പറയുന്നത്, ഇരുട്ടില്‍ നാം തനിയെ മുങ്ങുകയാണെന്ന് തോന്നുന്നതാണ്. എന്നിരുന്നാലും, ഒരുമിച്ചു സഹിക്കാന്‍ തയ്യാറുള്ള ഒരു പുതിയ സമൂഹത്തെ ദൈവം സൃഷ്ടിക്കുന്നു. ആരും ഇരുട്ടില്‍ ഉപേക്ഷിക്കപ്പെടാത്ത ഒരു പുതിയ സമൂഹം.