ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലെ ഉയര്‍ന്ന താഴികക്കുടത്തില്‍ സന്ദര്‍ശകര്‍ക്ക് 259 പടികള്‍ കയറി വിസ്പറിംഗ് ഗാലറിയിലേക്ക് പ്രവേശിക്കാം. അവിടെനിന്നു നിങ്ങള്‍ മന്ത്രിക്കുന്നത് വൃത്താകൃതിയിലുള്ള നടപ്പാതയില്‍ എവിടെയും നില്‍ക്കുന്ന വ്യക്തിക്കു കേള്‍ക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഏതാണ്ട് നൂറ് അടി അകലെയുള്ള അഗാധമായ ഗര്‍ത്തത്തിന് അപ്പുറത്തുള്ളവര്‍ക്കും അതു കേള്‍ക്കാന്‍ കഴിയും. താഴികക്കുടത്തിന്റെ ഗോളാകൃതിയും മന്ത്രണത്തിന്റെ കുറഞ്ഞ തീവ്രതയിലുള്ള ശബ്ദ തരംഗങ്ങളും മൂലമാണ് ഇതു സംഭവിക്കുന്നതെന്നാണ് എഞ്ചിനീയര്‍മാര്‍ വിശദീകരിക്കുന്നത്.

നമ്മുടെ വേദനാജനകമായ മന്ത്രണങ്ങള്‍ ദൈവം കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നാം എത്രത്തോളം ആശിക്കാറുണ്ട്. അവന്‍ നമ്മെ കേള്‍ക്കുന്നു – നമ്മുടെ നിലവിളികളും പ്രാര്‍ത്ഥനകളും മന്ത്രണങ്ങളും – എന്നതിന്റെ സാക്ഷ്യങ്ങളാല്‍ സങ്കീര്‍ത്തനങ്ങള്‍ നിറഞ്ഞിരിക്കുന്നു. ദാവീദ് എഴുതുന്നു, ”എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, സഹായത്തിനായി എന്റെ ദൈവത്തോട് നിലവിളിച്ചു’ (സങ്കീര്‍ത്തനം 18:6). അവനും മറ്റ് സങ്കീര്‍ത്തനക്കാരും വീണ്ടും വീണ്ടും നിലവിളിക്കുന്നു, ”എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ” (4:1), ‘എന്റെ ശബ്ദം’ (5: 3), ‘എന്റെ ഞരക്കം’ (102: 20) കേള്‍ക്കണമേ. ചിലപ്പോഴൊക്കെ ഈ പദപ്രയോഗം ”ഞാന്‍ പറയുന്നത് കേള്‍ക്കൂ” (77: 1) എന്നതിനപ്പുറം ‘ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു” (77: 6) എന്നുള്ളതാണ്.

സങ്കീര്‍ത്തനം 18:6-ലെ ദാവീദിനെപ്പോലെ സങ്കീര്‍ത്തനക്കാര്‍ ഈ അപേക്ഷകള്‍ക്കുള്ള മറുപടിയായി ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു: ”തന്റെ മന്ദിരത്തില്‍നിന്ന് എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.’ യഥാര്‍ത്ഥ മന്ദിരം ഇതുവരെയും പണിതിട്ടില്ലാത്തതിനാല്‍, ദൈവം തന്റെ സ്വര്‍ഗ്ഗീയ മന്ദിരത്തില്‍ നിന്നു ശ്രദ്ധിക്കുന്നതാണോ ദാവീദ് സൂചിപ്പിച്ചിരിക്കുന്നത്?

ഭൂമിക്കു മുകളിലുള്ള ആകാശത്തിന്റെ താഴികക്കുടത്തിലെ അവന്റെ ”മന്ത്രിക്കുന്ന ഗാലറി” യില്‍ നിന്ന്, ദൈവം നമ്മുടെ ഹൃദയത്തിന്റെ ആഴത്തിലെ മന്ത്രണങ്ങളിലേക്കും നിശബ്ദ നിലവിളികളിലേക്കും ചെവി ചായിക്കുന്നു . . . ശ്രദ്ധിക്കുന്നു.