ഒരു മറൈന്‍ ബയോളജിസ്റ്റ് നീന്തുകയായിരുന്നു. പെട്ടെന്ന് 22 ടണ്‍ ഭാരമുള്ള ഒരു തിമിംഗലം പ്രത്യക്ഷപ്പെടുകയും അവളെ അതിന്റെ ചിറകിനടിയില്‍ ചേര്‍ക്കുകയും ചെയ്തു. തന്റെ ജീവിതം അവസാനിച്ചുവെന്ന് ആ സ്ത്രീ കരുതി. എന്നാല്‍ പതുക്കെ വൃത്താകൃതിയില്‍ കുറെ നീന്തിയ ശേഷം തിമിംഗലം അവളെ വിട്ടയച്ചു. അപ്പോഴാണ് ഒരു സ്രാവ് ആ പ്രദേശം വിട്ടുപോകുന്നത് ബയോളജിസ്റ്റു കണ്ടത്. തിമിംഗലം തന്നെ സംരക്ഷിക്കുകയായിരുന്നുവെന്ന് – അപകടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നുവെന്ന് – ആ സ്ത്രീ വിശ്വസിക്കുന്നു.
അപകടകരമായ ലോകത്ത്, മറ്റുള്ളവരെ സംരക്ഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. മറ്റൊരാളുടെ ഉത്തരവാദിത്തം ഞാന്‍ ഏല്ക്കണമെന്ന് ശരിക്കും എന്നില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ടോ? എന്നു നിങ്ങള്‍ ചോദിച്ചേക്കാം. അല്ലെങ്കില്‍ കയീന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ?” (ഉല്പത്തി 4:9). പഴയനിയമത്തിന്റെ ബാക്കി ഭാഗങ്ങള്‍ ഇടിമുഴക്ക സമാനം പ്രതികരിക്കുന്നത് അതേ! എന്നാണ്. തോട്ടം കാക്കാന്‍ ആദാമിനെ ചുമതലപ്പെടുത്തിയതുപോലെ, കയീന് ഹാബെലിനെ പരിപാലിക്കേണ്ടതായിരുന്നു. യിസ്രായേല്‍ ദുര്‍ബലരെ സംരക്ഷിക്കുകയും ദരിദ്രരെ പരിപാലിക്കുകയും ചെയ്യണമായിരുന്നു. എന്നിട്ടും അവര്‍ നേരെ വിപരീതമായി പ്രവര്‍ത്തിച്ചു – ജനങ്ങളെ ചൂഷണം ചെയ്യുകയും ദരിദ്രരെ പീഡിപ്പിക്കുകയും അയല്‍ക്കാരെ തങ്ങളെപ്പോലെ സ്നേഹിക്കാനുള്ള ആഹ്വാനം ഉപേക്ഷിക്കുകയും ചെയ്തു (യെശയ്യാവ് 3:14-15).
എന്നിട്ടും കയീന്റെയും ഹാബേലിന്റെയും കഥയില്‍, കയീനെ ദൈവം ദൂരത്തേക്ക് പറഞ്ഞയച്ചതിനുശേഷവും ദൈവം അവനെ സംരക്ഷിച്ചു (ഉല്പത്തി 4:15-16). ഹാബെലിനായി കയീന് എന്തു ചെയ്യണമായിരുന്നോ അത് ദൈവം കയീനുവേണ്ടി ചെയ്തു. യേശുവിലൂടെ ദൈവം നമുക്കുവേണ്ടി എന്തുചെയ്യുന്നതിനായി വന്നോ അതിന്റെ മനോഹരമായ ഒരു നിഴല്‍ ചിത്രമാണിത്. യേശു നമ്മെ തന്റെ പരിപാലനത്തില്‍ സൂക്ഷിക്കുന്നു, മറ്റുള്ളവര്‍ക്കുവേണ്ടിയും പോയി അങ്ങനെ ചെയ്യാന്‍ അവന് നമ്മെ പ്രാപ്തനാക്കുന്നു.
ആരെ സംരക്ഷിക്കാനാണ് ദൈവം നിങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്? എങ്ങനെയാണ് നിങ്ങള്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്തത്? എങ്ങനെയാണ് അത് ഒഴിവാക്കാനായി നിങ്ങള്‍ ശ്രമിച്ചത്?
മനസ്സലിവുള്ള ദൈവമേ, അങ്ങ് എന്നെ പരിപാലിക്കുന്നതിന് നന്ദി. അങ്ങ് എന്നെ സൂക്ഷിക്കുകയും എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ഞാനും അതു ചെയ്യുവാന്‍ എന്നെ സഹായിക്കണമേ.