എന്റെ സഹോദരന് ഡേവിഡ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പെട്ടെന്ന് മരിച്ചപ്പോള്‍, ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ഗണ്യമായി മാറി. ഏഴു മക്കളില്‍ നാലാമനായിരുന്നു ഡേവ്, എങ്കിലും ഞങ്ങളില്‍ നിന്ന് ആദ്യം അദ്ദേഹമാണു കടന്നുപോയത് – ആ കടന്നുപോക്കിന്റെ അപ്രതീക്ഷിത സ്വഭാവം എന്നെക്കുറിച്ചു തന്നെ ചിന്തിക്കാന്‍ വളരെയധികം സഹായിച്ചു. ഞങ്ങള്‍ക്കു പ്രായം വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാവി, നേട്ടത്തേക്കാള്‍ അധികം നഷ്ടത്താല്‍ അടയാളപ്പെടുത്താന്‍ പോകുന്നുവെന്ന് ഞങ്ങള്‍ക്കു വ്യക്തമായി. ഇനി അഭിവാദനങ്ങളെക്കാള് അധികം വിടപറയലുകളാണു വരാന്‍ പോകുന്നത്.
ഇതൊന്നും ബുദ്ധിപരമായി ആശ്ചര്യകരമല്ല, കാരണം അങ്ങനെയാണു ജീവിതം മുമ്പോട്ടുപോകുന്നത്. എന്നാല്‍ ഈ തിരിച്ചറിവ് തലച്ചോറിലേക്കുള്ള ഒരു വൈകാരിക മിന്നല്‍പ്പിണര്‍ പോലെ ആയിരുന്നു. ജീവിതം നമുക്ക് നല്കുന്ന ഓരോ അവസരത്തിനും ഇത് പുതിയ പ്രാധാന്യം നല്കി. ഭാവിയിലെ പുനഃസമാഗമം എന്ന യാഥാര്‍ത്ഥ്യത്തിന് ഇത് വലിയതും പുതിയതുമായ മൂല്യം നല്കി, കാരണം അവിടെ ഒരിക്കലും വിടപറയലിന്റെ ആവശ്യമില്ല.
വെളിപ്പാട് 21:3-4 ല്‍ നാം കാണുന്നതിന്റെ കാതലാണ് ഈ ആത്യന്തിക യാഥാര്‍ത്ഥ്യം: ”ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവന് അവരുടെ കണ്ണില്‍നിന്നു കണ്ണുനീര് എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി.’
നീണ്ട വിടവാങ്ങലുകളുടെ കാലഘട്ടങ്ങള്‍ നാം അനുഭവിച്ചേക്കാമെങ്കിലും, ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള നമ്മുടെ വിശ്വാസം അഭിവാദനങ്ങള്‍ കൊണ്ടു നിറഞ്ഞ ഒരു നിത്യത നമുക്കു വാഗ്ദത്തം ചെയ്യുന്നു.
പ്രിയപ്പെട്ടവരുടെ നഷ്ടത്തെയും ദുഃഖത്തെയും നിങ്ങള്‍ എങ്ങനെ അതിജീവിക്കും? ഒരു ദിവസം നിങ്ങള്‍ അവരെ വീണ്ടും കാണും എന്നറിയുന്നത് എന്ത് ആശ്വാസമാണ് നിങ്ങള്‍ക്കു നല്‍കുന്നത്?
പിതാവേ, നിത്യജീവന് നല്കുന്ന ജീവനുള്ള ദൈവമാണ് അവിടുന്ന് എന്നതിന് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും കാലങ്ങളില്‍ ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ഞങ്ങളുടെ നിത്യമായ പ്രത്യാശയെ അവിടുന്ന് ഉപയോഗിക്കണമേ.