ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ഹോളി ട്രിനിറ്റി ചര്‍ച്ചിന്റെ ശുശ്രൂഷകനായി ചാള്‍സ് ശിമെയോന് (1759-1836) തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളോളം എതിര്‍പ്പുകള്‍ നേരിട്ടു. സഭയിലെ ഭൂരിഭാഗം പേരും ശിമെയോന്റെ സ്ഥാനത്ത് സഹശുശ്രൂഷകനെ നിയമിക്കണമെന്ന് ആഗ്രഹിച്ചിരുന്നതിനാല്‍, അവര്‍ അദ്ദേഹത്തെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുകയും അദ്ദേഹത്തിന്റെ ശുശ്രൂഷ നിരസിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ അദ്ദേഹത്തെ പുറത്താക്കിചര്‍ച്ച് പൂട്ടുകപോലും ചെയ്തു. എന്നാല്‍ ദൈവാത്മാവിനാല്‍ നിറയപ്പെടാന്‍ ആഗ്രഹിച്ചിരുന്ന ശിമയോന് ചില ജീവിത പ്രമാണങ്ങള്‍ സൃഷ്ടിച്ച് കിംവദന്തികളെ നേരിടാന്‍ ശ്രമിച്ചു. അതിലൊന്ന്, തികച്ചും സത്യമല്ലാത്ത കിംവദന്തികള്‍ വിശ്വസിക്കരുത്. മറ്റൊന്ന് ”മറുപക്ഷം പറയുന്നതു കേള്‍ക്കുകയാണെങ്കില്‍, ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തമായ ഒരു വിവരണം ലഭിക്കും എന്ന് എല്ലായ്പ്പോഴും വിശ്വസിക്കുക.”
ഈ നടപടിയിലൂടെ, ദൈവജനത്തിന്റെ പരസ്പരം സ്നേഹം ഇല്ലാതാക്കുമെന്ന് തനിക്കറിയാവുന്ന ദുര്‍വര്‍ത്തമാനവും നുണപ്രചരണവും അവസാനിപ്പിക്കണമെന്ന് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ കല്പന ശിമെയോന് പാലിച്ചു. ദൈവത്തിന്റെ പത്തു കല്പനകളിലൊന്ന്, അവര്‍ സത്യസന്ധമായി ജീവിക്കാനുള്ള അവന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു: ”കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുത്” (പുറപ്പാട് 20:16). പുറപ്പാടിലെ മറ്റൊരു നിര്‍ദ്ദേശം ഈ കല്‍പ്പനയെ ശക്തിപ്പെടുത്തുന്നു: ”വ്യാജവര്ത്തമാനം പരത്തരുത്” (23:1).
നമ്മള് ഓരോരുത്തരും ഒരിക്കലും കിംവദന്തികളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കാതിരിക്കയും അവ കേള്‍ക്കുന്ന നിമിഷം അവയെ തടയുകയും ചെയ്താല്‍ ലോകം എത്രമാത്രം വ്യത്യസ്തമായിരിക്കും എന്ന് ചിന്തിക്കുക. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി നമ്മുടെ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സ്നേഹത്തില്‍ സത്യം സംസാരിക്കാന്‍ സഹായിക്കുന്നതിന് പരിശുദ്ധാത്മാവിനെ നമുക്കാശ്രയിക്കാം.
നിങ്ങള്‍ എതിര്‍പ്പ് നേരിട്ടപ്പോള്‍ നിങ്ങളെ സഹായിച്ചതെന്താണ്? കിംവദന്തി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ എങ്ങനെയാണു പ്രതികരിക്കുന്നത്?
യേശുവേ, സ്നേഹത്തില്‍ അങ്ങയുടെ സത്യം സംസാരിക്കാന്‍ എന്നെ സഹായിക്കണമേ. സമാധാനവും കൃപയും പ്രോത്സാഹനവും നല്കുന്ന വാക്കുകള്‍ എനിക്ക് തരണമേ.