ഞാന്‍ ജാക്വിയുടെ കട്ടിലിനടുത്ത് ഒരു കസേര വലിച്ചിട്ടിരന്നു. മുറി മങ്ങിയതും നിശബ്ദവുമായിരുന്നു. ക്യാന്‍സറുമായി മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനുമുമ്പ്, എന്റെ സുഹൃത്ത് ഊര്‍ജ്ജസ്വലയായ ഒരു വ്യക്തിയായിരുന്നു. അവളുടെ ചിരി എനിക്ക് ഇപ്പോഴും സങ്കല്പ്പിക്കാന് കഴിയും- ജീവന് തുടിക്കുന്ന കണ്ണുകളുള്ള അവളുടെ മുഖം പുഞ്ചിരികൊണ്ടു പ്രകാശിക്കുമായിരുന്നു. ഇപ്പോള്‍ അവള് ശാന്തയും നിശ്ചലയുമായിരുന്നു, ഞാന്‍ അവളെ ഒരു പ്രത്യേക പരിചരണ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയായിരുന്നു.
എന്തു പറയണമെന്ന് അറിയാതെ ഞാന്‍ കുറച്ച് തിരുവെഴുത്തുകള്‍ വായിക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ പേഴ്സില്‍ നിന്ന് ബൈബിള്‍ പുറത്തെടുത്ത് 1 കൊരിന്ത്യരിലേക്ക് തിരിഞ്ഞു ഒരു ഭാഗം വായിക്കാന്‍ തുടങ്ങി.
സന്ദര്‍ശനത്തിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഏകാന്തതയില്‍ അല്പ സമയം കണ്ണുനീരോടെ കാത്തിരുന്ന ശേഷം, എന്റെ കണ്ണുനീര് തുടയ്ക്കുന്ന ഒരു ചിന്ത മനസ്സില്‍ വന്നു: നീ അവളെ വീണ്ടും കാണും. ദുഃഖനിമഗ്നയായ ഞാന്‍, മരണം വിശ്വാസികള്‍ക്ക് താല്‍ക്കാലികം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മറന്നിരുന്നു (1 കൊരിന്ത്യര്‍ 15:21-22). ഞങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായി ഞങ്ങള്‍ രണ്ടുപേരും യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നതിനാല്‍ ഞാന്‍ ജാക്വിയെ വീണ്ടും കാണുമെന്ന് എനിക്കറിയാം (വാ. 3-4). തന്റെ ക്രൂശീകരണത്തിനുശേഷം യേശു ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, വിശ്വാസികളെ തമ്മില്‍തമ്മിലും ദൈവത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള മരണത്തിന്റെ ആത്യന്തിക ശക്തി നഷ്ടപ്പെട്ടു. നാം മരിച്ചതിനുശേഷം, ദൈവത്തോടും നമ്മുടെ എല്ലാ ആത്മീയ സഹോദരങ്ങളോടും ഒപ്പം – എന്നേക്കും – സ്വര്‍ഗ്ഗത്തില്‍ വസിക്കും.
യേശു ഇന്ന് ജീവിച്ചിരിക്കുന്നതിനാല്‍, അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും സമയങ്ങളില്‍ പ്രത്യാശയുണ്ട്. ക്രൂശിന്റെ വിജയം മരണത്തെ വിഴുങ്ങിയിരിക്കുന്നു (വാ. 54).
ദുഃഖസമയങ്ങളില്‍ ദൈവം നിങ്ങളെ എങ്ങനെയാണ് ആശ്വസിപ്പിച്ചത്? ഇന്ന് ദുഃഖിക്കുന്ന ഒരാളെ ആശ്വസിപ്പിക്കാന്‍ നിങ്ങളെ എങ്ങനെ അവന് ഉപയോഗിക്കാന്‍ കഴിയും?
പ്രിയ യേശുവേ, എന്റെ പാപത്തിനുവേണ്ടി മരിച്ചതിന് നന്ദി. ദൈവം അങ്ങയെ മരിച്ചവരില്‍നിന്ന് ഉയിര്പ്പിച്ചതുകൊണ്ടാണ് അങ്ങ് ഇന്ന് ജീവിച്ചിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നഷ്ടത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് 'പ്രത്യാശയോടെ ദുഃഖിക്കുക' വായിക്കുവാന്‍ സന്ദര്‍ശിക്കുക: discoveryseries.org/cb131.