അമ്മ ഷാരോണ്ടയുടെ ദാരുണമായ മരണത്തിന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍, ക്രിസ് ശക്തവും കൃപ നിറഞ്ഞതുമായ ഈ വാക്കുകള്‍ ഉച്ചരിച്ചു: ”സ്നേഹം വിദ്വേഷത്തേക്കാള്‍ ശക്തമാണ്.” അവന്റെ അമ്മ, മറ്റ് എട്ട് പേരോടൊപ്പം അമേരിക്കയിലെ സൗത്ത് കരോലിനയില്‍ വെച്ച് ഒരു ബുധനാഴ്ച രാത്രിയിലെ ബൈബിള്‍ പഠനസമയത്താണ് കൊല്ലപ്പെട്ടത്. ഈ കൗമാരക്കാരന്റെ നാവില്‍ നിന്നും ഹൃദയത്തില്‍ നിന്നും ഈ വാക്കുകള്‍ ഒഴുകത്തക്കവിധം അവന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയതെന്താണ്? ക്രിസ് ക്രിസ്തുയേശുവിലുള്ള ഒരു വിശ്വാസിയാണ്, അവന്റെ അമ്മ ”എല്ലാവരെയും പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ചിരുന്ന” ഒരുവളുമായിരുന്നു.
ലൂക്കൊസ് 23:26-49 ല്‍ വധശിക്ഷ നടപ്പാക്കുന്ന ഒരു വേദിയുടെ മുന്‍ നിര സീറ്റില്‍ നാം ഇരിക്കുകയാണ്. അവിടെ രണ്ട് കുറ്റവാളികളെയും നിരപരാധിയായ യേശുവിനെയും നിര്‍ത്തിയിരിക്കുന്നു (വാ. 32). മൂന്നുപേരെയും ക്രൂശിച്ചു (വാ. 33). ക്രൂശില്‍ തൂങ്ങിക്കിടക്കുന്നവരുടെ നെടുവീര്‍പ്പുകളുടെയും ഞരക്കങ്ങളുടെയും വിലാപങ്ങളുടെയും നടുവില്‍ യേശുവിന്റെ വാക്കുകള്‍ ഇപ്രകാരം കേട്ടു: ‘പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കണമേ’ (വാ. 34.). വിദ്വേഷം നിറഞ്ഞ മതനേതാക്കള്‍ മുന്‍കൈയെടുത്തതിന്റെ ഫലമായി സ്നേഹത്തിന്റെ ആള്‍രൂപമായവന്‍ ക്രൂശിക്കപ്പെട്ടു. വേദനയിലാണെങ്കിലും, യേശുവിന്റെ സ്നേഹം വിജയിച്ചുകൊണ്ടിരുന്നു.
നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സ്നേഹിക്കുന്ന ഒരാള്‍ എങ്ങനെയാണ് വിദ്വേഷം, ദുഷ്ടലാക്ക്, കൈപ്പ് അല്ലെങ്കില്‍ ദുഷ്ടത എന്നിവയുടെ ഇരയായിത്തീര്‍ന്നിട്ടുള്ളത്? നിങ്ങളുടെ വേദന നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു പ്രേരണയാകട്ടെ, വെറുപ്പിനെക്കാള്‍ സ്നേഹം തിരഞ്ഞെടുക്കാന്‍ യേശുവിനെയും ക്രിസിനെയും പോലുള്ളവരുടെ മാതൃക ആത്മാവിന്റെ ശക്തിയാല്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കട്ടെ.
എപ്പോഴാണ് ആരെയെങ്കിലും സ്നേഹിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുള്ളത്? നിങ്ങള്‍ക്ക് ഇപ്പോള്‍ ക്ഷമിക്കാന്‍ പ്രയാസമുള്ള ആരെങ്കിലും ഉണ്ടോ? അക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്ത് നടപടികളെടുക്കാന്‍ കഴിയും?
പിതാവേ, മറ്റുള്ളവരോട് ക്ഷമിക്കാന്‍ ഞാന്‍ പ്രയാസപ്പെടുമ്പോള്‍ എന്നോട് ക്ഷമിക്കണമേ. വിദ്വേഷത്തേക്കാള്‍ സ്നേഹം ശക്തമാണെന്ന് തെളിയിക്കാന്‍ എന്നെ സഹായിക്കണമേ.