ഓരോ രാത്രിയും, ബാലനായ കാലേബ് കണ്ണുകള്‍ അടക്കുമ്പോള്‍, ഇരുട്ട് തന്നെ വലയം ചെയ്യുന്നതായി തോന്നിയിരുന്നു. കോസ്റ്റാറിക്കയിലെ മരവീടിന്റെ ഞരക്കം അവന്റെ മുറിയുടെ നിശബ്ദതയെ പതിവായി ഭഞ്ജിച്ചു. മേല്‍ക്കൂരയിലെ വവ്വാലുകള്‍ കൂടുതല്‍ സജീവമായി. അവന്റെ അമ്മ അവന്റെ മുറിയില്‍ ഒരു ലൈറ്റ് രാത്രി മുഴുവനും ഓണാക്കി വെച്ചിരുന്നു, എന്നിട്ടും ആ ബാലന് ഇരുട്ടിനെ ഭയപ്പെട്ടു. ഒരു രാത്രി കാലേബിന്റെ പിതാവ് അവന്റെ കിടക്കയുടെ ചവിട്ടുപടിയില്‍ ഒരു ബൈബിള്‍ വാക്യം ഒട്ടിച്ചുവെച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: ”ദൈവമായ യഹോവ … നിന്നോടുകൂടെ ഉള്ളതുകൊണ്ട്് ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്’ (യോശുവ 1:9). ഓരോ രാത്രിയും കാലേബ് ആ വാക്കുകള്‍ വായിക്കാന്‍ തുടങ്ങി – അവന് ആ മുറിവിട്ട് കോളേജില്‍ പോകും വരെ അതു തുടര്‍ന്നു.
മോശെ മരിച്ചതിനുശേഷം നേതൃത്വം യോശുവയിലേക്കു കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് യോശുവ 1-ല്‍ നാം വായിക്കുന്നു. ”ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക” എന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി യോശുവയോടും യിസ്രായേലിനോടും ഇതു പലപ്രാവശ്യം ആവര്‍ത്തിക്കുന്നതായി കാണുന്നു (വാ. 6-7, 9). അനിശ്ചിതമായ ഒരു ഭാവിയെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ഭയം അനുഭവപ്പെട്ടു, എന്നാല്‍ ദൈവം അവനെ ഉറപ്പിച്ചുകൊണ്ടു പറഞ്ഞു, ”ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല’ (വാ. 5).
ഭയം ഉണ്ടാകുന്നത് സ്വാഭാവികമാണ്, പക്ഷേ നിരന്തരമായ ഭയത്തോടെ ജീവിക്കുന്നത് നമ്മുടെ ശാരീരികവും ആത്മീയവുമായ ആരോഗ്യത്തിന് ഹാനികരമാണ്. പുരാതന കാലത്തെ തന്റെ ദാസന്മാരെ ദൈവം പ്രോത്സാഹിപ്പിച്ചതുപോലെ, എപ്പോഴും നമ്മോടൊപ്പമുണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നവന് നിമിത്തം നമുക്കും ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കാം.
നിങ്ങളുടെ ആഴമേറിയതും സ്ഥിരവുമായ ഭയങ്ങള്‍ എന്താണ്? ദൈവത്തിന്റെ വാഗ്ദത്തങ്ങളെ ധ്യാനിക്കുന്നത് നിങ്ങളുടെ ഭയത്തെയും ഉത്കണ്ഠയെയും തരണംചെയ്യാന്‍ എങ്ങനെ സഹായിക്കും?
വിശ്വസ്തനായ പിതാവേ, അങ്ങ് എല്ലായ്പ്പോഴും എന്നോടൊപ്പമുള്ളതിന് നന്ദി. അങ്ങയുടെ വാഗ്ദത്തങ്ങള്‍ ഓര്‍മ്മിക്കാനും ഞാന്‍ ഭയപ്പെടുമ്പോള്‍ അങ്ങയില്‍ ആശ്രയിക്കാനും എന്നെ സഹായിക്കണമേ.