എന്റെ പുതിയ സൂപ്പര്‍വൈസറുടെ ഓഫീസിലേക്ക് നടക്കുമ്പോള്‍ എനിക്ക് ജാഗ്രതയും വൈകാരിക അസ്വസ്ഥതയും അനുഭവപ്പെട്ടു. എന്റെ പഴയ സൂപ്പര്‍വൈസര്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിനെ കാര്‍ക്കശ്യമായും ഗൗരവത്തോടെയും നടത്തിയിരുന്നു. അദ്ദേഹം പലപ്പോഴും എന്നെയും (മറ്റുള്ളവരെയും) കരയിപ്പിച്ചിരുന്നു. എന്റെ പുതിയ ബോസ് എങ്ങനെയായിരിക്കും? ഞാന്‍ ചിന്തിച്ചു. ഞാന്‍ എന്റെ പുതിയ ബോസിന്റെ ഓഫീസിലേക്ക് കാലെടുത്തുവച്ചയുടനെ, അദ്ദേഹം എന്നെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും എന്നെക്കുറിച്ചും എന്റെ നിരാശകളെക്കുറിച്ചും പങ്കിടാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ എന്റെ ഭയം അലിഞ്ഞുപോയി. അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും അദ്ദേഹത്തിന്റെ കാരുണ്യപൂര്‍വ്വമുള്ള പെരുമാറ്റത്തില്‍ നിന്നും ദയയുള്ള വാക്കുകളില്‍നിന്നും അദ്ദേഹം ശരിക്കും കരുതുന്നയാളാണെന്നു ഞാന്‍ അറിഞ്ഞു. യേശു വിശ്വാസിയായ അദ്ദേഹം എന്റെ ഔദ്യോഗിക ഉപദേഷ്ടാവും പ്രോത്സാഹകനും സുഹൃത്തും ആയി മാറി.
അപ്പൊസ്തലനായ പൗലൊസ് ”പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന്റെ” (തീത്തൊസ് 1:4) ആത്മീയ ഉപദേഷ്ടാവായിരുന്നു. തീത്തൊസിന് അവന് എഴുതിയ കത്തില്‍, സഭയിലെ അവന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് സഹായകരമായ നിര്‍ദ്ദേശങ്ങളും മാര്ഗ്ഗദര്ശനങ്ങളും നല്കി. അവന് ”പത്ഥ്യോപദേശത്തിനു ചേരുന്നത് പ്രസ്താവിക്കുക” (2: 1) മാത്രമല്ല ‘ഉപദേശത്തില്‍ നിര്‍മ്മലതയും ഗൗരവവും, ആക്ഷേപിച്ചു കൂടാത്ത പത്ഥ്യവചനവും’ ഉള്ളനായി ‘സകലത്തിലും തന്നെത്തന്നേ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി’ കാണിക്കുകയും വേണം (വാ. 7-8). തല്‍ഫലമായി, തീത്തൊസ് അവന്റെ പങ്കാളിയും സഹോദരനും സഹപ്രവര്‍ത്തകനുമായി (2 കൊരിന്ത്യര്‍ 2:13; 8:23) – അതിലുപരി മറ്റുള്ളവരുടെ ഉപദേഷ്ടാവുമായി.
നമ്മില്‍ അനേകരും ഒരു അധ്യാപകന്, പരിശീലകന്, പിതാമഹന്, യുവനേതാവ് അല്ലെങ്കില്‍ പാസ്റ്റര്‍ എന്നിങ്ങനെയുള്ള ഉപദേഷ്ടാക്കളുടെ അറിവ്, ജ്ഞാനം, പ്രോത്സാഹനം, ദൈവത്തിലുള്ള വിശ്വാസം എന്നിവയിലൂടെ പ്രയോജനം നേടിയിട്ടുണ്ട്. യേശുവിനോടൊത്തുള്ള യാത്രയില്‍ നിങ്ങള്‍ പഠിച്ച ആത്മീയ പാഠങ്ങളില്‍ നിന്ന് ആര്‍ക്കാണ് പ്രയോജനം ലഭിക്കുക?
ആരാണ് നിങ്ങള്‍ക്ക് ഒരു ആത്മീയ ഉപദേഷ്ടാവായിട്ടുള്ളത്? നിങ്ങള്‍ ആര്‍ക്കാണ് ഒരു ഉപദേഷ്ടാവായിരിക്കുന്നത്? നിങ്ങള്‍ ആര്‍ക്കാണ് ഉപദേഷ്ടാവായിരിക്കാന്‍ പോകുന്നത്?
പിതാവേ, എനിക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ എന്നെ ഉപദേശിച്ച എല്ലാവരോടും ഞാന്‍ നന്ദിയുള്ളവനാണ്. ഇന്ന് എന്റെ പ്രോത്സാഹനം ആവശ്യമുള്ള ഒരാളിലേക്ക് എന്നെ നയിക്കണമേ.