തങ്ങളുടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ അവര്‍ ചെയ്യാന്‍ ദൈവം അവരെ വിളിക്കുന്നതിനെക്കുറിച്ച് പ്രാര്‍ത്ഥിച്ച ശേഷം, നഗരത്തിന്റെ കേന്ദ്രഭാഗത്തേക്ക് നീങ്ങുകയാണ് അവര്‍ ചെയ്യേണ്ടത് എന്നു മാര്‍ക്കും നീനയും ഉറപ്പിച്ചു. അവര്‍ ഒഴിഞ്ഞ ഒരു വീട് വാങ്ങി, നവീകരണജോലികള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു- അപ്പോഴാണ്് കൊടുങ്കാറ്റ് വന്നത്. മാര്‍ക്ക് എനിക്ക് അയച്ച ഒരു സന്ദേശത്തില്‍ എഴുതി: ”ഇന്ന് രാവിലെ ഞങ്ങള്‍ക്ക് ഒരു സര്‍പ്രൈസ് ഉണ്ടായിരുന്നു. നഗരത്തില്‍ അടിച്ച കൊടുങ്കാറ്റ് ഞങ്ങളുടെ പുതുക്കിപ്പണി തകര്‍ത്തുകളഞ്ഞു- വെറും കമ്പുകളും ഇഷ്ടികകളും ആക്കി മാറ്റി. ദൈവം എന്തിനോ തയ്യാറെടുക്കുന്നു.’
അനിയന്ത്രിതമായ കൊടുങ്കാറ്റുകള്‍ മാത്രമല്ല നമ്മെ ആശ്ചര്യപ്പെടുത്തുകയും നമ്മുടെ ജീവിതത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നത്. എന്നിരുന്നാലും, നിര്‍ഭാഗ്യത്തിനിടയില്‍ ദൈവത്തിന്റെമേലുറപ്പിച്ച ദൃഷ്ടി മാറിപ്പോകാതിരിക്കുന്നതാണ് അതിജീവനത്തിന്റെ ഒരു താക്കോല്‍.
തന്റെ വസ്തുവകകള്‍ നഷ്ടപ്പെടുത്തുകയും മക്കളുടെ മരണത്തിനു കാരണമാകുകയും ചെയ്ത ഇയ്യോബിന്റെ ജീവിതത്തിലെ കാലാവസ്ഥാ ദുരന്തം (ഇയ്യോബ് 1:19) അവന് നേരിട്ട ഞെട്ടിക്കുന്ന ആശ്ചര്യങ്ങളില്‍ ഒന്ന് മാത്രമായിരുന്നു. അതിനുമുമ്പ്, മൂന്ന് ദൂതന്മാര് മോശം വാര്‍ത്തകള്‍ അവനെ അറിയിച്ചിരുന്നു (വാ. 13-17).
ഏതൊരു ദിവസത്തിലും, നാം വിരുന്നില്‍ നിന്ന് വിലാപത്തിലേക്കും, ജീവിതം ആഘോഷിക്കുന്നതില്‍ നിന്നും മരണത്തെ വിശകലനം ചെയ്യുന്നതിലേക്കും അല്ലെങ്കില്‍ മറ്റേതെങ്കിലും ജീവിത വെല്ലുവിളികളിലേക്കും നീങ്ങാം. നമ്മുടെ ജീവിതം – സാമ്പത്തികമായും ബന്ധങ്ങളെ സംബന്ധിച്ചും ശാരീരികമായും വൈകാരികമായും ആത്മീയമായും – അതിവേഗം ”കമ്പുകളിലേക്കും ഇഷ്ടികകളിലേക്കും” ചുരുങ്ങാം. എന്നാല്‍ ദൈവം ഏതൊരു കൊടുങ്കാറ്റിനേക്കാളും ശക്തനാണ്. ജീവിതത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കാന്‍ അവനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വിശ്വാസം – ‘യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ” (വാ. 21) എന്ന് ഇയ്യോബിനോടും മറ്റുള്ളവരോടും ഒപ്പം പറയാന്‍ കഴിയുന്ന വിശ്വാസം – ആവശ്യമാണ്.
നിങ്ങള്‍ക്ക് ദൈവത്തിന്റെ കാഴ്ച നഷ്ടപ്പെടുമ്പോള്‍ നിങ്ങളുടെ കാഴ്ച തെളിയിക്കാന്‍ സഹായിച്ചതെന്താണ്? ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ വരുമ്പോള്‍ നിങ്ങളെ സഹായിക്കുന്ന എന്തു പാഠങ്ങളാണ് ഇയ്യോബില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാന്‍ കഴിയുന്നത്?
പിതാവേ, ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ അങ്ങയുടെ കാഴ്ച എനിക്കു നഷ്ടപ്പെടുന്ന സമയങ്ങള്‍ എന്നോട് ക്ഷമിക്കണമേ. പുതിയ കണ്ണുകളാല്‍ അങ്ങയെ കാണുവാന്‍ എന്നെ സഹായിക്കണമേ.