ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദീര്‍ഘമായ തപാല്‍ കാലതാമസം 89 വര്‍ഷത്തിന്റേതാണ്. 2008-ല്‍ ഇംഗ്ലണ്ടിലെ ഒരു വീട്ടുടമസ്ഥയ്ക്ക് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി 1919-ല്‍ അയച്ച ഒരു ക്ഷണക്കത്ത് ലഭിക്കുകയുണ്ടായി. അവിടെ മുമ്പു പാര്‍ത്തിരുന്ന വ്യക്തിക്കുള്ള ക്ഷണക്കത്തായിരുന്നു അവളുടെ മെയില്‍ബോക്‌സില്‍ വന്നത്. റോയല്‍ മെയില്‍ വഴിയാണ് കത്തു ലഭിച്ചത് എങ്കിലും അതിന്റെ കാലതാമസത്തിന്റെ കാരണം ഇന്നും അജ്ഞാതമായി തുടരുന്നു.

ആശയവിനിമയത്തിലെ ഏറ്റവും മികച്ച മാനുഷിക ശ്രമങ്ങള്‍ പോലും ചിലപ്പോള്‍ നമ്മെ നിരാശരാക്കുന്നു, എന്നാല്‍ ദൈവം തന്റെ വിശ്വസ്തരായ ആളുകളെ കേള്‍ക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. 1 രാജാക്കന്മാര്‍ 18-ല്‍, പുറജാതി ദൈവമായ ബാലും യഹോവയായ ദൈവവും തമ്മിലുള്ള വ്യത്യാസം ഏലിയാവ് വെളിപ്പെടുത്തി. യഥാര്‍ത്ഥ ദൈവം ആരാണെന്ന് തെളിയിക്കാനുള്ള ഒരു മത്സരപ്പരീക്ഷയില്‍, ബാലിന്റെ പ്രവാചകന്മാര്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥിച്ചശേഷം, ഏലിയാവ് അവരെ പരിഹസിച്ചു: ”ഉറക്കെ വിളിക്കുവിന്‍; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കുകയാകുന്നു; അല്ലെങ്കില്‍
യാത്രയിലാകുന്നു; അല്ലെങ്കില്‍ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തണം’ (വാ. 27). തുടര്‍ന്ന് തന്റെ ജനത വിശ്വാസത്തിലേക്ക് മടങ്ങിവരുന്നതിനായി യഹോവ ഉത്തരം നല്‍കണമെന്ന് ഏലിയാവ് പ്രാര്‍ത്ഥിച്ചു, ദൈവത്തിന്റെ ശക്തി വ്യക്തമായും പ്രകടമായി.

നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഏലിയാവിന്റേതുപോലെ ഉടനടി ഉത്തരം ലഭിച്ചില്ലെന്നു വന്നേക്കാം, എങ്കിലും ദൈവം അവ കേള്‍ക്കുന്നുവെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം (സങ്കീര്‍ത്തനം 34:17). നമ്മുടെ പ്രാര്‍ത്ഥനകളെ അവന്‍ അമൂല്യമായി വിലമതിക്കുന്നുവെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, അവ വിലയേറിയ ധൂപവര്‍ഗ്ഗം പോലെ ”സ്വര്‍ണ്ണപാത്രങ്ങളില്‍” സൂക്ഷിക്കുന്നു (വെളിപ്പാട് 5:8). നമ്മുടെ ഓരോ പ്രാര്‍ത്ഥനയ്ക്കും ദൈവം തന്റെ തികഞ്ഞ ജ്ഞാനത്തിലും മാര്‍ഗ്ഗത്തിലും ഉത്തരം നല്‍കും. സ്വര്‍ഗ്ഗത്തില്‍ നഷ്ടപ്പെട്ട കത്തുകള്‍ ഒന്നുമില്ല.