ചിലര്‍ അദ്ദേഹത്തെ ”മരത്തോടു മന്ത്രിക്കുന്നവന്‍” എന്ന് വിളിക്കുന്നു. ടോണി റിനോഡോ, വേള്‍ഡ് വിഷന്‍ ഓസ്ട്രേലിയയുടെ മരം നടുന്നവനാണ്. ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തുള്ള സഹേല്‍ പ്രദേശത്ത് വനനശീകരണം തടയുന്നതിലൂടെ യേശുവിനെ പങ്കുവെക്കാനുള്ള പരിശ്രമത്തില്‍ മുപ്പതുവര്‍ഷമായി ഏര്‍പ്പെട്ടിരിക്കുന്ന ഒരു മിഷനറിയും കാര്‍ഷിക ശാസ്ത്രജ്ഞനുമാണ് ടോണി റിനോഡോ.

മുരടിച്ച ”കുറ്റിച്ചെടികള്‍” യഥാര്‍ത്ഥത്തില്‍ സുഷുപ്താവസ്ഥയിലുള്ള മരങ്ങളാണെന്ന് തിരിച്ചറിഞ്ഞ റിനോഡോ അവയെ പ്രൂണ്‍ ചെയ്യുകയും പരിപാലിക്കുകയും നനയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ലക്ഷക്കണക്കിന് കര്‍ഷകരെ പ്രചോദിപ്പിച്ചു. അവരും സമീപത്തുള്ള വനങ്ങള്‍ പുനഃസ്ഥാപിച്ച് മണ്ണൊലിപ്പ് തടയുകയും തങ്ങളുടെ പരാജയപ്പെട്ട കൃഷിസ്ഥലങ്ങള്‍ രക്ഷിക്കുകയും ചെയ്തു. ഉദാഹരണത്തിന്, നൈജറിലെ കര്‍ഷകര്‍ അവരുടെ വിളകളും വരുമാനവും ഇരട്ടിയാക്കി, അങ്ങനെ പ്രതിവര്‍ഷം 25 ലക്ഷം ആളുകള്‍ക്ക് അധികമായി ഭക്ഷണം നല്‍കുന്നു.

യോഹന്നാന്‍ 15-ല്‍, കൃഷിയുടെ സ്രഷ്ടാവായ യേശു സമാനമായ കാര്‍ഷിക തന്ത്രങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടു പറഞ്ഞു, ”ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. എന്നില്‍ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികം
ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു’ (വാ. 1-2).

ദൈവത്തിന്റെ ദൈനംദിന പരിപാലനമില്ലാതെ, നമ്മുടെ ആത്മാക്കള്‍ ഫലരഹിതവും വരണ്ടതുമായി മാറുന്നു. എന്നിരുന്നാലും, അവിടുത്തെ ന്യായപ്രമാണത്തില്‍ നാം ആനന്ദിക്കുമ്പോള്‍, രാവും പകലും അതിനെ ധ്യാനിക്കുമ്പോള്‍, നാം ”ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം പോലെ” ആകും (സങ്കീ. 1:3). നമ്മുടെ ഇലകള്‍ വാടിപ്പോകുകയില്ല. നാം ”ചെയ്യുന്നതൊക്കെയും സാധിക്കും” (വാ. 3). അവന്‍ ചെത്തിവെടിപ്പാക്കിയതും നട്ടതുമായ നമ്മള്‍ നിത്യഹരിതമാണ് – നാം പുനരുജ്ജീവിപ്പിക്കപ്പെടുകയും അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.