അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരുപാട് ആവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതായി ഒരു സ്ത്രീ തന്റെ പാസ്റ്ററോട് പരാതിപ്പെട്ടു. ”താങ്കള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?” അവള്‍ ചോദിച്ചു. ‘ആളുകള്‍ മറക്കുന്നു’ പ്രസംഗകന്‍ മറുപടി നല്‍കി.

നമ്മുടെ മറവിക്കു ധാരാളം കാരണങ്ങളുണ്ട് – കാലപ്പഴക്കം, വാര്‍ദ്ധക്യം, അല്ലെങ്കില്‍ വളരെയധികം തിരക്ക്. പാസ്വേഡുകളും ആളുകളുടെ പേരുകളും കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം പോലും നാം മറക്കുന്നു. എന്റെ ഭര്‍ത്താവ് പറയുന്നു, ”എന്റെ തലച്ചോറില്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് ഇത്രത്തോളമേ ഉള്ളൂ. പുതിയ എന്തെങ്കിലും ഓര്‍മ്മിക്കുന്നതിനുമുമ്പ് ഞാന്‍ എന്തെങ്കിലും മായിച്ചുകളയണം.’

പ്രസംഗകന്‍ പറഞ്ഞത് ശരിയായിരുന്നു. ആളുകള്‍ മറക്കുന്നു. അതിനാല്‍ ദൈവം നമുക്കുവേണ്ടി എന്തുചെയ്തുവെന്ന് ഓര്‍മ്മിക്കാന്‍ സഹായിക്കുന്നതിന് നമുക്ക് പലപ്പോഴും ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്. യിസ്രായേല്യര്‍ക്കും സമാനമായ ഒരു പ്രവണത ഉണ്ടായിരുന്നു. അവര്‍ കണ്ട നിരവധി അത്ഭുതങ്ങള്‍ ഉണ്ടായിരുന്നിട്ടും, അവരോടുള്ള അവിടുത്തെ കരുതലിനെക്കുറിച്ച് അവരെ ഓര്‍മ്മപ്പെടുത്തേണ്ടിയിരുന്നു. ആവര്‍ത്തനം 8-ല്‍, യിസ്രായേല്യരെ അവിടുന്ന് മരുഭൂമിയില്‍ വെച്ച് വിശപ്പ് അനുഭവിക്കാന്‍ അനുവദിച്ചതും, പക്ഷേ എന്നിട്ട് എല്ലാ ദിവസവും അവര്‍ക്ക് അതിശയകരമായ ഒരു സൂപ്പര്‍ഫുഡ് – മന്ന – നല്‍കിയതും ദൈവം ഓര്‍മ്മിപ്പിക്കുന്നു. ഒരിക്കലും പഴകിപ്പോകാത്ത വസ്ത്രങ്ങള്‍ അവന്‍ അവര്‍ക്കു വിതരണം ചെയ്തു. പാമ്പുകളും തേളുകളും വിഹരിക്കുന്ന മരുഭൂമിയിലൂടെ അവന്‍ അവരെ നയിക്കുകയും ഒരു പാറയില്‍ നിന്ന് അവര്‍ക്കു വെള്ളം നല്‍കുകയും ചെയ്തു. അവര്‍ ദൈവത്തിന്റെ പരിപാലനത്തിലും കരുതലിലും എത്രമാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് അവര്‍ മനസ്സിലാക്കിയതിനാല്‍ അവര്‍ താഴ്മ പഠിച്ചു (വാ. 2-4, 15-18).

ദൈവത്തിന്റെ വിശ്വസ്തത ”തലമുറ തലമുറയായി തുടരുന്നു” (സങ്കീര്‍ത്തനം 100:5). നാം മറന്നുപോകുമ്പോഴെല്ലാം, അവന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കിയ രീതികളെക്കുറിച്ച് ചിന്തിക്കാം, അത് അവന്റെ നന്മയെയും വിശ്വസ്ത വാഗ്ദാനങ്ങളെയും ഓര്‍മ്മപ്പെടുത്തുന്നു.