അദ്ദേഹം പ്രായാധിക്യമുള്ള, പരുക്കന്‍ സ്വഭാവവും ഭാഷയും ഉള്ള ഒരു വിരമിച്ച സൈനികനായിരുന്നു. ഒരു ദിവസം ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ആത്മീയ വിശ്വാസങ്ങളെക്കുറിച്ച് അന്വേഷിച്ചു. ആ മനുഷ്യന്റെ നിഷേധാത്മക പ്രതികരണം പെട്ടെന്ന് വന്നു: ”എന്നെപ്പോലൊരാളില്‍ ദൈവത്തിന് ഇടമില്ല.”
ഒരുപക്ഷേ അത് അദ്ദേഹത്തിന്റെ ”കഠിന മനുഷ്യന്” എന്ന നാട്യത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കാം, പക്ഷേ അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യത്തില്‍ നിന്നും അകലെയുമല്ല! ദൈവം ഇടം സൃഷ്ടിക്കുന്നു, പ്രത്യേകിച്ചും കഠിനഹൃദയര്‍, കുറ്റബോധത്താല്‍ പിടിക്കപ്പെട്ടവര്‍, പുറംതള്ളപ്പെട്ടവര്‍ എന്നിവരെ തന്റെ സമൂഹത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അവര്‍ തഴച്ചുവളരുന്നതിനും വേണ്ടി. യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം മുതല്‍, തനിക്കു ശിഷ്യന്മാരെ കണ്ടെത്തുന്നതിന് ചില അത്ഭുതകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തിയതിലൂടെ ഇത് വ്യക്തമായിരുന്നു. ഒന്നാമതായി, ഗലീലിയില്‍ നിന്നുള്ള നിരവധി മീന്‍പിടുത്തക്കാരെ – യെരൂശലേമിലുള്ളവരുടെ വീക്ഷണത്തില്‍ ”പാതയുടെ തെറ്റായ വശം” ചേര്‍ന്നു നടക്കുന്നവരെ അവന് തിരഞ്ഞെടുത്തു. ചുങ്കക്കാരനായ മത്തായിയെയും അവന് തിരഞ്ഞെടുത്തു. വിദേശാധിപത്യത്തില്‍ കിടക്കുന്ന തന്റെ ജനത്തിന്റെ ശത്രുത ഏറ്റുവാങ്ങിയവനായിരുന്നു അവന്. പിന്നെ, യേശു ”എരിവുകാരനായ” മറ്റെ ശിമോനെ വിളിച്ചു (മര്‍ക്കൊസ് 3:18).
ഈ ശിമോനെക്കുറിച്ച് നമുക്ക് കൂടുതലൊന്നും അറിയില്ല (അവന് ശിമോന് പത്രൊസ് അല്ല). പക്ഷേ എരിവുകാരെക്കുറിച്ച് നമുക്കറിയാം. നിന്ദിക്കപ്പെട്ട റോമാക്കാരുമായി സഹകരിച്ച് സമ്പന്നരായ മത്തായിയെപ്പോലുള്ള രാജ്യദ്രോഹികളെ അവര്‍ വെറുത്തു. എന്നിട്ടും, ദൈവിക വിരോധാഭാസത്താല്‍, യേശു മത്തായിയോടൊപ്പം ശിമോനെ തിരഞ്ഞെടുത്തു, അവരെ ഒരുമിച്ചു കൊണ്ടുവന്നു, തന്റെ സംഘത്തില്‍ കൂട്ടിച്ചേര്‍ത്തു.
യേശുവിന് ‘കൊള്ളാത്തവര്‍’ എന്നു പറഞ്ഞ് ആരെയും എഴുതിത്തള്ളരുത്. എല്ലാറ്റിനുമുപരി, ”ഞാന്‍ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിക്കുവാന്‍ വന്നിരിക്കുന്നത്” (ലൂക്കൊസ് 5:32) എന്ന് അവന് പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളെയും എന്നെയും പോലുള്ള കഠിനരായ ആളുകള്‍ക്ക് അവന്റെയടുക്കല്‍ ധാരാളം സ്ഥലമുണ്ട്.
തങ്ങളുടെ ജീവിതം യേശുവിന് സമര്‍പ്പിക്കാന്‍ സാധ്യതയില്ലാത്തവര്‍ എന്നു നിങ്ങള്‍ കരുതുന്നതാരൊക്കെയാണ്? ക്രിസ്തു ആരാണെന്നും അവര്‍ക്കുവേണ്ടി അവന്റെ പക്കലുള്ള ഇടത്തെക്കുറിച്ചും ചിന്തിക്കാന്‍ നിങ്ങള്‍ അവരെ എങ്ങനെ ക്ഷണിക്കും?
പ്രിയ പിതാവേ, യേശുവില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും രക്ഷ ലഭ്യമാണ് എന്നതിന് നന്ദി.