ഒരു കൂട്ടം ടര്‍ക്കികളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അതിനെ റാഫ്റ്റര്‍ എന്നാണ് വിളിക്കുന്നത്. ഞാന്‍ എന്തിനാണ് ടര്‍ക്കികളെക്കുറിച്ച് എഴുതുന്നത്? കാരണം ഞാന്‍ ഒരു പര്‍വ്വത ക്യാബിനില്‍ ഒരു വാരാന്ത്യം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയതേയുള്ളു. ഓരോ ദിവസവും, ടര്‍ക്കികളുടെ ഒരു നിര ഞങ്ങളുടെ പൂമുഖത്തുകൂടെ പരേഡു നടത്തുന്നതു ഞാന്‍ കണ്ടിരുന്നു.

ഞാന്‍ മുമ്പ് ടര്‍ക്കിയെ നിരീക്ഷിച്ചിട്ടില്ല. ശ്രദ്ധേയമായ പാദങ്ങള്‍ ഉപയോഗിച്ച് അവ ശക്തിയായി മാന്തുമായിരുന്നു. എന്നിട്ട് അവര്‍ വേട്ടയാടുകയും നിലത്തുകൊത്തുകയും ചെയ്തു. ഭക്ഷിക്കാനാണെന്നു ഞാന്‍ കരുതുന്നു (ഇത് എന്റെ ആദ്യത്തെ ടര്‍ക്കി നിരീക്ഷണമായതിനാല്‍, എനിക്കു 100 ശതമാനം ഉറപ്പില്ലായിരുന്നു). വരണ്ട ആ പ്രദേശം കണ്ടിട്ട് അവയ്‌ക്കൊന്നും അധികകാലം നിലനില്‍ക്കാന്‍ കഴിയില്ലെന്നു തോന്നി. പക്ഷേ ഒരു ഡസനോളം വരുന്ന ഈ ടര്‍ക്കികള്‍ തടിച്ചുകൊഴുത്ത് ആരോഗ്യമുള്ളവയായി കാണപ്പെട്ടു.

നന്നായി പോഷിപ്പിക്കപ്പെട്ട ആ ടര്‍ക്കികളെ നിരീക്ഷിക്കുന്നത് മത്തായി 6:26-ലെ യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ കൊണ്ടുവന്നു: ”ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല; കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു. അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ലയോ?’ നമ്മോടുള്ള കരുതലിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നതിനായി, വിലയില്ലാത്തതായി കാണപ്പെടുന്ന പക്ഷികള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ കരുതലിനെ യേശു ഉപയോഗിക്കുന്നു. ഒരു പക്ഷിയുടെ ജീവിതം പ്രാധാന്യമര്‍ഹിക്കുന്നുവെങ്കില്‍, നമ്മുടേത് എത്രയധികം? നമ്മുടെ ദൈനംദിന ആവശ്യങ്ങളെക്കുറിച്ചു ആകുലപ്പെടുന്ന ജീവിതവും ‘മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുന്ന,’ അവിടുന്ന് നമ്മുടെ ആവശ്യങ്ങളെ സമൃദ്ധമായി കരുതുമെന്ന് ആത്മവിശ്വാസമുള്ള ജീവിതവും തമ്മിലുള്ള അന്തരം യേശു മനസ്സിലാക്കി തരുന്നു. കാരണം, കാട്ടു ടര്‍ക്കികളുടെ കൂട്ടത്തെ പരിപാലിക്കാന്‍ ദൈവത്തിന് കഴിയുമെങ്കില്‍, തീര്‍ച്ചയായും നിങ്ങളെയും എന്നെയും പരിപാലിക്കാന്‍ അവനു കഴിയും.