എല്‍ സാല്‍വഡോര്‍ എന്ന രാജ്യം അതിന്റെ തലസ്ഥാനനഗരത്തിന്റെ മധ്യത്തില്‍ യേശുവിന്റെ ശില്പം സ്ഥാപിച്ച് അവനെ ബഹുമാനിച്ചു. തിരക്കേറിയ ഒരു ട്രാഫിക് സര്‍ക്കിളിന് നടുവിലാണ് ഈ സ്മാരകം നില്‍ക്കുന്നതെങ്കിലും, അതിന്റെ ഉയരം നിമിത്തം എളുപ്പം കാണാന്‍ സാധിക്കുന്നു. കൂടാതെ അതിന്റെ പേര് – ലോകത്തിന്റെ ദിവ്യ രക്ഷകന്‍ – അവന്റെ അമാനുഷിക പദവിയോടുള്ള ബഹുമാനം വിളിച്ചറിയിക്കുന്നു.

യേശുവിനെക്കുറിച്ച് ബൈബിള്‍ പറയുന്ന കാര്യങ്ങളെ സ്മാരകത്തിന്റെ പേര് സ്ഥിരീകരിക്കുന്നു (1 യോഹന്നാന്‍ 4:14). എല്ലാവര്‍ക്കും രക്ഷ നല്‍കുന്നവനാണ് യേശു. യേശു സാംസ്‌കാരിക അതിര്‍വരമ്പുകള്‍ കടന്ന്, പ്രായം, വിദ്യാഭ്യാസം, വംശീയത, മുന്‍കാല പാപം, അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ ആത്മാര്‍ത്ഥമായി തന്നെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും സ്വീകരിക്കുന്നു.

യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് ജനങ്ങളോടു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് പുരാതന ലോകത്തില്‍ സഞ്ചരിച്ചു. രാഷ്ട്രീയ, മത നേതാക്കള്‍, സൈനികര്‍, യെഹൂദന്മാര്‍, വിജാതീയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുമായി അവന്‍ ഈ സന്തോഷവാര്‍ത്ത പങ്കിട്ടു. ”യേശു കര്‍ത്താവാണ്” എന്ന് ഏറ്റുപറഞ്ഞും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുവെന്ന് വിശ്വസിച്ചും ഒരു വ്യക്തിക്ക് ക്രിസ്തുവുമായി ഒരു ബന്ധം ആരംഭിക്കാന്‍ കഴിയുമെന്ന് പൗലൊസ് വിശദീകരിച്ചു (റോമര്‍ 10:9). അദ്ദേഹം പറഞ്ഞു, ”അവനില്‍ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല. . . . കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും’ (വാ. 11, 13).

യേശു ബഹുമാനിക്കപ്പെടേണ്ട അകന്നുനില്‍ക്കുന്ന ഒരു പ്രതിമയല്ല; വിശ്വാസത്തിലൂടെ നമുക്ക് അവനുമായി ഒരു വ്യക്തിബന്ധം ഉണ്ടായിരിക്കണം. അവിടുന്ന് നല്‍കുന്ന രക്ഷയുടെ മൂല്യം നാം കാണുകയും അവനുമായി ഒരു ആത്മീയ ബന്ധത്തിലേക്ക് മുന്നേറുകയും ചെയ്യാം.