ഡാഡിയുടെ ശ്വാസം നേര്‍ത്തുനേര്‍ത്തു വന്ന് അതിന്റെ ഇടവേളകള്‍ വര്‍ദ്ധിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് മമ്മിയും എന്റെ സഹോദരിമാരും ഞാനും ഡാഡിയുടെ കിടക്കയ്ക്കരികില്‍ ഇരുന്നു. ഒടുവില്‍ അതു നിലച്ചു. ജീവിതത്തിനപ്പുറം ദൈവം കാത്തിരുന്ന സ്ഥലത്തേക്ക് നിശബ്ദമായി വഴുതിവീഴുമ്പോള്‍ ഡാഡിക്ക് എണ്‍പത്തിയൊമ്പത് വയസ്സാകാന്‍ ചില ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ വേര്‍പാട്, ഒരിക്കല്‍ അദ്ദേഹം വസിച്ചിരുന്നതും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തുന്ന സ്മരണികകളും മാത്രം ഉള്ളതുമായ ഒരു ശൂന്യതയിലേക്കു ഞങ്ങളെ തള്ളിയിട്ടു. എന്നിട്ടും ഒരു ദിവസം ഞങ്ങള്‍ വീണ്ടും ഒന്നിക്കുമെന്ന പ്രത്യാശ ഞങ്ങള്‍ക്കുണ്ട്.
ഞങ്ങള്‍ക്ക് ആ പ്രത്യാശയുണ്ട്, കാരണം തന്നെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തോടൊപ്പമാണ് ഡാഡി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഡാഡി ആദ്യത്തെ ശ്വാസം എടുത്തപ്പോള്‍ തന്റെ ശ്വാസകോശത്തിലേക്ക് ജീവന്റെ ശ്വാസം ഊതിക്കൊണ്ട് ദൈവം അവിടെയുണ്ടായിരുന്നു (യെശയ്യാവ് 42:5). എന്നിട്ടും, ആദ്യത്തേതിനുമുമ്പും അതിനിടയിലുള്ള ഓരോ ശ്വാസത്തിലും, ഡാഡി നിങ്ങളുടേതും എന്റേതുമായതുപോലെ, ഡാഡിയുടെ ജീവിതത്തിന്റെ ഓരോ വിശദാംശങ്ങളിലും ദൈവം വളരെ അടുത്ത് ഇടപെട്ടിരുന്നു. ദൈവമാണ് അദ്ദേഹത്തെ ഗര്‍ഭപാത്രത്തില്‍ അത്ഭുതകരമായി രൂപകല്‍പ്പന ചെയ്യുകയും ‘കൂട്ടിച്ചേര്‍ക്കുകയും’ ചെയ്തത് (സങ്കീര്‍ത്തനം 139:13-14). ഡാഡി അന്ത്യശ്വാസം വലിച്ചപ്പോള്‍, അദ്ദേഹത്തെ സ്നേഹത്തില്‍ ചേര്‍ത്തുപിടിച്ച് തന്നോടൊപ്പം ജീവിക്കാന്‍ കൊണ്ടുപോകുന്നതിനായി ദൈവാത്മാവ് അവിടെ ഉണ്ടായിരുന്നു (വാ. 7-10).
ദൈവത്തിന്റെ എല്ലാ മക്കള്‍ക്കും ഇത് ബാധകമാണ്. ഭൂമിയിലെ നമ്മുടെ ഹ്രസ്വ ജീവിതത്തിന്റെ ഓരോ നിമിഷവും അവിടുന്ന് അറിയുന്നു (വാ. 1-4). നാം അവനു വിലപ്പെട്ടവരാണ്. ഓരോ ദിവസവും അവശേഷിക്കുമ്പോഴും അതിനപ്പുറമുള്ള ജീവിതത്തെ പ്രതീക്ഷിച്ചും, അവനെ സ്തുതിക്കുന്നതിനായി ”ജീവനുള്ള എല്ലാറ്റിനോടും” നമുക്ക് ഒത്തുചേരാം. ”യഹോവയെ സ്തുതിപ്പിന്!’ (150: 6).
നിങ്ങളുടെ ജീവിതത്തില്‍ ദൈവം ആത്മാര്‍ത്ഥമായി ഇടപെടുന്നു എന്നറിയുന്നത് നിങ്ങള്‍ക്ക് എപ്രകാരമാണ് പ്രത്യാശ നല്‍കുന്നത്? അവനെ സ്തുതിക്കുന്നതിന് എങ്ങനെ നിങ്ങളുടെ ശ്വാസം ഉപയോഗിക്കാം?
പ്രിയ കര്‍ത്താവേ, എന്നെ സൃഷ്ടിച്ചതിനും എനിക്ക് ശ്വാസം നല്‍കിയതിനും നന്ദി. ജീവിതത്തിലെ സങ്കടങ്ങളിലും നഷ്ടങ്ങളിലും അങ്ങയോട് പറ്റിനില്‍ക്കാന്‍ എന്നെ സഹായിക്കണമേ.