രോഹിത് നിലത്തിരുന്നു പൊട്ടിക്കരയുന്നതു കണ്ടപ്പോള്‍, തീം പാര്‍ക്ക് ജോലിക്കാരിയായ ജെന്‍ സഹായത്തിനായി ഓടിയെത്തി. ഓട്ടിസം ബാധിച്ച കുട്ടിയായിരുന്ന രോഹിതിന്, താന്‍ കയറുന്നതിനായി ദിവസം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന റൈഡ് തകര്‍ന്നുകിടക്കുന്നതു കണ്ടിട്ടു സഹിക്കാനായില്ല. ജെന്‍ ആകട്ടെ അവനെ എഴുന്നേല്‍പ്പിക്കുകയോ കരച്ചില് നിര്‍ത്താന്‍ അവനെ നിര്‍ബന്ധിക്കുകയോ ചെയ്യുന്നതിനു പകരം രോഹിതിനോടൊപ്പം നിലത്തിരുന്ന് അവന്റെ വികാരങ്ങളെ അംഗീകരിക്കുകയും മതിയാവോളം കരയാന്‍ അവനു സമയം അനുവദിക്കുകയും ചെയ്തു.
ദുഃഖിക്കുന്നവരോ കഷ്ടം അനുഭവിക്കുന്നവരോ ആയവരോടൊപ്പം നമുക്ക് എങ്ങനെ ആയിരിക്കാമെന്നതിന്റെ മനോഹരമായ ഉദാഹരണമാണ് ജെന്നിന്റെ പ്രവൃത്തികള്‍. ഇയ്യോബിന് തന്റെ വീട്, ആടുമാടുകള്‍ (വരുമാനം), ആരോഗ്യം എന്നിവ നഷ്ടപ്പെടുകയും പത്തു മക്കള്‍ ഒരേസമയം മരണമടയുകയും ചെയ്തതിനെത്തുടര്‍ന്ന് അവനുണ്ടായ കഠിന ദുഃഖത്തെക്കുറിച്ച് വേദപുസ്തകം പറയുന്നു. ഇയ്യോബിന്റെ സ്നേഹിതന്മാര് അവന്റെ വേദന അറിഞ്ഞപ്പോള്‍, ”അവര്‍ ഓരോരുത്തന് താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിക്കുവാനും അവനെ ആശ്വസിപ്പിക്കുവാനും പോകണമെന്നു തമ്മില്‍ പറഞ്ഞൊത്തു” (ഇയ്യോബ് 2:11). ഇയ്യോബ് വിലപിച്ചുകൊണ്ടു നിലത്തിരുന്നു. അവര്‍ എത്തിയപ്പോള്‍, അവന്റെ സ്നേഹിതന്മാര് ഒന്നും മിണ്ടാതെ അവനോടൊപ്പം – ഏഴു ദിവസം – നിലത്തിരുന്നു, കാരണം അവന്റെ കഷ്ടതയുടെ ആഴം അവര്‍ കണ്ടു.
അവരുടെ മാനുഷികതയില്‍, പിന്നീട് ഇയ്യോബിന്റെ സ്നേഹിതന്മാര് അവന് വിവേകശൂന്യമായ ഉപദേശം നല്കി. എങ്കിലും ആദ്യത്തെ ഏഴു ദിവസം അവര്‍ വാക്കുകളില്ലാത്തതും ആര്‍ദ്രവുമായ തങ്ങളുടെ സാന്നിദ്ധ്യത്തിന്റെ സമ്മാനം നല്കി. നമുക്ക് ഒരാളുടെ ദുഃഖം മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല, എന്നാല്‍ അവരോടൊപ്പം ഇരിക്കുന്നതിലൂടെ അവരെ സ്നേഹിക്കുന്നതിന് നാം അതു മനസ്സിലാക്കേണ്ട ആവശ്യവുമില്ല.
പ്രയാസകരമായ സമയങ്ങളില്‍ ആരാണ് ''നിങ്ങളോടൊപ്പം'' ഇരുന്നിട്ടുള്ളത്? ഇന്ന് നിങ്ങളുടെ സാന്നിധ്യം ആര്‍ക്കാണ് ആവശ്യമായിരിക്കുന്നത്?
ദൈവമേ, എല്ലായ്പ്പോഴും - നല്ല സമയത്തും മോശം സമയത്തും - എന്നോടൊപ്പം ഉണ്ടായിരുന്നതിന് ഞാന്‍ നന്ദി പറയുന്നു. എന്റെ പാതയില്‍ അങ്ങു കൊണ്ടുവരുന്നവര്‍ക്ക് ആ സാന്നിധ്യത്തിന്റെ സമ്മാനം നല്കാന് എന്നെ സഹായിക്കണമേ.