ഭവനരഹിതര്‍ക്കുള്ള ഒരു പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ആളുകള്‍ സംഭാവന ചെയ്ത ഷൂസുകളുടെ കൂമ്പാരത്തിലേക്ക് ഞങ്ങള്‍ നോക്കി. ഉപയോഗിച്ച പാദരക്ഷകളുടെ കൂമ്പാരങ്ങള്‍ വേര്‍തിരിച്ച് അടുക്കുന്നതിനു സഹായിക്കാന്‍ ഡയറക്ടര്‍ ഞങ്ങളുടെ യുവജന സംഘത്തെ ക്ഷണിച്ചിരുന്നു. പരസ്പരം യോജിക്കുന്നവ ഞങ്ങള്‍ കണ്ടെടുത്ത് കോണ്‍ക്രീറ്റ് തറയിലുടനീളം വരിവരിയായി നിരത്തി. ദിവസാവസാനം, പകുതിയിലധികം ഷൂസുകളും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവിധം കേടുപാടുകള്‍ സംഭവിച്ചവയാണെന്നു കണ്ട് ഞങ്ങള്‍ വലിച്ചെറിഞ്ഞു. ഗുണനിലവാരമില്ലാത്തവ നല്‍കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ അഭയകേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിലും മോശം അവസ്ഥയിലുള്ള ഷൂ വിതരണം ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു.

കേടുവന്ന സാധനങ്ങള്‍ ദൈവത്തിന് നല്‍കുന്ന കാര്യത്തില്‍ യിസ്രായേല്യരും പാടുപെട്ടു. ദൈവം മലാഖി പ്രവാചകന്‍ മുഖാന്തരം സംസാരിച്ചപ്പോള്‍, കണ്ണുകാണാത്തവയും മുടന്തുള്ളതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നതില്‍ യിസ്രായേല്യരെ അവന്‍ ശാസിച്ചു (മലാഖി 1:6-8). അവന്‍ തന്റെ അതൃപ്തി പ്രഖ്യാപിക്കുകയും (വാ. 10), തന്റെ യോഗ്യത സ്ഥിരീകരിക്കുകയും തങ്ങള്‍ക്കുവേണ്ടി ഏറ്റവും നല്ലത് സൂക്ഷിച്ചതിന് യിസ്രായേല്യരെ ശാസിക്കുകയും ചെയ്തു (വാ. 14). എന്നാല്‍, സ്‌നേഹവും കൃപയും കൊണ്ട് അവരുടെ ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും അവനു പ്രസാദകരമായ വഴിപാടുകള്‍ കൊണ്ടുവരാനുള്ള അവരുടെ ആഗ്രഹത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്ന മശിഹായെ അയയ്ക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (3: 1-4).

ചില സമയങ്ങളില്‍, നമുക്കു ബാക്കിയാകുന്നവ ദൈവത്തിന് നല്‍കാന്‍ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. നാം അവനെ സ്തുതിക്കുകയും അവിടുന്ന് തനിക്കുള്ളതെല്ലാം നമുക്കു തരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദൈവം ചെയ്തതെല്ലാം പരിഗണിക്കുമ്പോള്‍, അവന്റെ യോഗ്യത ആഘോഷിക്കുന്നതിലും അവന് നമ്മുടെ ഏറ്റവും മികച്ചത് നല്‍കുന്നതിലും നമുക്ക് സന്തോഷിക്കാം.