കുടുംബത്തിനുള്ള ക്രിസ്തുമസ് സമ്മാനങ്ങള്‍ക്കായി താന്‍ അമിതമായി പണം ചെലവഴിക്കുന്നുവെന്ന് ഒരു അമ്മയ്ക്ക് തോന്നി, അതിനാല്‍ ഒരു വര്‍ഷം വ്യത്യസ്തമായ ഒന്ന് പരീക്ഷിക്കാന്‍ അവള് തീരുമാനിച്ചു. ക്രിസ്തുമസിനു കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, വിലകുറഞ്ഞതും ഉപയോഗിച്ചതുമായ ഇനങ്ങള്‍ക്കായി അവള് സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പനശാല സന്ദര്‍ശിച്ചു. അവള് പതിവിലും കൂടുതല്‍ വാങ്ങിയെങ്കിലും വളരെ കുറച്ചു പണം മാത്രമേ ചിലവായുള്ളു. ക്രിസ്തുമസ് രാവില്‍, അവളുടെ കുട്ടികള്‍ ആവേശത്തോടെ ഒന്നിനുപുറകേ ഒന്നായി സമ്മാനപ്പൊതികള്‍ തുറന്നു. അടുത്ത ദിവസവും കൂടുതല്‍ സമ്മാനങ്ങള്‍ ഉണ്ടായിരുന്നു! പുത്തന്‍ സമ്മാനങ്ങള്‍ നല്‍കാത്തതില്‍ അമ്മയ്ക്ക് കുറ്റബോധം തോന്നിയതിനാല്‍ ക്രിസ്തുമസ് രാവിലെയും കൂടുതല്‍ സമ്മാനങ്ങള്‍ അവള് ഒരുക്കിവെച്ചു. കുട്ടികള്‍ അവ തുറക്കാന്‍ തുടങ്ങിയെങ്കിലും വേഗം പരാതിപ്പെട്ടു, ”ഞങ്ങള്‍ സമ്മാനങ്ങള്‍ തുറന്നു മടുത്തു! മമ്മി ഞങ്ങള്‍ക്ക് വളരെയധികം തന്നു!” ഒരു ക്രിസ്തുമസ് പ്രഭാതത്തില്‍ കുട്ടികളില്‍ നിന്നു കേള്‍ക്കുന്ന സാധാരണ പ്രതികരണമായിരുന്നില്ല അത്!
ദൈവം നമുക്കു ധാരാളമായി നല്കി അനുഗ്രഹിച്ചിരിക്കുന്നു, എന്നിട്ടും നാം എപ്പോഴും കൂടുതല്‍ ലഭിക്കുന്നതിനായി ചോദിക്കുന്നതായി തോന്നുന്നു: കുറച്ചുകൂടി വലിയ ഒരു വീട്, ഒരു മികച്ച കാര്‍, ഒരു വലിയ ബാങ്ക് അക്കൗണ്ട്, അല്ലെങ്കില്‍ [വിട്ടുപോയ ഭാഗം പൂരിപ്പിക്കുക]. “ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല. ഉണ്ണുവാനും ഉടുക്കുവാനും ഉെണ്ടങ്കില്‍ മതി എന്ന് നാം വിചാരിക്കുക” എന്ന് തന്റെ സഭയിലെ ആളുകളെ ഓര്‍മ്മിപ്പിക്കാന്‍ പൗലൊസ് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ചു (1 തിമൊഥെയൊസ് 6:7-8).
നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു പുറമെ ദൈവം നമുക്കു ശ്വാസവും ജീവനും നല്കുന്നു. അവിടുത്തെ ദാനങ്ങള്‍ ആസ്വദിച്ച് സംതൃപ്തരാകുകയും, ‘അങ്ങു ഞങ്ങള്‍ക്ക് വളരെയധികം തന്നിരിക്കുന്നു. ഞങ്ങള്‍ക്ക് കൂടുതല്‍ ആവശ്യമില്ല’ എന്നു പറയുകയും ചെയ്യുന്നത് എത്ര ഉന്മേഷദായകമാണ്. ”അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു” (വാ. 6).
പിതാവേ, അങ്ങു ഞങ്ങളെ വളരെയധികം നല്കി അനുഗ്രഹിച്ചു. ഓരോ ദിവസവും നന്ദി പറയാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.
ഇന്ന് നിങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവത്തോടു നന്ദി പറയേണ്ടത്? നിങ്ങള്‍ക്ക് എങ്ങനെ സംതൃപ്തി പഠിക്കാന്‍ കഴിയും?