ഒരു ദിവസം രാവിലെ ഞാന്‍ എന്റെ വീടിനടുത്തുള്ള ഒരു കുളം സന്ദര്‍ശിച്ചു. കമഴ്ത്തിയിട്ട ഒരു വള്ളത്തില്‍ ഇരുന്ന്, സൗമ്യമായ ഒരു പടിഞ്ഞാറന്‍ കാറ്റ് വെള്ളത്തിന്റെ ഉപരിതലത്തിലുണ്ടായിരുന്ന മൂടല്‍മഞ്ഞിന്റെ ഒരു പാളിയെ ദൂരത്തേക്കു പറത്തുന്നത് വീക്ഷിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു. മൂടല്‍മഞ്ഞിന്റെ അടരുകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു ”ചുഴലിക്കാറ്റുകള്‍” മുകളിലേക്കുയര്‍ന്ന് നേര്‍ത്തുവന്നു. താമസിയാതെ, സൂര്യപ്രകാശം മേഘങ്ങളെ തുളച്ചപ്പോള്‍ മഞ്ഞ് അപ്രത്യക്ഷമായി.
ഈ രംഗം എന്നെ ആശ്വസിപ്പിച്ചു, കാരണം ഞാന്‍ തൊട്ടുമുമ്പു വായിച്ച ഒരു വാക്യവുമായി ഞാന്‍ അതിനെ ബന്ധിപ്പിച്ചു: ”ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ (പ്രഭാത മഞ്ഞുപോലെ) നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു” (യെശയ്യാവ് 44:22). ദിവസങ്ങളോളം എന്നെ അലട്ടിയിരുന്ന പാപകരമായ ചിന്തകളുടെ ഒരു ശ്രേണിയില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചത്. ഞാന്‍ അവയെ ഏറ്റുപറയുന്നുണ്ടെങ്കിലും, അതേ പാപം ആവര്‍ത്തിക്കുമ്പോള്‍ ദൈവം എന്നോട് ക്ഷമിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
അന്ന് രാവിലെ, ‘ഉവ്വ്’ എന്നാണ് ഉത്തരം എന്നെനിക്കു മനസ്സിലായി. വിഗ്രഹാരാധനയുടെ തുടര്‍മാനമായ പ്രശ്നവുമായി യിസ്രായേല്യര്‍ മല്ലിടുമ്പോള്‍ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കൃപ കാണിച്ചു. വ്യാജദൈവങ്ങളെ പിന്തുടരുന്നത് നിര്‍ത്താന്‍ അവന് അവരോട് പറഞ്ഞിട്ടുണ്ടെങ്കിലും, ദൈവം അവരെ തന്നിലേക്ക് മടങ്ങിവരാന്‍ ക്ഷണിക്കുകയും ചെയ്തു, ”ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന് തന്നേ; … ഞാന്‍ നിന്നെ മറന്നുകളയുകയില്ല’ (വാ. 21).
അത്തരത്തിലുള്ള പാപമോചനം എനിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവുന്നില്ല, എങ്കിലും നമ്മുടെ പാപത്തെ പൂര്‍ണ്ണമായും അലിയിച്ചുകളയുകയും അതില്‍ നിന്ന് നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം ദൈവകൃപയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവന്റെ കൃപ അവനെപ്പോലെതന്നേ അന്തമില്ലാത്തതും ദൈവികവുമാണെന്നും നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാണെന്നും ഉള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.
പ്രിയ ദൈവമേ, എന്റെ ജീവിതത്തിലെ അങ്ങയുടെ കൃപാകരമായ സാന്നിധ്യത്തിന് നന്ദി. പതിവായ പാപത്തില്‍ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ പാപം ഏറ്റുപറയുകയും അങ്ങ് അത് പൂര്‍ണ്ണമായും മായ്ക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാന്‍ എന്നെ സഹായിക്കണമേ.
ദൈവകൃപ ദുരുപയോഗം ചെയ്യുവാന്‍ സാധിക്കുന്നത് എങ്ങനെയാണ്? പാപകരമായ ശീലങ്ങളില്‍ നിന്ന് മുക്തമാകാനും അവന്റെ പാപമോചനം അനുഭവിക്കാനും നിങ്ങള്‍ക്ക് എന്ത് നടപടികളെടുക്കാനാകും?