ആരോ ഒരു പുതിയ നിയമം നല്‍കിയതിനുശേഷം ഡെന്നീസിന്റെ ജീവിതം രൂപാന്തരപ്പെട്ടു. അത് വായിക്കുന്നത് അവനെ ഹഠാദാകര്‍ഷിച്ചു, അത് അവന്റെ നിരന്തരമായ കൂട്ടാളിയായി. ആറുമാസത്തിനുള്ളില്‍, ജീവിതം മാറ്റിമറിക്കുന്ന രണ്ട് സംഭവങ്ങള്‍ അവന്റെ ജീവിതത്തിലുണ്ടായി. തന്റെ പാപങ്ങളുടെ മോചനത്തിനായി താന്‍ യേശുവില്‍ വിശ്വസിച്ചു. കഠിനമായ തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അവന് മസ്തിഷ്‌ക ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. താങ്ങാനാവാത്ത വേദന കാരണം അവന്‍ കിടപ്പിലായതിനാല്‍ ജോലിചെയ്യാന്‍ കഴിഞ്ഞില്ല. വേദനാജനകമായ, ഉറക്കമില്ലാത്ത ഒരു രാത്രിയില്‍ അവന്‍ ദൈവത്തോട് നിലവിളിച്ചു. ഒടുവില്‍ പുലര്‍ച്ചെ നാലരയോടെ അവന്‍ ഉറങ്ങി.
ശാരീരിക വേദന നമ്മെ ദൈവത്തോട് നിലവിളിക്കാന്‍ ഇടയാക്കും, എന്നാല്‍ കഠിനമായ മറ്റ് ജീവിത സാഹചര്യങ്ങളും അവങ്കലേക്ക് ഓടിച്ചെല്ലാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഡെന്നീസിന്റെ പോരാട്ട രാത്രിക്ക് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, നിരാശനായ യാക്കോബ് ദൈവത്തെ നേരിട്ടു (ഉല്പത്തി 32:24-32). യാക്കോബിനെ സംബന്ധിച്ചിടത്തോളം അത് പൂര്‍ത്തിയാകാത്ത കുടുംബ പ്രശ്‌നമായിരുന്നു. അവന്‍ തന്റെ സഹോദരനായ ഏശാവിനെ ദ്രോഹിച്ചു (അ. 27), പ്രതികാരം ആസന്നമായെന്ന് അവന്‍ ഭയപ്പെട്ടു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ദൈവത്തിന്റെ സഹായം തേടുന്നതിനിടയില്‍, യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടു (32:30). രൂപാന്തരപ്പെട്ട മനുഷ്യനായിട്ടാണ് അവന്‍ പുറത്തുവന്നത്.
ഡെന്നിസും അങ്ങനെ തന്നെ. പ്രാര്‍ത്ഥനയില്‍ ദൈവത്തോട് നിലവിളിച്ച ശേഷം, കിടപ്പിലായിരുന്ന ഡെന്നിസിന് എഴുന്നേറ്റു നില്‍ക്കാന്‍ കഴിഞ്ഞു. ഡോക്ടറുടെ പരിശോധനയില്‍ ട്യൂമറിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നമ്മെ അത്ഭുതകരമായി സുഖപ്പെടുത്തുന്നത് ദൈവം എപ്പോഴും തിരഞ്ഞെടുക്കുന്നില്ലെങ്കിലും, അവന്‍ എപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുവെന്നും നമ്മുടെ സാഹചര്യത്തിന് ആവശ്യമായത് നല്‍കുമെന്നും നമുക്ക് ഉറപ്പുണ്ട്. നമ്മുടെ പരിതാപകരമായ അവസ്ഥയില്‍ നാം ദൈവത്തോട് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നടത്തുകയും ഫലങ്ങള്‍ അവനു വിട്ടുകൊടുക്കുകയും ചെയ്യുന്നു!
പിതാവേ, ജീവിതത്തിലെ ബുദ്ധിമുട്ടുകളും വെല്ലുവിളികളും അങ്ങയെ പ്രാര്‍ത്ഥനയില്‍ അന്വേഷിക്കുന്നതിനും അങ്ങ് ആരാണെന്നുള്ള എന്റെ ഗ്രാഹ്യത്തില്‍ വളരുന്നതിനുമുള്ള അവസരങ്ങളാണെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിക്കണമേ.
പ്രാര്‍ത്ഥനയില്‍ ദൈവമുമ്പാകെ കൊണ്ടുവരാന്‍ നിങ്ങള്‍ മല്ലിടുന്ന വിഷയം എന്താണ്? സാഹചര്യം മാറ്റേണ്ടതില്ലെന്ന് അവിടുന്ന് തീരുമാനിക്കുമ്പോഴും നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതിന്റെ ചില ഗുണങ്ങള്‍ എന്തൊക്കെയാണ്?
