ശസ്ത്രക്രിയാനന്തരമുണ്ടായ പക്ഷാഘാതം ടോമിന്റെ സംസാരശേഷി നഷ്ടപ്പെടുത്തുകയും ഒരു നീണ്ട പുനരധിവാസ പ്രക്രിയയെ താന്‍ അഭിമുഖീകരിക്കേണ്ടിവരികയും ചെയ്തു. ആഴ്ചകള്‍ക്കുശേഷം, ഞങ്ങളുടെ സഭയിലെ താങ്ക്‌സ്ഗിവിംഗ് ശുശ്രൂഷയില്‍ അദ്ദേഹം കടന്നുവന്നപ്പോള്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടു. അദ്ദേഹം സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഞങ്ങള്‍ കൂടുതല്‍ ആശ്ചര്യപ്പെട്ടു. എന്താണ് പറയേണ്ടതെന്ന് അന്വേഷിച്ച്, അദ്ദേഹം വാക്കുകള്‍ ഉച്ചരിക്കുകയും സ്വയം ആവര്‍ത്തിക്കുകയും ദിവസങ്ങളും സമയവും തെറ്റിക്കുകയും ചെയ്തു. എന്നാല്‍ ഒരു കാര്യം വ്യക്തമായിരുന്നു: അദ്ദേഹം ദൈവത്തെ സ്തുതിക്കുകയായിരുന്നു! നിങ്ങളുടെ ഹൃദയം തകര്‍ക്കപ്പെടാനും അതേസമയം തന്നെ അനുഗ്രഹിക്കപ്പെടാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഒരു നിമിഷമായിരുന്നു അത്.

”ക്രിസ്തുമസ്-പൂര്‍വ്വ കഥ”യില്‍, സംസാരശേഷി നഷ്ടപ്പെട്ട ഒരാളെ നാം കണ്ടുമുട്ടുന്നു. ഗബ്രിയേല്‍ ദൂതന്‍ പുരോഹിതനായ സെഖര്യാവിനു പ്രത്യക്ഷപ്പെട്ടു, അവന്‍ ഒരു വലിയ പ്രവാചകന്റെ പിതാവാകുമെന്ന് അവനോട് പറഞ്ഞു (ലൂക്കൊസ് 1:11-17 കാണുക). സെഖര്യാവും ഭാര്യയും വൃദ്ധരായിരുന്നു, അതിനാല്‍ അവന്‍ അതിനെ സംശയിച്ചു. അപ്പോഴാണ് ഗബ്രിയേല്‍ ”അതു സംഭവിക്കും വരെ” അവന്‍ സംസാരിക്കയില്ലെന്ന് പറഞ്ഞത് (വാ. 20).

അന്ന് അതു സംഭവിച്ചു. അത്ഭുത ശിശുവിന് പേരിടാനുള്ള ചടങ്ങില്‍ സെഖര്യാവ് സംസാരിച്ചു. തന്റെ ആദ്യ വാക്കുകളാല്‍ അവന്‍ ദൈവത്തെ സ്തുതിച്ചു (വാ. 64). പിന്നെ അവന്‍ പറഞ്ഞു, ”യിസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍; അവന്‍ തന്റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്തു” (വാ. 68).

സെഖര്യാവിനെപ്പോലെ, തനിക്കു സംസാരിക്കാന്‍ കഴിഞ്ഞയുടനെ ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു ടോമിന്റെയും പ്രതികരണം. അവരുടെ നാവുകളും മനസ്സും നിര്‍മ്മിച്ചവന്റെ നേരെ അവരുടെ ഹൃദയം ചാഞ്ഞു. ഈ സീസണില്‍ നമ്മെ അഭിമുഖീകരിക്കുന്നതെന്താണെങ്കിലും, നമുക്കും അതേ രീതിയില്‍ പ്രതികരിക്കാന്‍ കഴിയും.