ഒരു രാത്രി ഞാന്‍ ഒരു മീറ്റിംഗിനായി ലണ്ടനിലായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു, ഞാന്‍ വൈകിയിരുന്നു. ഞാന്‍ തെരുവുകളിലൂടെ വേഗത്തില്‍ നടന്നു, ഒരു മൂലയില്‍ തിരിഞ്ഞു, എന്നിട്ട് നിശ്ചലമായി നിന്നു. ഡസന്‍ കണക്കിന് മാലാഖമാര്‍ റീജന്റ് സ്ട്രീറ്റിന് മുകളിലൂടെ സഞ്ചരിക്കുന്നു, അവരുടെ ഭീമാകാരമായ തിളങ്ങുന്ന ചിറകുകള്‍ ട്രാഫിക്കിലുടനീളം വ്യാപിച്ചിരിക്കുന്നു. ആയിരക്കണക്കിന് മിന്നുന്ന ലൈറ്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച, ഞാന്‍ കണ്ട ഏറ്റവും അത്ഭുതകരമായ ക്രിസ്തുമസ് പ്രദര്‍ശനം ആയിരുന്നു അത്. ഞാന്‍ മാത്രമല്ല ആകര്‍ഷിക്കപ്പെട്ടത്. നൂറുകണക്കിന് ആളുകള്‍ തെരുവില്‍ അണിനിരന്നു, ഭയഭക്തിയോടെ നോക്കിനിന്നു.

ക്രിസ്തുമസ് കഥയുടെ കേന്ദ്രത്തില്‍ ഭയഭക്തിയാണ് നിറഞ്ഞുനില്‍ക്കുന്നത്. മറിയ അത്ഭുതകരമായി ഗര്‍ഭം ധരിക്കുമെന്ന വാര്‍ത്തയുമായി ദൂതന്‍ അവള്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും (ലൂക്കൊസ് 1:26-38) യേശുവിന്റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് ഇടയന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടപ്പോഴും (2:8-20) ഓരോരുത്തരും ഭയത്തോടും അത്ഭുതത്തോടും കൂടെയാണ് – ഭയഭക്തിയോടെ – പ്രതികരിച്ചത്. റീജന്റ് സ്ട്രീറ്റീലെ ആ ആള്‍ക്കൂട്ടത്തെ ചുറ്റും നോക്കുമ്പോള്‍, ആദ്യത്തെ മാലാഖമാരുടെ പ്രത്യക്ഷതകളുടെ ഒരു ഭാഗം ഞങ്ങള്‍ അനുഭവിക്കുകയാണോ എന്ന് ഞാന്‍ ചിന്തിച്ചു.

ഒരു നിമിഷം കഴിഞ്ഞ്, ഞാന്‍ മറ്റൊന്നു കൂടി ശ്രദ്ധിച്ചു. ചില മാലാഖമാര്‍ കൈകള്‍ ഉയര്‍ത്തി, അവരും എന്തോ നോക്കുന്നതുപോലെ. യേശുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ആദ്യത്തെ മാലാഖ ഗായകസംഘം പെട്ടെന്നു ഗാനം ആലപിക്കാനാരംഭിച്ചതുപോലെ (വാ. 13-14), ഈ മാലാഖമാരും ഭയഭക്തി പൂണ്ടതുപോലെ തോന്നി.

പുത്രന്‍ ദൈവത്തിന്റെ ‘തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും” ആകുന്നു (എബ്രായര്‍ 1:3). തിളക്കവും പ്രകാശവുമുള്ളവനായ യേശു ഓരോ മാലാഖയുടെയും നോട്ടത്തിന്റെ കേന്ദ്രബിന്ദുവാണ് (വാ. 6). തിരക്കുള്ള ലണ്ടന്‍ നിവാസികളെ അവരുടെ വഴിയില്‍ തടഞ്ഞുനിര്‍ത്താന്‍ മാലാഖമാരുടെ പ്രമേയമുള്ള ക്രിസ്തുമസ് ഡിസ്‌പ്ലേയ്ക്ക് കഴിയുമെങ്കില്‍, നാം അവനെ മുഖാമുഖം കാണുന്ന നിമിഷത്തെക്കുറിച്ചു സങ്കല്‍പ്പിക്കുക.