പാസ്റ്റര്‍ ടിം കെല്ലര്‍ പറഞ്ഞു, ”അവര്‍ ആരാണെന്ന് പറഞ്ഞതുകൊണ്ട് ആരും ഒരിക്കലും പഠിക്കുന്നില്ല. അവര്‍ക്കു കാണിച്ചു കൊടുക്കണം.’ ഒരര്‍ത്ഥത്തില്‍, ”പ്രവൃത്തികള്‍ വാക്കുകളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുന്നു” എന്ന പഴഞ്ചൊല്ലിന്റെ ഒരു പ്രയോഗമാണിത്. ജീവിതപങ്കാളികള്‍ അവരുടെ കൂട്ടാളികളെ കേള്‍ക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നതിലൂടെ അവര്‍ അഭിനന്ദനാര്‍ഹരാണെന്ന് കാണിക്കുന്നു. മാതാപിതാക്കള്‍ മക്കളെ സ്‌നേഹപൂര്‍വ്വം പരിപാലിക്കുന്നതിലൂടെ തങ്ങള്‍ക്ക് അവര്‍ വിലപ്പെട്ടവരാണെന്നു കാണിക്കുന്നു. കോച്ചുകള്‍ അത്ലറ്റുകളുടെ വളര്‍ച്ചയ്ക്കായി നിക്ഷേപം നടത്തുന്നതിലൂടെ അവര്‍ക്കു കഴിവുണ്ടെന്ന് കാണിക്കുന്നു. അതേ നിലയില്‍, വ്യത്യസ്ത നിലയിലുള്ള ഒരു പ്രവൃത്തി, കൂടുതല്‍ ഇരുണ്ട സന്ദേശങ്ങള്‍ ആശയവിനിമയം ചെയ്യുന്ന വേദനാജനകമായ കാര്യങ്ങള്‍ ആളുകള്‍ക്കു കാണിച്ചുകൊടുക്കുന്നു.

പ്രപഞ്ചത്തിലെ എല്ലാ പ്രവൃത്തി-അധിഷ്ഠിത സന്ദേശങ്ങളിലും ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണം ഉണ്ട്. ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം ആരാണെന്ന് കാണിക്കേണ്ടിവരുമ്പോള്‍, ക്രൂശിലെ അവന്റെ പ്രവൃത്തികള്‍ക്ക് അപ്പുറത്തേക്കു നാം നോക്കേണ്ടതില്ല. റോമര്‍ 5:8-ല്‍ പൗലൊസ് എഴുതി, ”ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.’ നാം ആരാണെന്നു ക്രൂശ് കാണിച്ചുതരുന്നു: സ്വന്ത പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം അത്യധികമായി സ്‌നേഹിച്ചവര്‍! (യോഹന്നാന്‍ 3:16).

തകര്‍ന്ന സംസ്‌കാരത്തിലെ തകര്‍ന്ന ആളുകളുടെ സമ്മിശ്ര സന്ദേശങ്ങളുടയും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രവൃത്തികളുടെയും പശ്ചാത്തലത്തില്‍, ദൈവ ഹൃദയത്തിന്റെ സന്ദേശം വ്യക്തമായി മുഴങ്ങുന്നു. നിങ്ങള്‍ ആരാണ്? നിങ്ങളുടെ രക്ഷയ്ക്കായി ദൈവം തന്റെ പുത്രനെ നല്‍കുവാന്‍ തക്കവിധം ദൈവം അത്രയ്ക്കു സ്‌നേഹിച്ച വ്യക്തികള്‍. അവന്‍ നിങ്ങള്‍ക്കായി നല്‍കിയ വിലയും അവനെ സംബന്ധിച്ച് നിങ്ങള്‍ എത്രമാത്രം വിലപ്പെട്ടവരാണെന്ന യാഥാര്‍ത്ഥ്യവും കാണുക.