അര്‍ജന്റീനയുടെ വനിതാ ബാസ്ക്കറ്റ്ബോള്‍ ടീം തെറ്റായ യൂണിഫോം ധരിച്ച് ടൂര്‍ണമെന്റ് ഗെയിമിന് എത്തി. അവരുടെ നേവി ബ്ലൂ ജേഴ്സി കൊളംബിയയുടെ ഇരുണ്ട നീല ജേഴ്സികളുമായി വളരെ സാമ്യമുള്ളതായിരുന്നു, സന്ദര്‍ശക ടീം എന്ന നിലയില്‍ അവര്‍ വെള്ള യൂണിഫോം ധരിക്കേണ്ടതായിരുന്നു. മാറ്റി ധരിക്കാനുള്ള യൂണിഫോമുകള്‍ കണ്ടെത്താനും മാറ്റാനും സമയമില്ലാത്തതിനാല്‍ അവര്‍ക്ക് കളി ഉപേക്ഷിക്കേണ്ടിവന്നു. ഭാവിയില്‍, അര്‍ജന്റീന തീര്‍ച്ചയായും അവര്‍ എന്താണ് ധരിക്കാന്‍ പോകുന്നതെന്ന് രണ്ടുതവണ പരിശോധിക്കും.
സെഖര്യാ പ്രവാചകന്റെ കാലത്ത്, മഹാപുരോഹിതനായ യോശുവ മുഷിഞ്ഞതും ദുര്‍ഗ്ഗന്ധം വമിക്കുന്നതുമായ വസ്ത്രം ധരിച്ച് ദൈവസന്നിധിയില്‍ നില്ക്കുന്ന ഒരു ദര്‍ശനം ദൈവം അവനു കാണിച്ചുകൊടുത്തു. സാത്താന് പരിഹസിക്കുകയും വിരല്‍ ചൂണ്ടുകയും ചെയ്തു. അവന് അയോഗ്യനാണ്! കളി തീര്‍ന്നു! എന്നാല്‍ മാറ്റാന്‍ സമയമുണ്ടായിരുന്നു. ദൈവം സാത്താനെ ശാസിക്കുകയും യോശുവയുടെ വസ്ത്രങ്ങള്‍ നീക്കംചെയ്യാന്‍ തന്റെ ദൂതനോട് കല്പിക്കുകയും ചെയ്തു. അവന് യോശുവയുടെ നേരെ തിരിഞ്ഞു, ”ഞാന്‍ നിന്റെ അകൃത്യം നിന്നില്‍നിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും” (സെഖര്യാവ് 3:4).
ആദാമിന്റെ പാപത്തിന്റെ ദുര്‍ഗന്ധം ധരിച്ചാണ് നാം ഈ ലോകത്തിലേക്ക് കടന്നുവന്നത്, അതിന്റെമേല്‍ നമ്മുടെ സ്വന്തം പാപത്തിന്റെ പാളി കൂടെ ചേര്‍ത്തു. നമ്മുടെ വൃത്തികെട്ട വസ്ത്രങ്ങളില്‍ നാം തുടരുകയാണെങ്കില്‍, നമുക്ക് ജീവിത ഗെയിം നഷ്ടപ്പെടും. നമ്മുടെ പാപത്തോടു നമുക്കു വെറുപ്പ് തോന്നുകയും യേശുവിലേക്ക് തിരിയുകയും ചെയ്താല്‍, അവന് നമ്മുടെമേല്‍ തല മുതല്‍ പാദം വരെ തന്നെയും തന്റെ നീതിയും ധരിപ്പിക്കും. നാം സ്വയം പരിശോധിക്കാനുള്ള സമയമായി, നാം ആരെയാണ് ധരിച്ചിരിക്കുന്നത്?
”ദി സോളിഡ് റോക്ക്” എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ അവസാന സ്റ്റാന്‍സ, നമുക്ക് എങ്ങനെ വിജയിക്കാമെന്ന് വിശദീകരിക്കുന്നു. ”അവന് കാഹളനാദത്തോടെ വരുമ്പോള്‍ / ഓ, ഞാന്‍ എന്നെ അവനില്‍ കണ്ടെത്തട്ടെ; / അവന്റെ നീതിയാല്‍ മാത്രം ധരിപ്പിക്കപ്പെട്ട്, / സിംഹാസനത്തിന് മുമ്പില്‍ കളങ്കമെന്യേ നില്ക്കട്ടെ!
നിങ്ങള്‍ ആരെയാണ് ധരിച്ചിരിക്കുന്നത്? നിങ്ങളുടെ സ്വന്തം നന്മയിലാണോ അതോ യേശുവിലാണോ നിങ്ങള്‍ ആശ്രയിക്കുന്നത്? ദൈവവും മറ്റുള്ളവരും ഏതാണ് ശ്രദ്ധിക്കുവാന്‍ നിങ്ങളാഗ്രഹിക്കുന്നത്?
യേശുവേ, എന്റെ പാപം നീക്കാനും അങ്ങയുടെ നീതി എന്നെ ധരിപ്പിക്കുവാനും വഴി ഒരുക്കിയതിനു നന്ദി.