ക്യാപ്റ്റന്റെ ഗൗരവ ശബ്ദം മറ്റൊരു കാലതാമസം പ്രഖ്യാപിച്ചു. ഇതിനകം രണ്ടുമണിക്കൂറോളം അനങ്ങാതെ കിടന്ന ഒരു വിമാനത്തിലെ എന്റെ വിന്‍ഡോ സീറ്റില്‍ ഞെരുങ്ങിയിരുന്ന ഞാന്‍ നിരാശയോടെ കൈതിരുമ്മി. ഒരു നീണ്ട ആഴ്ചയിലെ ജോലിക്കുശേഷം, വീട്ടിലെ ആശ്വാസത്തിനും വിശ്രമത്തിനും ഞാന്‍ കൊതിച്ചു. ഇനി എത്ര സമയം? മഴത്തുള്ളി പൊതിഞ്ഞ ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍, റണ്‍വേകള്‍ കൂട്ടിമുട്ടുന്നിടത്തെ സിമന്റിന്റെ വിടവില്‍ പച്ചപ്പുല്ലിന്റെ ഒരു ഏകാന്ത ത്രികോണം വളരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കോണ്‍ക്രീറ്റ് പരപ്പിന്റെ നടുവില്‍ അതൊരു വിചിത്രമായ കാഴ്ചയായിരുന്നു.
പരിചയസമ്പന്നനായ ഒരു ഇടയനെന്ന നിലയില്‍, തന്റെ ആടുകള്‍ക്ക് പച്ച മേച്ചില്‍പ്പുറങ്ങളുടെ സ്വസ്ഥത നല്‍കേണ്ടതിന്റെ ആവശ്യകത ദാവീദിന് നന്നായി അറിയാമായിരുന്നു. 23-ാം സങ്കീര്‍ത്തനത്തില്‍, യിസ്രായേല്‍ രാജാവായി ജനത്തെ നയിക്കുന്ന ക്ഷീണിപ്പിക്കുന്ന നാളുകളില്‍ അവനെ മുന്നോട്ട് കൊണ്ടുപോകാനുതകുന്ന ഒരു പ്രധാന പാഠം അവന് എഴുതി.’യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്പുറങ്ങളില് അവന് എന്നെ കിടത്തുന്നു; … എന്റെ പ്രാണനെ അവന് തണുപ്പിക്കുന്നു’ (വാ. 1-3).
ഒരു എയര്‍പോര്‍ട്ട് റണ്‍വേയുടെ കോണ്‍ക്രീറ്റ് വനത്തില്‍, എന്റെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകുകയും സുഖസൗകര്യങ്ങളുടെയും വിശ്രമത്തിന്റെയും അഭാവം അനുഭവപ്പെടുകയും ചെയ്തപ്പോള്‍, എന്റെ നല്ല ഇടയനായ ദൈവം എന്റെ കണ്ണുകളെ പച്ചപ്പിന്റെ ഒരു തുരുത്തിലേക്ക് നയിച്ചു. അവനുമായുള്ള ബന്ധത്തില്‍, ഞാന്‍ എവിടെയായിരുന്നാലും അവന് നല്കുന്ന നിരന്തരമായ വിശ്രമം എനിക്ക് കണ്ടെത്താനാകും – ഞാന്‍ ശ്രദ്ധിക്കുകയും അതില്‍ പ്രവേശിക്കുകയും ചെയ്യുന്നുവെങ്കില്‍.
പാഠം കാലങ്ങളായി തുടരുന്നു: പച്ചപ്പിനായി തിരയുക. അതവിടെയുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവമുള്ളപ്പോള് നമുക്ക് ഒന്നിനും മുട്ടില്ല. പച്ചയായ പുല്പുറങ്ങളില് അവന് നമ്മെ കിടത്തുന്നു, നമ്മുടെ പ്രാണനെ അവന് തണുപ്പിക്കുന്നു.
ഇന്ന് നിങ്ങള്‍ക്ക് പച്ചപ്പിനായി എവിടെ നോക്കാനാകും? അസാധ്യമാണെന്ന് നിങ്ങള്‍ കരുതിയപ്പോള്‍ ദൈവം ഏതു വിധത്തിലാണ് വിശ്രമത്തിന്റെ ഒരു നിമിഷം നല്‍കിയത്?
സ്നേഹവാനായ ദൈവമേ, എന്റെ ഇടയനായിരിക്കുന്നതിനും എന്റെ ആത്മാവിനെ തണുപ്പിക്കുന്നതിനായി എന്നെ പച്ച മേച്ചില്‍പ്പുറങ്ങളില്‍ കിടത്തുന്നതിനും നന്ദി.