ഒരു മൂന്നു വയസ്സുകാരനായ കുട്ടി നീന്തല്‍ പഠിച്ചതേയുണ്ടായിരുന്നുള്ളു, ആ സമയത്താണ് അവന്‍ തന്റെ മുത്തച്ഛന്റെ വീടിനു പുറകിലെ നാല്പതടി ആഴമുള്ള കിണറിനു മുകളിലിട്ടിരുന്ന പഴകി ദ്രവിച്ച പ്ലൈവുഡ് മൂടിയില്‍ ചവിട്ടിയതും മൂടി തകര്‍ന്ന് അവന്‍ കിണറ്റിലേക്കു വീണതും. അവന്റെ പിതാവ് കിണറ്റിലിറങ്ങി രക്ഷപ്പെടുത്തുന്നതുവരെ പത്ത് അടി വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ അവനു കഴിഞ്ഞു. കുട്ടിയെ രക്ഷപ്പെടുത്താന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കയറുകള്‍ കൊണ്ടുവന്നുവെങ്കിലും പിതാവ് മകനെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നതിനാല്‍ അവന്‍ സുരക്ഷിതനാണെന്ന് ഉറപ്പുവരുത്താനായി അദ്ദേഹം വഴുക്കലുള്ള പാറകളില്‍ ചവിട്ടി താഴേക്കിറങ്ങിയിരുന്നു.

ഓ, ഒരു പിതാവിന്റെ സ്‌നേഹം! ഓ, നമ്മുടെ കുട്ടികള്‍ക്കായി നാം ഇറങ്ങിച്ചെല്ലുന്ന ദൂരം (ആഴവും)!

ദുരുപദേഷ്ടാക്കള്‍ തങ്ങള്‍ക്കു ചുറ്റും വട്ടമിടുന്നതിനിടയില്‍ വിശ്വാസത്തില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്ന ആദ്യകാല സഭയിലെ വിശ്വാസികള്‍ക്ക് എഴുതുമ്പോള്‍, അപ്പോസ്തലനായ യോഹന്നാന്‍ ജീവദായകമായ ഈ വാക്കുകള്‍ അവര്‍ക്കു നല്‍കി: ”കാണ്മിന്‍, നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്ക് എത്ര വലിയ സ്‌നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു!’ (1 യോഹന്നാന്‍ 3:1). യേശുവിലുള്ള വിശ്വാസികളെ ‘ദൈവത്തിന്റെ മക്കള്‍’ എന്ന് നാമകരണം ചെയ്യുന്നത് അവനില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധുത നല്‍കുന്ന ഒരു അടുപ്പമുള്ളതും നിയമപരവുമായ മുദ്രയിടലാണ്.

ഓ, ദൈവം തന്റെ മക്കള്‍ക്കായി ഇറങ്ങിച്ചെല്ലുന്ന ദൂരവും ആഴവും!

ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി മാത്രം ചെയ്യുന്ന ചില പ്രവൃത്തികളുണ്ട്- തന്റെ മകനെ രക്ഷിക്കാന്‍ പിതാവ് ഒരു കിണറ്റിലേക്ക് ഇറങ്ങിയതുപോലെ. നമ്മെ അവന്റെ ഹൃദയത്തോട് അടുപ്പിക്കാനും അവനോടൊപ്പമുള്ള ജീവിതത്തിലേക്ക് നമ്മെ യഥാസ്ഥാനപ്പെടുത്തുവാനും തന്റെ ഏകപുത്രനെ അയച്ചുതന്ന നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്റെ ആത്യന്തിക പ്രവൃത്തി പോലെ (വാ. 5-6).