എല്ലാ ദിനാന്ത്യത്തിലും ശവസംസ്‌കാര ചടങ്ങുകളിലും യുഎസ് സൈന്യം വായിക്കുന്ന ട്രമ്പറ്റ് കോളാണ് ”ടാപ്സ്.” അനൗദ്യോഗിക വരികള്‍ വായിച്ച് പല വരികളും അവസാനിക്കുന്നത് ‘ദൈവം അടുത്തിരിക്കുന്നു’ എന്ന വാക്യത്തോടെയാണ് എന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഓരോ രാത്രിയുടെയും ഇരുട്ടു വീഴുന്നതിനുമുമ്പായാലും പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ വിലപിക്കുന്ന സമയത്തായാലും ദൈവം അടുത്തുണ്ട് എന്ന മനോഹരമായ ഉറപ്പാണ് ഈ വരികള്‍ പടയാളികള്‍ക്കു വാഗ്ദാനം ചെയ്യുന്നത്.
പഴയനിയമത്തില്‍, ദൈവം അടുത്തുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു കാഹളങ്ങള്‍. ദൈവവും യിസ്രായേല്‍ ജനതയും തമ്മിലുള്ള ഉടമ്പടി കരാറിന്റെ ഭാഗമായ പെരുന്നാളുകളും ഉത്സവങ്ങളും ആഘോഷിക്കുന്നതിനിടയില്‍, യെഹൂദന്മാര്‍ ”കാഹളം മുഴക്കണം” (സംഖ്യാപുസ്തകം 10:10). കാഹളം ഊതുന്നത് ദൈവത്തിന്റെ സാന്നിധ്യത്തെ മാത്രമല്ല, അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവന്‍ ലഭ്യമാണെന്നതും അവരെ ഓര്‍മ്മപ്പെടുത്തി – അവരെ സഹായിക്കാന്‍ അവന്‍ ആഗ്രഹിച്ചു.
ദൈവം അടുത്തിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഇന്നും നമുക്ക് ആവശ്യമാണ്. നമ്മുടെ ആരാധനാരീതിയില്‍, നമുക്കും പ്രാര്‍ത്ഥനയിലൂടെയും പാട്ടിലൂടെയും ദൈവത്തെ വിളിക്കാം. ഒരുപക്ഷേ, നമ്മെ സഹായിക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുന്ന കാഹളങ്ങളായി നമ്മുടെ പ്രാര്‍ത്ഥനകളെ നമുക്കു കരുതാം. ആ കാഹളനാദത്തെ ദൈവം എപ്പോഴും കേള്‍ക്കുന്നു എന്നതാണ് നമുക്കുള്ള മനോഹരമായ പ്രോത്സാഹനം (1 പത്രൊസ് 3:12). ജീവിതത്തിലെ പ്രതിസന്ധികളിലും ദുഃഖങ്ങളിലും നമ്മെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന അവിടുത്തെ സാന്നിധ്യത്തിന്റെ ഉറപ്പോടെ നമ്മുടെ ഓരോ അപേക്ഷയോടും അവന്‍ പ്രതികരിക്കുന്നു.
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ എപ്പോഴാണ് സഹായത്തിനായുള്ള വിളിയായി തോന്നിയത്? ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ നിങ്ങളെ എങ്ങനെയാണ് പ്രോത്സാഹിപ്പിക്കുന്നത്?
സ്വര്‍ഗ്ഗീയ പിതാവേ, സഹായത്തിനായുള്ള എന്റെ വിളിയോട് അങ്ങ് പ്രതികരിക്കുകയും അങ്ങയുടെ ശക്തമായ സാന്നിധ്യത്തെയും സ്നേഹത്തെയും കുറിച്ച് ഉറപ്പുനല്‍കുകയും ചെയ്തതിന് നന്ദി.