റെബേക്കയുടെ സഹോദരനും സഹോദര ഭാര്യയും തമ്മില്‍ വിവാഹ പ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങിയപ്പോള്‍, അവരുടെ അനുരഞ്ജനത്തിനായി റെബേക്ക മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ വിവാഹമോചനം നേടി. തുടര്‍ന്ന് അവളുടെ നാത്തൂന് കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി, അവരുടെ അച്ഛന് എതിര്‍ത്തതുമില്ല. താന്‍ വളരെ സ്നേഹിച്ചിരുന്ന സഹോദരപുത്രിമാരെ റെബേക്ക പിന്നെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം അവള് പറഞ്ഞു, ”ഈ സങ്കടം സ്വന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിനാല്‍, എന്റെ ഹൃദയത്തില്‍ ഒരു കൈപ്പിന്റെ വേരു മുളയ്ക്കാന്‍ ഞാന്‍ അനുവദിച്ചു. അത് എന്റെ കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിക്കാന്‍ തുടങ്ങി.”
കൈപ്പിലേക്കു വളര്‍ന്ന ഒരു ദുഃഖം ഹൃദയത്തില്‍ കൊണ്ടുനടന്ന നൊവൊമി എന്ന സ്ത്രീയെക്കുറിച്ച് രൂത്തിന്റെ പുസ്തകം പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു അന്യദേശത്തു വെച്ചു മരിച്ചു, പത്തുവര്‍ഷത്തിനുശേഷം അവളുടെ രണ്ടു പുത്രന്മാരും മരിച്ചു. മരുമകളായ രൂത്തിനോടും ഒര്‍പ്പായോടും ഒപ്പം (1:3-5) അവള് നിരാലംബയായി. നൊവൊമിയും രൂത്തും നവോമിയുടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അവരെ കണ്ട് പട്ടണം മുഴുവനും ആവേശത്തിലായി. എന്നാല്‍ നൊവൊമി തന്റെ സുഹൃത്തുക്കളോട് പറഞ്ഞു: ”നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്വ്വശക്തന് എന്നോട് ഏറ്റവും കയ്പ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു’ (വാ. 20-21).
നിരാശയെ അഭിമുഖീകരിക്കാത്തതും അതു കൈപ്പിലേക്ക് മാറാനുള്ള പ്രലോഭനത്തെ നേരിടാത്തതുമായി ആരാണുള്ളത്? ആരെങ്കിലും വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുന്നു, ഒരു പ്രതീക്ഷ നിറവേറ്റുന്നില്ല, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നുള്ള ആവശ്യങ്ങള്‍ നമ്മെ നീരസപ്പെടുത്തുന്നു. നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മോടുതന്നെയും ദൈവത്തോടും സമ്മതിക്കുമ്പോള്‍, കയ്പുള്ള സത്തയുടെ വേരുകള്‍ കുഴിച്ചെടുക്കാന്‍ നമ്മുടെ ആര്‍ദ്രതയുള്ള തോട്ടക്കാരന് നമ്മെ സഹായിക്കാനാകും-അവ എത്ര ചെറുതാണെങ്കിലും അല്ലെങ്കില്‍ വര്‍ഷങ്ങളായി വളര്ന്നുകൊണ്ടിരിക്കുന്നതാണെങ്കിലും. അവയ്ക്കു പകരം മധുരവും സന്തോഷവും ഉള്ള ആത്മാവിനെ പകരാന്‍ അവനു കഴിയും.
ജീവിതത്തിന്റെ ഏത് മേഖലകളിലാണ് നിങ്ങള്‍ കൈപ്പുള്ളവനായി/ഉള്ളവളായി തീരാന്‍ പ്രേരിപ്പിക്കപ്പെടുന്നത്? ദൈവത്തിന്റെ സ്നേഹനിര്‍ഭരമായ പരിചരണം ആവശ്യമുള്ള എന്താണ് നിങ്ങളുടെ ഹൃദയത്തിനുള്ളില്‍ വളരുന്നത്?
ദൈവമേ, അവിടുന്ന് എല്ലായ്പ്പോഴും വെളിപ്പെടുത്തുന്ന ജീവിതത്തിലെ നന്മ കാണാന്‍ എന്നെ സഹായിക്കണമേ. അവിടുത്തേക്ക് അപമാനം വരുത്തുന്ന, എന്റെ ഹൃദയത്തിലെ കൈപ്പുള്ള വേരുകള്‍ പിഴുതു മാറ്റണമേ.