മേഘങ്ങള്‍ താണുവന്നു ചക്രവാളത്തെ മറയ്ക്കുകയും ഏതാണ്ടു നൂറു വാരയ്ക്കപ്പുറത്തുള്ള കാഴ്ചകളെ പരിമിതപ്പെടുത്തുകയും ചെയ്തു. സമയം ഇഴഞ്ഞുനീങ്ങി. എന്റെ മാനസികാവസ്ഥയെ അതു നിര്‍ണ്ണായകമായ നിലയില്‍ ബാധിച്ചു. പക്ഷേ, ഉച്ചകഴിഞ്ഞതോടുകൂടി മേഘങ്ങള്‍ വഴിമാറാന്‍ തുടങ്ങി: എന്റെ നഗരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന നാഴികക്കല്ലായ, നാലുവശത്തും ചുറ്റിയിരിക്കുന്ന മനോഹരമായ പര്‍വതങ്ങള്‍ ഞാന്‍ കണ്ടു. എന്റെ മുഖത്ത് ഒരു പുഞ്ചിരി പരന്നു. നമ്മുടെ ഭൗതിക വീക്ഷണം പോലും – നമ്മുടെ അക്ഷരീകമായ കാഴ്ച – നമ്മുടെ ആത്മീയ ദര്‍ശനത്തെ ബാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ”ഞാന്‍ എന്റെ കണ്ണു പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു” (സങ്കീര്‍ത്തനം 121:1) എന്നു സങ്കീര്ത്തനക്കാരന് പാടിയത് അതെന്നെ ഓര്‍മ്മപ്പെടുത്തി. ചില സമയങ്ങളില്‍ നമ്മുടെ കണ്ണുകള്‍ കുറച്ചുകൂടി ഉയര്‍ത്തേണ്ടതുണ്ട്!
തന്റെ സഹായം എവിടെ നിന്നാണു വരുന്നതെന്ന് സങ്കീര്ത്തനക്കാരന് ആലോചിച്ചു, ഒരുപക്ഷേ യിസ്രായേലിനു ചുറ്റുമുള്ള കുന്നിന്പുറങ്ങളില് വിജാതീയ ദേവന്മാര്ക്കുള്ള ബലിപീഠങ്ങള്‍ സ്ഥാപിച്ചിരുന്നതുകൊണ്ടോ പര്‍വതങ്ങളില്‍ പലപ്പോഴും കവര്‍ച്ചക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടോ ആയിരിക്കാം അത്. അല്ലെങ്കില്‍ സങ്കീര്ത്തനക്കാരന് കുന്നുകള്‍ക്കപ്പുറത്ത് ആലയം നിലകൊള്ളുന്ന സീയോന് പര്‍വതത്തിലേക്ക് നോക്കി, സ്വര്‍ഗ്ഗത്തെയും ഭൂമിയെയും സൃഷ്ടിച്ചവന് തന്റെ ഉടമ്പടി ദൈവമാണെന്ന് ഓര്‍മ്മിച്ചതുകൊണ്ടാകാം ഇങ്ങനെ പാടിയത് (വാ. 2). ഏതുവിധത്തിലായാലും, ആരാധനയ്ക്കായി നാം കണ്ണുകളുയര്‍ത്തി നോക്കണം. നമ്മുടെ സാഹചര്യങ്ങളേക്കാളും ഉയരത്തില്‍, നമ്മുടെ കഷ്ടതകളേക്കാളും പരീക്ഷണങ്ങളേക്കാളും ഉയരത്തില്‍, നമ്മുടെ കാലത്തെ വ്യാജദൈവങ്ങളുടെ ശൂന്യമായ വാഗ്ദാനങ്ങളേക്കാളും ഉയരത്തിലേക്കാണ് നാം കണ്ണുകള്‍ ഉയര്‍ത്തേണ്ടത്. അപ്പോള്‍ നമുക്ക് നമ്മെ പേര് ചൊല്ലി വിളിക്കുന്ന നമ്മുടെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായവനെ കാണാന്‍ കഴിയും. അവനാണ് നമ്മുടെ ”ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കുന്നത്” (വാ. 8).
ദൈവത്തെ കാണാനായി ഇന്നു നിങ്ങള്‍ക്ക് എങ്ങനെ നിങ്ങളുടെ സാഹചര്യങ്ങള്‍ക്കപ്പുറത്ത് ''മുകളിലേക്കു നോക്കാന്‍'' കഴിയും? നിങ്ങള്‍ക്ക് ശരിക്കും ആവശ്യമുള്ള സഹായത്തിനായി അവനെ വിളിച്ചാല്‍ അത് എങ്ങനെയിരിക്കും?
പ്രിയ പിതാവേ, അങ്ങ് - ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും എന്നെ കാക്കുന്നവനുമായ - സ്രഷ്ടാവും പരിപാലകനും ആയിരിക്കുന്നതിന് നന്ദി. അങ്ങയെ കാണാനും അങ്ങയില്‍ ആശ്രയിക്കുവാനും തക്കവണ്ണം എന്റെ കണ്ണുകള്‍ ഉയര്ത്തുവന് എന്നെ സഹായിക്കണമേ.