കഠിനമായ തണുപ്പുള്ള ഒരു ശീതകാല രാത്രിയില്‍ ഒരു യെഹൂദ ബാലന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ ആരോ ഒരു വലിയ കല്ലെറിഞ്ഞു. യെഹൂദന്മാരുടെ ദീപങ്ങളുടെ ഉത്സവമായ ഹനൂക്ക ആഘോഷിക്കുന്നതിനായി ഒരു നിലവിളക്കിനൊപ്പം ദാവീദിന്റെ ഒരു നക്ഷത്രവും ജനാലയില്‍ തൂക്കിയിരുന്നു. അമേരിക്കയിലെ ഈ കൊച്ചു പട്ടണത്തിലെ ആയിരക്കണക്കിന് ആളുകള്‍ – അവരില്‍ പലരും യേശുവില്‍ വിശ്വസിക്കുന്നവരായിരുന്നു – വിദ്വേഷകരമായ ഈ പ്രവൃത്തിയോട് മനസ്സലിവോടെ പ്രതികരിച്ചു. തങ്ങളുടെ യെഹൂദ അയല്‍വാസികളുടെ വേദനയോടും ഭയത്തോടും താദാത്മ്യപ്പെടുന്നതിനായി അവര്‍ സ്വന്തം ജാലകങ്ങളില്‍ നിലവിളക്കുകളുടെ ചിത്രങ്ങള്‍ ഒട്ടിച്ചു.
യേശുവിലുള്ള വിശ്വാസികളെന്ന നിലയില്‍ നമുക്കും വലിയ മനസ്സലിവു ലഭിക്കുന്നു. നമ്മുടെ രക്ഷകന് നമ്മോടു താദാത്മ്യപ്പെട്ടുകൊണ്ട് നമ്മുടെ ഇടയില്‍ ജീവിക്കാന്‍ തന്നെത്താന്‍ താഴ്ത്തി (യോഹന്നാന് 1:14). നമുക്കുവേണ്ടി, അവന്, ”ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു’ (ഫിലിപ്പിയര്‍ 2:6-7). എന്നിട്ട്, നമുക്ക് അനുഭവപ്പെടുന്നത് അനുഭവിക്കുകയും നാം കരയുന്നതുപോലെ കരയുകയും ചെയ്തുകൊണ്ട് നമ്മുടെ ജീവന് രക്ഷിക്കാന്‍ തന്റെ ജീവന് ബലിയര്‍പ്പിച്ചുകൊണ്ട് അവന് ക്രൂശില്‍ മരിച്ചു.
നാം എന്തിനോടു പോരാടുന്നുവോ അതൊന്നും നമ്മുടെ രക്ഷകന്റെ കരുതലിന് അതീതമല്ല. ആരെങ്കിലും നമ്മുടെ ജീവിതത്തില്‍ ”കല്ലുകള്‍ എറിയുന്നു” എങ്കില്‍, അവന് നമ്മെ ആശ്വസിപ്പിക്കുന്നു. ജീവിതം നിരാശാജനകമാണെങ്കില്‍, അവന് നമ്മുടെ നിരാശയില്‍ നമ്മോടൊപ്പം നടക്കുന്നു. ‘യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന് ദൂരത്തുനിന്ന് അറിയുന്നു’ (സങ്കീര്‍ത്തനം 138:6). നമ്മുടെ കഷ്ടതകളില്‍, അവന് നമ്മെ കാത്തുസൂക്ഷിക്കുന്നു, ”നമ്മുടെ ശത്രുക്കളുടെ കോപത്തിനും” (വാ. 7) നമ്മുടെ ആഴത്തിലുള്ള ഭയങ്ങള്‍ക്കും നേരെ കൈ നീട്ടുന്നു. ദൈവമേ, അങ്ങയുടെ മനസ്സലിവുള്ള സ്നേഹത്തിന് നന്ദി.
നിങ്ങളുടെ ജീവിതത്തിന്റെ ഏത് മേഖലകളിലാണ് നിങ്ങള്‍ക്ക് ദൈവത്തിന്റെ മനസ്സലിവ് വേണ്ടത്? അവന്റെ കരുതലും സ്നേഹവും മറ്റുള്ളവരോട് എങ്ങനെ കാണിക്കാന്‍ നിങ്ങള്‍ക്കു കഴിയും?
ദൈവമേ, എന്റെ പോരാട്ടങ്ങള്‍ മനസ്സിലാക്കിയതിനും സ്നേഹപൂര്‍വ്വം എന്നെ ആശ്വസിപ്പിച്ചതിനും ഞാന്‍ നന്ദി പറയുന്നു. അങ്ങയുടെ മനസ്സലിവ് മറ്റുള്ളവരുമായി പങ്കിടാന്‍ എന്നെ എപ്പോഴും ഓര്‍മ്മിപ്പിക്കണമേ.