2015-ല്‍ ലിന്‍-മാനുവല്‍ മിറാന്‍ഡ തന്റെ ഹിറ്റ് സംഗീതശില്പം ഹാമില്‍ട്ടണ്‍ എഴുതുന്നതുവരെ മിക്ക അമേരിക്കക്കാര്‍ക്കും അലക്‌സാണ്ടര്‍ ഹാമില്‍ട്ടനെക്കുറിച്ച് (ഒരു അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളും) വളരെ കുറച്ച് മാത്രമേ അറിയുമായിരുന്നുള്ളു. ഇപ്പോള്‍ അമേരിക്കയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹാമില്‍ട്ടന്റെ കഥ മനഃപാഠമാണ്. ബസ്സിലും വിശ്രമവേളയിലും അവര്‍ അതു പരസ്പരം പാടുന്നു.

സംഗീതത്തിന്റെ ശക്തി ദൈവത്തിന് അറിയാം, അതിനാല്‍ ”ഈ പാട്ട് എഴുതി യിസ്രായേല്‍മക്കളെ പഠിപ്പിക്കുക: യിസ്രായേല്‍മക്കളുടെ നേരെ ഈ പാട്ട് എനിക്ക് സാക്ഷിയായിരിക്കേണ്ടതിന് അത് അവര്‍ക്ക് വായ്പാഠമാക്കിക്കൊടുക്കുക” എന്ന് ദൈവം മോശയോട് പറഞ്ഞു (ആവര്‍ത്തനം 31:19). മോശെയുടെ കാലശേഷം, താന്‍ യിസ്രായേലിനെ വാഗ്ദത്ത ദേശത്തേക്ക് കൊണ്ടുവന്നുകഴിയുമ്പോള്‍, അവര്‍ തന്നോടു മത്സരിച്ച് അന്യദൈവങ്ങളെ ആരാധിക്കുമെന്ന് ദൈവം അറിഞ്ഞിരുന്നു. അതുകൊണ്ട് അവന്‍ മോശെയോടു പറഞ്ഞു, ”അവരുടെ സന്തതിയുടെ വായില്‍നിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരെ സാക്ഷ്യം പറയും’ (വാ. 21).

ഗാനങ്ങള്‍ മറക്കുക ഏതാണ്ട് അസാധ്യമാണ്, അതിനാല്‍ നമ്മള്‍ പാടുന്നത് എന്താണ് എന്നതിനെക്കുറിച്ച് ഒരു തിരഞ്ഞെടുപ്പു നല്ലതാണ്. ചില ഗാനങ്ങള്‍ വിനോദത്തിനായി മാത്രമുള്ളതാണ്, അത് നല്ലതാണ്, എന്നാല്‍ യേശുവില്‍ പ്രശംസിക്കുകയും നമ്മുടെ വിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങളില്‍ നിന്നാണ്് നമുക്കു പ്രയോജനം ലഭിക്കുന്നത്. ‘സമയം തക്കത്തില്‍ ഉപയോഗിക്കാനുള്ള’ വഴികളില്‍ ഒന്ന്് ‘സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ സംസാരിക്കുകയും’ ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങളുടെ ‘ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും’ മുമ്പോട്ടു പോകുക (എഫെസ്യര്‍ 5:15-19 കാണുക).

ഗാനങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ ദിശയെ സൂചിപ്പിക്കുന്നതാകാം. അതിലെ വാക്കുകള്‍ വളരെയധികം യേശുവിനെക്കുറിച്ചുള്ളതാണോ? നാം അവയെ പൂര്‍ണ്ണഹൃദയത്തോടെ പാടുന്നുണ്ടോ? നാം പാടുന്നത് നമ്മള്‍ വിശ്വസിക്കുന്നതിനെ സ്വാധീനിക്കും, അതിനാല്‍ വിവേകത്തോടെ തിരഞ്ഞെടുത്ത് ഉച്ചത്തില്‍ പാടുക.