”ഹൈവേയില്‍ കടക്കരുത്!” ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോള്‍ എന്റെ മകളില്‍ നിന്ന് ലഭിച്ച സന്ദേശമാണിത്. ഹൈവേ ഒരു വെര്‍ച്വല്‍ പാര്‍ക്കിംഗ് സ്ഥലമായി മാറിയിരുന്നു. ഞാന്‍ മറ്റു റൂട്ടുകള്‍ നോക്കാന്‍ തുടങ്ങി, പക്ഷേ മറ്റ് റോഡുകളിലെ ഗതാഗത തടസ്സം കണ്ടപ്പോള്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു. വീട്ടിലേക്കുള്ള യാത്ര ഉച്ചകഴിഞ്ഞാകാം എന്നു തീരുമാനിച്ച്, എന്റെ കൊച്ചുമകള്‍ കൂടി പങ്കെടുക്കുന്ന ഒരു അത്ലറ്റിക് മത്സരം കാണുന്നതിനായി ഞാന്‍ എതിര്‍ദിശയിലേക്ക് കാറോടിച്ചു.
ഒരു റോഡും എന്നെ വീട്ടിലേക്ക് നയിക്കില്ലെന്ന് കണ്ടെത്തിയത്, എല്ലാ പാതകളും ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് നയിക്കുന്നുവെന്ന് പറയുന്ന ആളുകളെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ദയയുടെയും നല്ല പെരുമാറ്റത്തിന്റെയും പാത നിങ്ങളെ അവിടെ എത്തിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. മറ്റുള്ളവര്‍ മതപരമായ കാര്യങ്ങള്‍ ചെയ്യുന്ന വഴി തിരഞ്ഞെടുക്കുന്നു.
എന്നിരുന്നാലും, ആ റോഡുകളെ ആശ്രയിക്കുന്നത് ഒരു അടഞ്ഞ അന്ത്യത്തിലേക്കു നയിക്കുന്നു. ദൈവത്തിന്റെ നിത്യസാന്നിധ്യത്തിലേക്ക് പോകാന്‍ ഒരു വഴി മാത്രമേയുള്ളൂ. ”ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല’ (യോഹന്നാന് 14:6). പിതാവിന്റെ ഭവനത്തില്‍ – അവിടുത്തെ സാന്നിധ്യത്തിലേക്കും ഇന്നും നിത്യതയിലും അവന് നല്കുന്ന യഥാര്‍ത്ഥ ജീവിതത്തിലേക്കും – പ്രവേശിക്കാനുള്ള വഴി തുറക്കുന്നതിനായി അവിടുന്ന് മരിക്കുമെന്ന് അവന് വെളിപ്പെടുത്തുകയായിരുന്നു.
ദൈവസാന്നിധ്യത്തിലേക്ക് നയിക്കാത്ത അടഞ്ഞ ഹൈവേകള്‍ ഒഴിവാക്കുക. പകരം, യേശുവിനെ രക്ഷകനായി വിശ്വസിക്കുക, കാരണം ”പുത്രനില്‍ വിശ്വസിക്കുന്നവന് നിത്യജീവന് ഉണ്ട്” (3:36). അവനില്‍ ഇതിനകം തന്നെ വിശ്വസിച്ചവര്‍, അവന് നല്കിയ വഴിയില്‍ വിശ്രമിക്കുക.
യേശുവിനു മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയൂ എന്ന് അറിയേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അവിടുത്തെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നതിനായി നമ്മുടെ ശ്രമങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ നാം പ്രലോഭിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?
പ്രിയ ദൈവമേ, നിത്യതയ്ക്കായി അങ്ങയില്‍ വിശ്വസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. യേശുവില്‍ മാത്രം കണ്ടെത്തിയ രക്ഷയ്ക്ക് നന്ദി.