23-ാം ആഴ്ചയില്‍ വളര്‍ച്ചയെത്താതെ ജനിച്ച, 245 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞു സെയ്ബി ജീവിക്കുമോയെന്ന് ഡോക്ടര്‍മാര്‍ക്കു സംശയമായിരുന്നു, അതവര്‍ മാതാപിതാക്കളോട് പറഞ്ഞു: അവര്‍ക്ക് മകളോടൊപ്പം ചിലവഴിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളൂ അേ്രത. എന്നിരുന്നാലും, സെയ്ബി പോരാട്ടം തുടര്‍ന്നു. അവളുടെ തൊട്ടിലിനടുത്തുള്ള ഒരു പിങ്ക് കാര്‍ഡില്‍ ”ചെറുതെങ്കിലും ശക്തം” എന്ന് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ അഞ്ചുമാസം കഴിഞ്ഞതിനുശേഷം, 2.260 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞായി സെയ്ബി വീട്ടിലേക്കു പോയി. ഒപ്പം അവള്‍ ഒരു ലോക റെക്കോര്‍ഡും നേടി: മരണത്തെ അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്.

പ്രതിബന്ധങ്ങളെ മറികടക്കുന്നവരുടെ കഥകള്‍ കേള്‍ക്കുന്നത് ശക്തമാണ്. ഈ കഥകളിലൊന്ന് ബൈബിള്‍ പറയുന്നു. ഇടയ ബാലനായ ദാവീദ്, ദൈവത്തെ നിന്ദിക്കുകയും യിസ്രായേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത മല്ലനായ ഗൊല്യാത്തിനെതിരെ പോരാടാന്‍ മുന്നോട്ടുവന്നു. ദാവീദ് പരിഹാസ്യനാകുമെന്ന് ശൗല്‍ രാജാവ് കരുതി: ”ഈ ഫെലിസ്ത്യനോടു ചെന്ന് അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു’ ( 1 ശമൂവേല്‍ 17:33). ബാലനായ ദാവീദ് യുദ്ധക്കളത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ ഗൊല്യാത്ത് ”നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും… ആയിരുന്നു’ (വാ. 42). എന്നിരുന്നാലും, ദാവീദ് ഒറ്റയ്ക്കല്ല യുദ്ധത്തിനു തുനിഞ്ഞത്. അവന്‍ ‘യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍’ ആണ് യുദ്ധത്തിനു പുറപ്പെട്ടത് (വാ. 45). പകല്‍ അസ്തമിക്കുന്നതിനുമുമ്പ്, വിജയിയായ ദാവീദ് മരിച്ച ഗൊല്യാത്തിനു മുകളില്‍ ഉയര്‍ന്നു നിന്നു.

എത്ര വലിയ പ്രശ്നമാണെങ്കിലും, ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ നാം ഭയപ്പെടേണ്ട കാര്യമില്ല. അവന്റെ ശക്തിയാല്‍, നാമും ശക്തരാണ്.