അവരുടെ ആദ്യജാതനായ മകന് ഓട്ടിസം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തിയ ശേഷം, ഒരു ബുദ്ധി വൈകല്യമുള്ള കുട്ടിയെ ആജീവനാന്തം പരിചരിക്കുന്നതിന്റെ വൈഷമ്യമോര്‍ത്ത് ഒരു യുവ ദമ്പതികള്‍ ദുഃഖിച്ചു. അണ്‍ബ്രോക്കണ്‍ ഫെയ്ത്ത് എന്ന തന്റെ പുസ്തകത്തില്‍, അവരുടെ പ്രിയപ്പെട്ട മകന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ക്രമീകരിക്കുന്നതിന് പാടുപെട്ടതായി അവള്‍ സമ്മതിക്കുന്നു. എന്നിട്ടും ഈ വേദനാജനകമായ പ്രക്രിയയിലൂടെ, അവരുടെ കോപവും സംശയങ്ങളും ഭയങ്ങളും കൈകാര്യം ചെയ്യാന്‍ ദൈവത്തിന് കഴിയുമെന്ന് അവര്‍ മനസ്സിലാക്കി. ഇപ്പോള്‍, അവരുടെ മകന്‍ പ്രായപൂര്‍ത്തിയായതോടെ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഡയാന തന്റെ അനുഭവങ്ങള്‍ ഉപയോഗിക്കുന്നു. ദൈവത്തിന്റെ തകര്‍ക്കാന്‍ കഴിയാത്ത വാഗ്ദത്തങ്ങളെക്കുറിച്ചും പരിധിയില്ലാത്ത ശക്തിയെക്കുറിച്ചും സ്‌നേഹമസൃണ വിശ്വസ്തതയെക്കുറിച്ചും അവള്‍ മറ്റുള്ളവരോട് പറയുന്നു. ഒരു സ്വപ്‌നം, ഒരു പ്രതീക്ഷ, ഒരു വഴി അല്ലെങ്കില്‍ ജീവിതത്തിലെ ഒരു കാലഘട്ടം നശിക്കുമ്പോള്‍ ദുഃഖിക്കാന്‍ അവിടുന്ന് അനുമതി നല്‍കുന്നുവെന്ന് അവള്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു.

യെശയ്യാവ് 26-ല്‍, ദൈവജനത്തിന് എന്നേക്കും കര്‍ത്താവില്‍ ആശ്രയിക്കാന്‍ കഴിയുമെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുന്നു. കാരണം യഹോവ ‘ശാശ്വതമായൊരു പാറ’ (വാ. 4) ആകുന്നു. ഏതു സാഹചര്യത്തിലും പ്രകൃത്യാതീതമായ സമാധാനത്തോടെ നമ്മെ നിലനിര്‍ത്താന്‍ അവനു കഴിയും (വാ. 12). അവന്റെ മാറ്റമില്ലാത്ത സ്വഭാവത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിഷമകരമായ സമയങ്ങളില്‍ അവനോട് നിലവിളിക്കുകയും ചെയ്യുന്നത് നമ്മുടെ പ്രത്യാശയെ പുനരുജ്ജീവിപ്പിക്കുന്നു (വാ. 15).

എന്തെങ്കിലും നഷ്ടമോ നിരാശയോ പ്രയാസകരമായ സാഹചര്യങ്ങളോ നാം അഭിമുഖീകരിക്കുമ്പോള്‍, തന്നോട് സത്യസന്ധത പുലര്‍ത്താന്‍ ദൈവം നമ്മെ ക്ഷണിക്കുന്നു. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ വികാരങ്ങളെയും ചോദ്യങ്ങളെയും കൈകാര്യം ചെയ്യാന്‍ അവനു കഴിയും. അവന്‍ നമ്മോടൊപ്പം ഇരിക്കുകയും നിലനില്‍ക്കുന്ന പ്രത്യാശയാല്‍ നമ്മുടെ ആത്മാക്കളെ പുതുക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതം തകര്‍ന്നടിയുന്നുവെന്ന് തോന്നുമ്പോഴും, നമ്മുടെ വിശ്വാസത്തെ തകര്‍ക്കാനാവാത്തതാക്കാന്‍ ദൈവത്തിന് കഴിയും.