ഗ്രീക്ക് സന്ദേശവാഹകനായിരുന്ന ഫെയ്ഡിപ്പിഡിസിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ആധുനിക മാരത്തോണ്‍. ഐതിഹ്യമനുസരിച്ച്, ബി.സി. 490-ല്‍ അദ്ദേഹം, തങ്ങളുടെ മുഖ്യശത്രുവായിരുന്ന പേര്ഷ്യക്കാരുടെമേല് ഗ്രീക്കുകാര്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ വാര്‍ത്തയറിയിക്കാന്‍ മാരത്തോണ്‍ മുതല്‍ ഏഥന്‍സ് വരെ ഏകദേശം ഇരുപത്തിയഞ്ച് മൈല്‍ (നാല്പത് കിലോമീറ്റര്‍) ഓടി. ഇന്ന്, ഒരു കായിക നേട്ടത്തിന്റെ വ്യക്തിപരമായ സംതൃപ്തിക്കായി ആളുകള്‍ മാരത്തോണുകള്‍ ഓടുന്നു, പക്ഷേ തന്റെ ശ്രമത്തിന് പിന്നില്‍ ഫെയ്ഡിപ്പിഡിസിന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു: അവന്റെ ഓരോ ചുവടും തന്റെ ബന്ധുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതിന്റെ സന്തോഷത്തിനായി പ്രവര്‍ത്തിച്ചു!
അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം, രണ്ടു സ്ത്രീകളും സദ്വാര്ത്ത – ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വാര്‍ത്ത – അറിയിക്കാനായി ഓടി. ക്രൂശിക്കപ്പെട്ടതിനുശേഷം യേശുവിനെ വെച്ചിരുന്ന കല്ലറയ്ക്കല്‍ മറിയയും മഗ്ദലന മറിയയും എത്തിയപ്പോള്‍, അത് ശൂന്യമായി കിടക്കുന്നത് അവര്‍ കണ്ടു. യേശു ‘മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു” എന്നും ”വേഗം പോയി ശിഷ്യന്മാരോട് പറയുക” എന്നും ഒരു ദൂതന് അവരോടു പറഞ്ഞു (മത്തായി 28:7). ‘ഭയത്തോടും മഹാസന്തോഷത്തോടും” കൂടി സ്ത്രീകള്‍, തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശിഷ്യന്മാരോട് പറയാന്‍ ഓടി (വാ. 8).
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് നമുക്കും അതേ സന്തോഷമുണ്ടാകട്ടെ, മറ്റുള്ളവരുമായി സുവാര്‍ത്ത പങ്കുവെക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ രക്ഷകനെക്കുറിച്ച് അറിയേണ്ട ഒരാളെ കണ്ടെത്താന്‍ അടുത്തുള്ള വീടിനേക്കാള്‍ കൂടുതല്‍ ദൂരം നാം ”ഓടേണ്ട” ആവശ്യമില്ല. മരണത്തിനെതിരായ യുദ്ധത്തില്‍ അവന് വിജയിച്ചു, അതിനാല്‍ നാം അവനോടൊപ്പം എന്നേക്കും വിജയികളായി ജീവിക്കും!
ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സുവിശേഷം നിങ്ങളുമായി പങ്കിട്ടതാരാണ്? ഇന്ന് നിങ്ങള്‍ ഇത് മറ്റുള്ളവരുമായി എങ്ങനെ പങ്കിടും?
ദൈവമേ, മരണത്തിനെതിരായ അങ്ങയുടെ വിജയം നിമിത്തം ഞാന്‍ സന്തോഷിക്കുന്നു. എന്റെ ജീവിതത്തില്‍ അങ്ങു തന്നിട്ടുള്ളവരുമായി ഈ സന്തോഷവാര്‍ത്ത പങ്കിടാനുള്ള പദവി എനിക്കു തന്നതിന് നന്ദി.