ലെബനനിലെ രൂക്ഷമായ ആഭ്യന്തര യുദ്ധകാലത്ത് അഞ്ചുവര്‍ഷം ബന്ദിയാക്കപ്പെട്ട ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനായ ജോണ്‍ മക്കാര്‍ത്തി, തന്റെ വിടുതലിനായി മധ്യസ്ഥശ്രമങ്ങള്‍ നടത്തിയ മനുഷ്യനെ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷമാണ് കണ്ടുമുട്ടിയത്. ഒടുവില്‍ യുഎന്‍ പ്രതിനിധിയായ ജിയാന്‍ഡോമെനിക്കോ പിക്കോയെ കണ്ടപ്പോള്‍ മക്കാര്‍ത്തി പറഞ്ഞു, ”എന്റെ സ്വാതന്ത്ര്യത്തിന് നന്ദി!” ആ ഹൃദയംഗമമായ വാക്കുകള്‍ വളരെയധികം അര്‍ത്ഥവത്തായിരുന്നു.
കാരണം പിക്കോ സ്വന്തം ജീവന് പണയപ്പെടുത്തിയാണ് മക്കാര്‍ത്തിക്കും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി അപകടകരമായ ചര്‍ച്ചകള്‍ നടത്തിയത്.
വിശ്വാസികളായ നമുക്ക് കഠിനാധ്വാനത്തിലൂടെ നേടിയ അത്തരം സ്വാതന്ത്ര്യത്തോടു നമ്മെ ബന്ധിപ്പിക്കാന്‍ കഴിയും. നാം ഉള്‍പ്പെടെ എല്ലാ ആളുകള്‍ക്കും ആത്മീയ സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനായി യേശു തന്റെ ജീവിതം നല്കി – ഒരു റോമന്‍ ക്രൂശില്‍ മരണം വരിച്ചു. ”സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി” എന്ന് അപ്പൊസ്തലനായ പൗലൊസ് ധൈര്യത്തോടെ പ്രഖ്യാപിച്ചു (ഗലാത്യര്‍ 5:1).
‘പുത്രന് നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍, നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും’ എന്നു രേഖപ്പെടുത്തിക്കൊണ്ട് യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിലുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും പഠിപ്പിക്കുന്നു (യോഹന്നാന് 8:36).
എന്നാല്‍ ഏതെല്ലാം നിലകളിലാണ് സ്വാതന്ത്ര്യം? പാപത്തില്‍ നിന്നും അതിന്റെ എല്ലാ കെട്ടുപാടുകളില്‍നിന്നും മാത്രമല്ല, കുറ്റബോധം, ലജ്ജ, ഉത്കണ്ഠ, സാത്താന്റെ നുണകള്‍, അന്ധവിശ്വാസങ്ങള്‍, തെറ്റായ പഠിപ്പിക്കലുകള്‍, നിത്യമരണം എന്നിവയില്‍ നിന്നും യേശുവില്‍ നാം സ്വാതന്ത്ര്യം അനുഭവിക്കുന്നു. മേലില്‍ നാം ബന്ദികളായിരിക്കുന്നില്ല, ശത്രുക്കളോട് സ്നേഹം കാണിക്കാനും ദയയോടെ നടക്കാനും പ്രതീക്ഷയോടെ ജീവിക്കാനും അയല്‍ക്കാരെ സ്നേഹിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനെ നാം പിന്തുടരുമ്പോള്, നാം ക്ഷമിക്കപ്പെട്ടതുപോലെ നമുക്ക് ക്ഷമിക്കാനും കഴിയും.
ഇതിനെല്ലാം, ഇന്ന് നമുക്ക് ദൈവത്തിന് നന്ദി പറയാം. മറ്റുള്ളവരും അവന്റെ സ്വാതന്ത്ര്യത്തിന്റെ ശക്തി അറിയേണ്ടതിന് നമുക്ക് സ്നേഹിക്കാം.
ഏത് ആത്മീയ ചങ്ങലകളാണ് നിങ്ങളെ ഇപ്പോഴും ബന്ദിയാക്കിയിരിക്കുന്നത്? നിങ്ങള്‍ ആ ചങ്ങലകള്‍ കര്ത്താവിന് വിട്ടുകൊടുക്കുമ്പോള്‍, നിങ്ങളെ മോചിപ്പിച്ചതിന് ദൈവത്തിന് നന്ദി പറയാന്‍ നിങ്ങള്‍ എന്ത് വാക്കുകളായിരിക്കും ഉപയോഗിക്കുക?
വിടുവിക്കുന്ന പ്രിയപ്പെട്ട ദൈവമേ, ആത്മീയ മരണത്തില്‍ നിന്ന് എന്നെ മോചിപ്പിച്ച് സ്നേഹത്തിലേക്ക് എന്നെ തുറന്നുവിട്ടതിന്, എന്റെ സ്വാതന്ത്ര്യത്തിന് നന്ദി.