വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്റ് കള്‍ച്ചറില്‍, അടിമത്തത്തിന്റെ പരുഷമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പര്യവേക്ഷണം നടത്താന്‍ സഹായിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കരകൗശല വസ്തുക്കളും നിറഞ്ഞിരിക്കുന്നു. ശാന്തമായ ഈ മുറിയില്‍ വെങ്കല ഗ്ലാസിന്റെ അര്‍ദ്ധസുതാര്യമായ ഭിത്തികള്‍ ഉണ്ട്, കൂടാതെ സീലിംഗില്‍ നിന്ന് ഒരു കുളത്തിലേക്ക് വെള്ളം പെയ്യുന്നതായി തോന്നുന്നു.

ശാന്തത നിറഞ്ഞ ആ സ്ഥലത്ത് ഞാന്‍ ഇരിക്കുമ്പോള്‍, ചുവരില്‍ തൂക്കിയിരിക്കുന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ഒരു ഉദ്ധരണി എന്റെ ശ്രദ്ധ പിടിച്ചുപറ്റി: ”ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകുന്നതുവരെ …. പ്രവര്‍ത്തിക്കാനും പോരാടാനും ഞങ്ങള്‍ ദൃഢനിശ്ചയമുള്ളവരാണ്.’ ആമോസിന്റെ പഴയനിയമ പുസ്തകത്തില്‍ നിന്നാണ് ഈ ശക്തമായ വാക്കുകള്‍ വരുന്നത്.

ഉത്സവങ്ങള്‍ ആഘോഷിക്കുക, യാഗങ്ങള്‍ അര്‍പ്പിക്കുക തുടങ്ങിയ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ജനതയ്ക്കിടയില്‍ ജീവിച്ചിരുന്ന ഒരു പ്രവാചകനായിരുന്നു ആമോസ്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയായിരുന്നു (ആമോസ് 5:21-23). ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള അവന്റെ കല്പനകളില്‍ നിന്ന് പിന്തിരിയാന്‍ അവയെ അവര്‍ ഉപയോഗിച്ചതുകൊണ്ട് ദൈവം അവരുടെ യാഗങ്ങളെ നിരസിച്ചു.

ദൈവത്തോടും മറ്റുള്ളവരോടും സ്നേഹമില്ലാത്ത മതപരമായ ചടങ്ങുകള്‍ക്കുപകരം, എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായുള്ള ആത്മാര്‍ത്ഥമായ താത്പര്യം പ്രകടിപ്പിക്കാന്‍ ദൈവം തന്റെ ജനത്തെക്കുറിച്ച് ആഗ്രഹിക്കുന്നുവെന്ന് ആമോസ് എഴുതി – ഉദാരമായ ഒരു ജീവിതരീതി, അത് ഒഴുകുന്നിടത്തെല്ലാം ജീവന്‍ നല്‍കുന്ന ശക്തമായ നദിയായിരിക്കും.

ദൈവത്തെ സ്‌നേഹിക്കുന്നത് നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അതേ സത്യം യേശു പഠിപ്പിച്ചു (മത്തായി 22:37-39). നാം ദൈവത്തെ സ്‌നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍, അതു നീതിയെ വിലപ്പെട്ടതായി കരുതുന്ന ഒരു ഹൃദയത്തില്‍നിന്നായിരിക്കട്ടെ.