സുവിശേഷത്തിനു വാതില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഒരു രാജ്യത്താണ് ആന്‍ഡ്രൂ ജീവിക്കുന്നത്. എങ്ങനെയാണ് അദ്ദേഹം തന്റെ വിശ്വാസം രഹസ്യമായി സൂക്ഷിക്കുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ ചെയ്യുന്നില്ല എന്നദ്ദേഹം പറഞ്ഞു. തന്റെ സഭയെ പരസ്യപ്പെടുത്തുന്ന ഒരു ബട്ടണ്‍ അദ്ദേഹം ധരിക്കുന്നു, അറസ്റ്റുചെയ്യുമ്പോഴെല്ലാം ”അവര്‍ക്കും യേശുവിനെ ആവശ്യമുണ്ട്” എന്ന് പോലീസിനോട് അദ്ദേഹം പറയുന്നു. തന്റെ പക്ഷത്ത് ആരാണുള്ളതെന്ന് അറിയാവുന്നതിനാല്‍ ആന്‍ഡ്രൂവിന് ധൈര്യമുണ്ട്.

അവനെ അറസ്റ്റുചെയ്യാന്‍ യിസ്രായേല്‍ രാജാവ് അമ്പത് സൈനികരെ അയച്ചപ്പോള്‍ ഏലീയാവ് ഭയപ്പെട്ടില്ല (2 രാജാക്കന്മാര്‍ 1:9). ദൈവം തന്നോടൊപ്പമുണ്ടെന്ന് പ്രവാചകന് അറിയാമായിരുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നു തീയിറക്കി അവന്‍ അവരെ നശിപ്പിച്ചു. രാജാവ് കൂടുതല്‍ പട്ടാളക്കാരെ അയച്ചു, ഏലീയാവ് അവരെയും നശിപ്പിച്ചു (വാ. 12). രാജാവ് മൂന്നാമതും പടയാളികളെ അയച്ചെങ്കിലും അവര്‍ മുമ്പത്തെ പടയാളികള്‍ക്കു സംഭവിച്ച കാര്യം കേട്ടിരുന്നു. തന്റെ സൈനികരുടെ ജീവന്‍ രക്ഷിക്കണമെന്ന് ക്യാപ്റ്റന്‍ ഏലീയാവിനോട് അപേക്ഷിച്ചു. ഏലീയാവ് അവരെ ഭയപ്പെട്ടതിനേക്കാള്‍ അധികം അവര്‍ അവനെ ഭയപ്പെട്ടിരുന്നു, അതിനാല്‍ അവരോടൊപ്പം പോകുന്നത് സുരക്ഷിതമാണെന്ന് കര്‍ത്താവിന്റെ ദൂതന്‍ ഏലീയാവിനോട് പറഞ്ഞു (വാ. 13-15).

നമ്മുടെ ശത്രുക്കളുടെ മേല്‍ തീയിടാന്‍ നാം പ്രാര്‍ത്ഥിക്കണമെന്ന് യേശു ആഗ്രഹിക്കുന്നില്ല. ഒരു ശമര്യ ഗ്രാമത്തെ തീയിറക്കി നശിപ്പിക്കട്ടെ എന്ന് ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ യേശു അവരെ ശാസിച്ചു (ലൂക്കൊസ് 9:51-55). നാം മറ്റൊരു സമയത്താണ് ജീവിക്കുന്നത്. എന്നാല്‍ ഏലീയാവിന്റെ ധൈര്യം നമുക്കുണ്ടാകണമെന്ന് യേശു ആഗ്രഹിക്കുന്നു – അവര്‍ക്കുവേണ്ടി മരിച്ച രക്ഷകനെക്കുറിച്ച് എല്ലാവരോടും പറയാനുള്ള ധൈര്യം. ഒരു വ്യക്തി അമ്പത് പേരെ നേരിടുന്നതായി തോന്നാം, പക്ഷേ യഥാര്‍ത്ഥത്തില്‍ ഒന്ന് അമ്പതിനു തുല്യമാണ്. നാം ധൈര്യത്തോടെ സ്‌നേഹിക്കാനും മറ്റുള്ളവരെ സമീപിക്കാനും ആവശ്യമായ കാര്യങ്ങള്‍ യേശു നല്‍കുന്നു.