ഉള്ളിലെ പ്രശ്നം
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞങ്ങളുടെ വീടിന്റെ വശത്ത് ഒരു മരംകൊത്തി കൊത്താന്‍ തുടങ്ങി. പ്രശ്നം ബാഹ്യമാണെന്ന് ഞങ്ങള്‍ കരുതി. അങ്ങനെയിരിക്കെ ഒരു ദിവസം, ഞാനും മകനും ഒരു കോവണിയിലൂടെ തട്ടിന്‍പുറത്തേക്കു കയറി, പെട്ടെന്നു ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഒരു പക്ഷി ഞങ്ങളുടെ മുഖത്ത് മുട്ടിയുരുമ്മി പറന്നുപോയി. പ്രശ്നം ഞങ്ങള്‍ സംശയിച്ചതിനെക്കാള് ഗുരുതരമായിരുന്നു: അതു ഞങ്ങളുടെ വീടിന്റെ ഉള്ളിലായിരുന്നു.
യേശു യെരൂശലേമില്‍ എത്തിയപ്പോള്‍, അവന് തങ്ങളുടെ ബാഹ്യപ്രശ്നം - റോമാക്കാരുടെ ആധിപത്യ ഭരണം - പരിഹരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. ''ദാവീദ് പുത്രനു ഹോശന്നാ: കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ!' എന്നവര്‍ ആര്‍പ്പിട്ടു (മത്തായി 21:9). ഈ നിമിഷമാണ് അവര്‍ കാത്തിരുന്നത്; ദൈവത്തിന്റെ നിയുക്ത രാജാവ് വന്നിരിക്കുന്നു. ദൈവം തിരഞ്ഞെടുത്ത വിമോചകന് കാര്യങ്ങള്‍ പരിഷ്കരിക്കാന്‍ തുടങ്ങുകയാണെങ്കില്‍, പുറമേയുള്ള എല്ലാ കുഴപ്പങ്ങളും തിരുത്തിക്കൊണ്ടല്ലേ അവന് ആരംഭിക്കുന്നത്? എന്നാല്‍ മിക്ക സുവിശേഷ വിവരണങ്ങളിലും, ''വിജയകരമായ പ്രവേശന''ത്തിന് ശേഷം യേശു ചൂഷകരായ പണമിടപാടുകാരെ പുറത്താക്കുന്നു. . . ദൈവാലയത്തില്‍ നിന്ന് (വാ. 12-13). അവന് ആലയം വൃത്തിയാക്കുകയായിരുന്നു, അകത്തു നിന്ന്.
യേശുവിനെ രാജാവായി സ്വാഗതം ചെയ്യുമ്പോള്‍ സംഭവിക്കുന്നത് അതാണ്; അവന് കാര്യങ്ങള്‍ ശരിയാക്കാന്‍ വരുന്നു - അവന് നമ്മില്‍ നിന്ന് ആരംഭിക്കുന്നു. ഉള്ളിലെ തിന്മയെ നേരിടാന്‍ അവന് നമ്മെ പ്രേരിപ്പിക്കുന്നു. അവന്റെ സമാധാനം അനുഭവിക്കാന്‍ നമുക്കു കഴിയേണ്ടതിന് നമ്മുടെ രാജാവായ യേശുവിന് നാം നിരുപാധികം സമര്‍പ്പിക്കാന്‍ അവന് ആവശ്യപ്പെടുന്നു.
അലകളുടെ പ്രഭാവം
ഉത്തര ഘാനയിലെ (ആഫ്രിക്ക) ചെറിയ ബൈബിള്‍ കോളേജ് ആകര്‍ഷണീയമായ ഒന്നായിരുന്നില്ല - തകര ഷീറ്റിന്റെ മേല്‍ക്കൂരയുള്ള ഒരു നീണ്ട കെട്ടിടവും ഒരു പിടി വിദ്യാര്‍ത്ഥികളും. എന്നിട്ടും ബോബ് ഹെയ്സ് തന്റെ ജീവിതം ആ വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്നു. ചിലപ്പോഴൊക്കെ അവര്‍ വിമുഖത കാണിച്ചിട്ടും അദ്ദേഹം അവര്‍ക്ക് നേതൃപദവികള്‍ നല്കി, പ്രസംഗിക്കാനും പഠിപ്പിക്കാനും അവരെ പ്രോത്സാഹിപ്പിച്ചു. ബോബ് വര്‍ഷങ്ങള്‍ക്കുമുമ്പ് അന്തരിച്ചു, പക്ഷേ ഡസന്‍ കണക്കിന് സഭകളും സ്കൂളുകളും പുതിയ രണ്ട് ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഘാനയില്‍ ഉടനീളം വളര്‍ന്നു - എല്ലാം ആരംഭിച്ചത് ആ എളിയ സ്കൂളിലെ ബിരുദധാരികളാണ്.
അര്‍ത്ഥഹ്ശഷ്ടാ രാജാവിന്റെ (ബി.സി. 465-424 ) ഭരണകാലത്ത്, എസ്രാ എന്ന ശാസ്ത്രി യെഹൂദ പ്രവാസികളെ കൂട്ടിവരുത്തി യെരുശലേമിലേക്ക് മടങ്ങി. അവരുടെ ഇടയില്‍ ലേവ്യരെ കണ്ടെത്താന്‍ എസ്രായ്ക്കു കഴിഞ്ഞില്ല (എസ്രാ 8:15). പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യാന്‍ അവന് ലേവ്യരെ ആവശ്യമായിരുന്നു. അതുകൊണ്ട് ''ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കല്‍ കൊണ്ടുവരേണ്ടതിന്'' അവന് നേതാക്കളെ നിയോഗിച്ചു (വാ. 17). അവര്‍ അങ്ങനെ ചെയ്തു (വാ. 18-20), എസ്രാ എല്ലാവരെയും ഉപവാസത്തിലേക്കും പ്രാര്‍ത്ഥനയിലേക്കും നയിച്ചു (വാ. 21).
എസ്രാ എന്ന പേരിന്റെ അര്‍ത്ഥം ''സഹായി'' എന്നാണ്, നല്ല നേതൃത്വത്തിന്റെ ഹൃദയഭാഗത്ത് വസിക്കുന്ന ഒരു സ്വഭാവമാണിത്. എസ്രായുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ മാര്‍ഗ്ഗനിര്‍ദേശപ്രകാരം, അവനും അവന്റെ കൂട്ടാളികളും യെരുശലേമില്‍ ആത്മീയ ഉണര്വ്വിനു കാരണമായി (9-10 അധ്യായങ്ങള്‍ കാണുക). അവര്‍ക്ക് വേണ്ടത് അല്പം പ്രോത്സാഹനവും വിവേകപൂര്‍ണ്ണമായ മാര്‍ഗ്ഗനിര്‍ദേശവുമായിരുന്നു.
ദൈവത്തിന്റെ സഭയും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. നല്ല ഉപദേഷ്ടാക്കള്‍ നമ്മെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്കും അത് ചെയ്യാന്‍ നാം ആഗ്രഹിക്കും. അത്തരമൊരു സ്വാധീനം നമ്മുടെ ജീവിതകാലത്തിനപ്പുറത്തേക്ക് എത്തും. ദൈവത്തിനുവേണ്ടി വിശ്വസ്തതയോടെ ചെയ്ത പ്രവൃത്തി നിത്യതയിലേക്കു വ്യാപിക്കുന്നു.
സകലവും സമര്‍പ്പിക്കുന്നു
യേശുവിനുവേണ്ടി മറ്റുള്ളവരെ സേവിക്കുന്നതിനായി കലാരംഗത്തെ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ദൈവം തങ്ങളെ വിളിച്ചതെന്ന് അവര്‍ വിശ്വസിച്ചയിടത്ത് ശുശ്രൂഷിക്കാന്‍ സ്വയം സമര്‍പ്പിച്ച രണ്ടുപേര്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ജെയിംസ് ഒ. ഫ്രേസര്‍ (1886-1938), ചൈനയിലെ ലിസു ജനതയെ സേവിക്കാനായി ഇംഗ്ലണ്ടിലെ കണ്‍സേര്‍ട്ട് പിയാനിസ്റ്റ് ആയിട്ടുള്ള കലാജീവിതം ഉപേക്ഷിച്ചു. അമേരിക്കക്കാരനായ ജഡ്സണ് വാന്‍ ഡിവെന്റര്‍ (1855-1939) കലാരംഗത്തെ ജോലി ഉപേക്ഷിച്ച് ഒരു സുവിശേഷകന് ആകാന്‍ തീരുമാനിച്ചു. അദ്ദേഹമാണ് പിന്നീട് ''ഞാന്‍ സമര്‍പ്പിക്കുന്നു'' (I Surrender All) എന്ന ഗാനം എഴുതിയത്.
കലാരംഗത്ത് ഒരു തൊഴില്‍ നേടുക എന്നത് പലരെ സംബന്ധിച്ചും തികവാര്‍ന്ന ഒരു വിളിയാണെങ്കിലും, ഒരു തൊഴില്‍ മറ്റൊന്നിനായി ഉപേക്ഷിക്കാന്‍ ദൈവം തങ്ങളെ വിളിച്ചതായി ഈ മനുഷ്യര്‍ വിശ്വസിച്ചു. തന്നെ അനുഗമിക്കാനായി സമ്പത്ത് ഉപേക്ഷിക്കാന്‍ ധനികനായ ഭരണാധികാരിയെ കര്‍ത്താവ് ഉപദേശിക്കുന്നതില്‍ നിന്ന് ഒരുപക്ഷേ അവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കാം (മര്‍ക്കൊസ് 10:17-25). ആ സംഭവത്തിന് സാക്ഷിയായ പത്രൊസ് ഉടനെ പറഞ്ഞു ''ഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു!'' (വാ. 28). തന്നെ അനുഗമിക്കുന്നവര്‍ക്ക് ''ഈ ലോകത്തില്‍ ... നൂറുമടങ്ങും' 'വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും' യേശു വാഗ്ദത്തം ചെയ്തു (വാ. 30). എന്നാല്‍ അവന് തന്റെ ജ്ഞാനമനുസരിച്ചാണതു നല്‍കുന്നത്: ''മുമ്പന്മാര് പലരും പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരും ആകും'' (വാ. 31).
ദൈവം നമ്മെ എവിടെ ആക്കിയാലും, അവനെ അനുഗമിക്കാനും നമ്മുടെ കഴിവുകളും വിഭവങ്ങളും ഉപയോഗിച്ച് അവനെ സേവിക്കുവാനുമുള്ള അവന്റെ സൗമ്യമായ ആഹ്വാനം അനുസരിച്ച് ദിവസേന നമ്മുടെ ജീവിതം ക്രിസ്തുവിനു സമര്‍പ്പിക്കാന്‍ വിളിക്കപ്പെടുന്നു - നമ്മുടെ വീട്ടിലോ, ഓഫീസിലോ, സമൂഹത്തിലോ അല്ലെങ്കില്‍ വീട്ടില്‍ നിന്ന് അകലെയോ എവിടെ ആയിരുന്നാലും. നാം അങ്ങനെ ചെയ്യുമ്പോള്‍, മറ്റുള്ളവരുടെ ആവശ്യങ്ങളെ നമ്മുടേതിനേക്കാള്‍ ഉപരിയായി വെച്ചുകൊണ്ട് അവരെ സ്നേഹിക്കാന്‍ അവിടുന്ന് നമ്മെ പ്രചോദിപ്പിക്കും.
ആഴമേറിയ ഇടങ്ങള്‍
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ സാമൂഹിക, രാഷ്ട്രീയ പ്രക്ഷോഭകാലത്തെ കവിയും നോവലിസ്റ്റുമായിരുന്ന വിക്ടര്‍ ഹ്യൂഗോയുടെ (1802-1885), ഏറ്റവും പ്രശസ്തമായ ക്ലാസ്സിക് കൃതിയാണ് ലേ മിസറാബ്ല (പാവങ്ങള്‍). ഒരു നൂറ്റാണ്ടിനുശേഷം, അദ്ദേഹത്തിന്റെ നോവലിന്റെ ഒരു സംഗീത ആവിഷ്കാരം നമ്മുടെ തലമുറയിലെ ഏറ്റവും ജനപ്രിയ സംഗീതശില്പങ്ങളിലൊന്നായി മാറി. ഇത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ട കാര്യമില്ല. ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞതുപോലെ, ''പറയാന്‍ കഴിയാത്തതും നിശബ്ദത പാലിക്കാന്‍ കഴിയാത്തതുമായതിനെ സംഗീതം പ്രകടിപ്പിക്കുന്നു.''
സങ്കീര്‍ത്തനക്കാര്‍ അതിനോടു യോജിച്ചേക്കാം. അവരുടെ പാട്ടുകളും പ്രാര്‍ത്ഥനകളും ജീവിതത്തെക്കുറിച്ചും അതിന്റെ അനിവാര്യമായ വേദനയെക്കുറിച്ചും സത്യസന്ധമായ പ്രതിഫലനങ്ങള്‍ നല്കുന്നു. നമുക്ക് പ്രവേശനം അസാധ്യമായ ഇടങ്ങളില്‍ അവ നമ്മെ സ്പര്‍ശിക്കുന്നു. ഉദാഹരണത്തിന്, സങ്കീര്‍ത്തനം 6:6-ല്‍ ദാവീദ് നിലവിളിക്കുന്നു, 'എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രി മുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനയ്ക്കുന്നു.'
അത്തരം പരുക്കനായ സത്യസന്ധത തിരുവെഴുത്തുകളുടെ പ്രചോദനാത്മകമായ ഗാനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് നമുക്ക് വലിയ പ്രോത്സാഹനം നല്കുന്നു. ആശ്വാസത്തിനും സഹായത്തിനുമായി നമ്മെ അവിടുത്തെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്ന ദൈവത്തിങ്കലേക്ക് നമ്മുടെ ഭയങ്ങളെ കൊണ്ടുവരാന്‍ അത് നമ്മെ ക്ഷണിക്കുന്നു. നമ്മുടെ ഹൃദയംഗമമായ സത്യസന്ധതയില്‍ അവന് നമ്മെ ആശ്ലേഷിക്കുന്നു.
വാക്കുകള്‍ പുറത്തുവരാന്‍ പ്രയാസമുള്ളപ്പോള്‍ നമ്മുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സംഗീതത്തിന് കഴിയും. എന്നിരുന്നാലും നമ്മുടെ വാക്കുകള്‍ നാം ആലപിക്കുകയോ പ്രാര്‍ത്ഥിക്കുകയോ നിശബ്ദമായി കരയുകയോ ചെയ്താലും നമ്മുടെ ദൈവം നമ്മുടെ ഹൃദയത്തിലെ ആഴമേറിയ ഇടങ്ങളില്‍ എത്തിച്ചേരുകയും അവന്റെ സമാധാനം നല്‍കുകയും ചെയ്യുന്നു.
പറയുന്നതിനായി ഓടുന്നു
ഗ്രീക്ക് സന്ദേശവാഹകനായിരുന്ന ഫെയ്ഡിപ്പിഡിസിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ആധുനിക മാരത്തോണ്‍. ഐതിഹ്യമനുസരിച്ച്, ബി.സി. 490-ല്‍ അദ്ദേഹം, തങ്ങളുടെ മുഖ്യശത്രുവായിരുന്ന പേര്ഷ്യക്കാരുടെമേല് ഗ്രീക്കുകാര്‍ നേടിയ ഐതിഹാസിക വിജയത്തിന്റെ വാര്‍ത്തയറിയിക്കാന്‍ മാരത്തോണ്‍ മുതല്‍ ഏഥന്‍സ് വരെ ഏകദേശം ഇരുപത്തിയഞ്ച് മൈല്‍ (നാല്പത് കിലോമീറ്റര്‍) ഓടി. ഇന്ന്, ഒരു കായിക നേട്ടത്തിന്റെ വ്യക്തിപരമായ സംതൃപ്തിക്കായി ആളുകള്‍ മാരത്തോണുകള്‍ ഓടുന്നു, പക്ഷേ തന്റെ ശ്രമത്തിന് പിന്നില്‍ ഫെയ്ഡിപ്പിഡിസിന് ഒരു വലിയ ലക്ഷ്യമുണ്ടായിരുന്നു: അവന്റെ ഓരോ ചുവടും തന്റെ ബന്ധുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുന്നതിന്റെ സന്തോഷത്തിനായി പ്രവര്‍ത്തിച്ചു!
അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു ശേഷം, രണ്ടു സ്ത്രീകളും സദ്വാര്ത്ത - ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വാര്‍ത്ത - അറിയിക്കാനായി ഓടി. ക്രൂശിക്കപ്പെട്ടതിനുശേഷം യേശുവിനെ വെച്ചിരുന്ന കല്ലറയ്ക്കല്‍ മറിയയും മഗ്ദലന മറിയയും എത്തിയപ്പോള്‍, അത് ശൂന്യമായി കിടക്കുന്നത് അവര്‍ കണ്ടു. യേശു 'മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു'' എന്നും ''വേഗം പോയി ശിഷ്യന്മാരോട് പറയുക'' എന്നും ഒരു ദൂതന് അവരോടു പറഞ്ഞു (മത്തായി 28:7). 'ഭയത്തോടും മഹാസന്തോഷത്തോടും'' കൂടി സ്ത്രീകള്‍, തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശിഷ്യന്മാരോട് പറയാന്‍ ഓടി (വാ. 8).
യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് നമുക്കും അതേ സന്തോഷമുണ്ടാകട്ടെ, മറ്റുള്ളവരുമായി സുവാര്‍ത്ത പങ്കുവെക്കാന്‍ അതു നമ്മെ പ്രേരിപ്പിക്കട്ടെ. നമ്മുടെ രക്ഷകനെക്കുറിച്ച് അറിയേണ്ട ഒരാളെ കണ്ടെത്താന്‍ അടുത്തുള്ള വീടിനേക്കാള്‍ കൂടുതല്‍ ദൂരം നാം ''ഓടേണ്ട'' ആവശ്യമില്ല. മരണത്തിനെതിരായ യുദ്ധത്തില്‍ അവന് വിജയിച്ചു, അതിനാല്‍ നാം അവനോടൊപ്പം എന്നേക്കും വിജയികളായി ജീവിക്കും!