ഒരാണ്ടത്തെ ബൈബിള്‍ വായന
മേഘങ്ങള്‍ താണുവന്നു ചക്രവാളത്തെ മറയ്ക്കുകയും ഏതാണ്ടു നൂറു വാരയ്ക്കപ്പുറത്തുള്ള കാഴ്ചകളെ പരിമിതപ്പെടുത്തുകയും ചെയ്തു. സമയം ഇഴഞ്ഞുനീങ്ങി. എന്റെ മാനസികാവസ്ഥയെ അതു നിര്‍ണ്ണായകമായ നിലയില്‍ ബാധിച്ചു. പക്ഷേ, ഉച്ചകഴിഞ്ഞതോടുകൂടി മേഘങ്ങള്‍ വഴിമാറാന്‍ തുടങ്ങി: എന്റെ നഗരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന നാഴികക്കല്ലായ, നാലുവശത്തും ചുറ്റിയിരിക്കുന്ന മനോഹരമായ പര്‍വതങ്ങള്‍ ഞാന്‍ കണ്ടു. എന്റെ മുഖത്ത് ഒരു പുഞ്ചിരി പരന്നു. നമ്മുടെ ഭൗതിക വീക്ഷണം പോലും - നമ്മുടെ അക്ഷരീകമായ കാഴ്ച - നമ്മുടെ ആത്മീയ ദര്‍ശനത്തെ ബാധിക്കുമെന്ന് ഞാന്‍ മനസ്സിലാക്കി. ''ഞാന്‍ എന്റെ കണ്ണു പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു'' (സങ്കീര്‍ത്തനം 121:1) എന്നു സങ്കീര്ത്തനക്കാരന് പാടിയത് അതെന്നെ ഓര്‍മ്മപ്പെടുത്തി. ചില സമയങ്ങളില്‍ നമ്മുടെ കണ്ണുകള്‍ കുറച്ചുകൂടി ഉയര്‍ത്തേണ്ടതുണ്ട്!
തന്റെ സഹായം എവിടെ നിന്നാണു വരുന്നതെന്ന് സങ്കീര്ത്തനക്കാരന് ആലോചിച്ചു, ഒരുപക്ഷേ യിസ്രായേലിനു ചുറ്റുമുള്ള കുന്നിന്പുറങ്ങളില് വിജാതീയ ദേവന്മാര്ക്കുള്ള ബലിപീഠങ്ങള്‍ സ്ഥാപിച്ചിരുന്നതുകൊണ്ടോ പര്‍വതങ്ങളില്‍ പലപ്പോഴും കവര്‍ച്ചക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടോ ആയിരിക്കാം അത്. അല്ലെങ്കില്‍ സങ്കീര്ത്തനക്കാരന് കുന്നുകള്‍ക്കപ്പുറത്ത് ആലയം നിലകൊള്ളുന്ന സീയോന് പര്‍വതത്തിലേക്ക് നോക്കി, സ്വര്‍ഗ്ഗത്തെയും ഭൂമിയെയും സൃഷ്ടിച്ചവന് തന്റെ ഉടമ്പടി ദൈവമാണെന്ന് ഓര്‍മ്മിച്ചതുകൊണ്ടാകാം ഇങ്ങനെ പാടിയത് (വാ. 2). ഏതുവിധത്തിലായാലും, ആരാധനയ്ക്കായി നാം കണ്ണുകളുയര്‍ത്തി നോക്കണം. നമ്മുടെ സാഹചര്യങ്ങളേക്കാളും ഉയരത്തില്‍, നമ്മുടെ കഷ്ടതകളേക്കാളും പരീക്ഷണങ്ങളേക്കാളും ഉയരത്തില്‍, നമ്മുടെ കാലത്തെ വ്യാജദൈവങ്ങളുടെ ശൂന്യമായ വാഗ്ദാനങ്ങളേക്കാളും ഉയരത്തിലേക്കാണ് നാം കണ്ണുകള്‍ ഉയര്‍ത്തേണ്ടത്. അപ്പോള്‍ നമുക്ക് നമ്മെ പേര് ചൊല്ലി വിളിക്കുന്ന നമ്മുടെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനുമായവനെ കാണാന്‍ കഴിയും. അവനാണ് നമ്മുടെ ''ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കുന്നത്'' (വാ. 8).
കടലാസ് കിരീടങ്ങള്‍
എന്റെ വീട്ടിലെ ഒരു ജന്മദിന പാര്‍ട്ടിക്കു ശേഷം, എല്ലാവരും മിഠായി, മധുരപലഹാരങ്ങള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവ നിറച്ച മടക്ക സമ്മാനങ്ങള്‍ തുറന്നു. എന്നാല്‍ ഈ സമ്മാനങ്ങളില്‍ മറ്റൊന്നുകൂടി ഉണ്ടായിരുന്നു - ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ കടലാസ് കിരീടം. അവ പരീക്ഷിക്കുന്നത് ഞങ്ങള്‍ക്ക് എതിര്ത്തുനില്ക്കാന് കഴിഞ്ഞില്ല, മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. ഒരു നിമിഷം, ഞങ്ങള്‍ രാജാക്കന്മാരും രാജ്ഞികളുമായിരുന്നു - ഞങ്ങളുടെ സാമ്രാജ്യം അത്താഴത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു ഡൈനിംഗ് റൂം ആയിരുന്നെങ്കിലും.
ഞാന്‍ പലപ്പോഴും ചിന്തിക്കാത്ത ഒരു ബൈബിള്‍ വാഗ്ദാനത്തിന്റെ ഓര്‍മ്മ ഇത് എന്നിലുണര്‍ത്തി. അടുത്ത ജീവിതത്തില്‍, എല്ലാ വിശ്വാസികളും യേശുവുമായി ഭരണം പങ്കിടും. 1 കൊരിന്ത്യര്‍ 6-ല്‍ പൗലൊസ് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു, 'വിശുദ്ധന്മാര് ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ?'' (വാ. 2). ഭൂമിയിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഈ ഭാവി പദവിയെ പൗലൊസ് പരാമര്‍ശിച്ചത്. അവര്‍ പരസ്പരം കേസ് കൊടുക്കുകയും അവരുടെ സമൂഹത്തില്‍ മറ്റ് വിശ്വാസികളുടെ സല്‍പ്പേരിനു കളങ്കം വരുത്തുകയും ചെയ്തു.
പരിശുദ്ധാത്മാവ് നമ്മില്‍ ആത്മനിയന്ത്രണവും സൗമ്യതയും ക്ഷമയും ഉളവാക്കുന്നതിനാല്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ നാം കൂടുതല്‍ മെച്ചപ്പെടുവാനിടയാകും. യേശു ഭൂമിയിലേക്കു മടങ്ങിവരികയും നമ്മുടെ ജീവിതത്തില്‍ ആത്മാവിന്റെ വേല പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ (1 യോഹന്നാന് 3:2-3), 'രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:10) എന്ന നമ്മുടെ ഭാവി ദൗത്യത്തിന് നാം ഒരുക്കപ്പെട്ടവരായിക്കഴിഞ്ഞിരിക്കും. സ്വര്‍ണ്ണകിരീടത്തിലെ വജ്രം പോലെ വേദപുസ്തകത്തില്‍ തിളങ്ങുന്ന ഈ വാഗ്ദാനത്തെ നമുക്കു മുറുകെ പിടിക്കാം.
അതു പിഴുതെടുക്കുക
റെബേക്കയുടെ സഹോദരനും സഹോദര ഭാര്യയും തമ്മില്‍ വിവാഹ പ്രശ്നങ്ങളുണ്ടാകാന്‍ തുടങ്ങിയപ്പോള്‍, അവരുടെ അനുരഞ്ജനത്തിനായി റെബേക്ക മുട്ടിപ്പായി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്നിട്ടും അവര്‍ വിവാഹമോചനം നേടി. തുടര്‍ന്ന് അവളുടെ നാത്തൂന് കുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി, അവരുടെ അച്ഛന് എതിര്‍ത്തതുമില്ല. താന്‍ വളരെ സ്നേഹിച്ചിരുന്ന സഹോദരപുത്രിമാരെ റെബേക്ക പിന്നെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം അവള് പറഞ്ഞു, ''ഈ സങ്കടം സ്വന്തമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതിനാല്‍, എന്റെ ഹൃദയത്തില്‍ ഒരു കൈപ്പിന്റെ വേരു മുളയ്ക്കാന്‍ ഞാന്‍ അനുവദിച്ചു. അത് എന്റെ കുടുംബത്തിലേക്കും സുഹൃത്തുക്കളിലേക്കും വ്യാപിക്കാന്‍ തുടങ്ങി.''
കൈപ്പിലേക്കു വളര്‍ന്ന ഒരു ദുഃഖം ഹൃദയത്തില്‍ കൊണ്ടുനടന്ന നൊവൊമി എന്ന സ്ത്രീയെക്കുറിച്ച് രൂത്തിന്റെ പുസ്തകം പറയുന്നു. അവളുടെ ഭര്‍ത്താവ് ഒരു അന്യദേശത്തു വെച്ചു മരിച്ചു, പത്തുവര്‍ഷത്തിനുശേഷം അവളുടെ രണ്ടു പുത്രന്മാരും മരിച്ചു. മരുമകളായ രൂത്തിനോടും ഒര്‍പ്പായോടും ഒപ്പം (1:3-5) അവള് നിരാലംബയായി. നൊവൊമിയും രൂത്തും നവോമിയുടെ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍, അവരെ കണ്ട് പട്ടണം മുഴുവനും ആവേശത്തിലായി. എന്നാല്‍ നൊവൊമി തന്റെ സുഹൃത്തുക്കളോട് പറഞ്ഞു: ''നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്വ്വശക്തന് എന്നോട് ഏറ്റവും കയ്പ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു' (വാ. 20-21).
നിരാശയെ അഭിമുഖീകരിക്കാത്തതും അതു കൈപ്പിലേക്ക് മാറാനുള്ള പ്രലോഭനത്തെ നേരിടാത്തതുമായി ആരാണുള്ളത്? ആരെങ്കിലും വേദനിപ്പിക്കുന്ന എന്തെങ്കിലും പറയുന്നു, ഒരു പ്രതീക്ഷ നിറവേറ്റുന്നില്ല, അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്നുള്ള ആവശ്യങ്ങള്‍ നമ്മെ നീരസപ്പെടുത്തുന്നു. നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമ്മോടുതന്നെയും ദൈവത്തോടും സമ്മതിക്കുമ്പോള്‍, കയ്പുള്ള സത്തയുടെ വേരുകള്‍ കുഴിച്ചെടുക്കാന്‍ നമ്മുടെ ആര്‍ദ്രതയുള്ള തോട്ടക്കാരന് നമ്മെ സഹായിക്കാനാകും-അവ എത്ര ചെറുതാണെങ്കിലും അല്ലെങ്കില്‍ വര്‍ഷങ്ങളായി വളര്ന്നുകൊണ്ടിരിക്കുന്നതാണെങ്കിലും. അവയ്ക്കു പകരം മധുരവും സന്തോഷവും ഉള്ള ആത്മാവിനെ പകരാന്‍ അവനു കഴിയും.
അദൃശ്യമായവരുടെ ദൈവം
'ചിലപ്പോള്‍ ഞാന്‍ അദൃശ്യനാണെന്ന് എനിക്ക് തോന്നും. എന്നിരുന്നാലും ദൈവം എന്നെ ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'
ഞങ്ങള്‍ ഒരു സംഭാഷണം ആരംഭിക്കുമ്പോള്‍, ഞാന്‍ സന്ദര്‍ശിക്കുന്ന ഹോട്ടലിലെ വ്യായാമ മുറി ആന്‍ വൃത്തിയാക്കുകയായിരുന്നു. ഞങ്ങള്‍ സംസാരിക്കുമ്പോള്‍, അവള്‍ക്ക് അതിശയകരമായ ഒരു കഥയുണ്ടെന്ന് ഞാന്‍ കണ്ടെത്തി.
''ഞാന്‍ തെരുവുകളില്‍ താമസിക്കുന്ന ഒരു മയക്കുമരുന്ന് അടിമയും വേശ്യയുമായിരുന്നു,'' അവള് പറഞ്ഞു. ''പക്ഷേ, എന്റെ സിഗരറ്റ് താഴെയിട്ടിട്ട് അവനോടൊപ്പം നടക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം ഞാന്‍ യേശുവിന്റെ കാല്ക്കല് മുട്ടുകുത്തി, അവന് എന്നെ സ്വതന്ത്രയാക്കി.'
ദൈവം അവള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ പങ്കുവെച്ചതിന് ഞാന്‍ ആനിന് നന്ദി പറഞ്ഞു, അവള് അദൃശ്യയല്ലെന്ന് ഞാന്‍ അവള്‍ക്ക് ഉറപ്പുനല്‍കി - ജീവിതത്തെ രൂപാന്തരപ്പെടുത്താനുള്ള അവന്റെ ശക്തിയെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കാന്‍ അവന് അവളെ ഞങ്ങളുടെ സംഭാഷണത്തില്‍ മനോഹരമായ രീതിയില്‍ ഉപയോഗിച്ചു.
മറ്റുള്ളവര്‍ അവഗണിച്ചേക്കാവുന്ന ആളുകളെ ഉപയോഗിക്കാന്‍ ദൈവം ഇഷ്ടപ്പെടുന്നു. അപ്പൊസ്തലനായ അന്ത്രയൊസ് തന്റെ സഹോദരന് പത്രൊസിനെപ്പോലെ അറിയപ്പെടുന്ന ആളായിരുന്നില്ല, എന്നാല്‍ ''അവന് തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട്് അവനോട്: ഞങ്ങള്‍ മശീഹയെ ... കെണ്ടത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു' (യോഹന്നാന് 1:41-42).
പത്രൊസ് അന്ത്രയൊസിലൂടെ യേശുവിനെ കണ്ടുമുട്ടി. യോഹന്നാന് സ്നാപകന്റെ ശിഷ്യന്മാരില് ഒരാളായ അന്ത്രയൊസ് യോഹന്നാനില്‍ നിന്ന് യേശുവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍, യേശുവിനെ വിശ്വസിക്കുകയും അനുഗമിക്കുകയും ചെയ്തു - ഉടനെ ചെന്നു തന്റെ സഹോദരനോട് പറഞ്ഞു. അന്ത്രയൊസിന്റെ ശാന്തമായ വിശ്വസ്തത ലോകത്തെ പിടിച്ചുകുലുക്കുന്ന ഒരു സ്വാധീനം ചെലുത്തി.
പ്രശസ്തിയെക്കാളുപരി വിശ്വസ്തസേവനത്തെ ദൈവം വിലമതിക്കുന്നു. നമ്മള് എവിടെയായിരുന്നാലും അവന് നമ്മെ ശക്തമായി ഉപയോഗിക്കാന്‍ കഴിയും - ആരും നോക്കാത്തപ്പോള്‍ പോലും.
കാഹളങ്ങള്‍ മുഴക്കുക
എല്ലാ ദിനാന്ത്യത്തിലും ശവസംസ്കാര ചടങ്ങുകളിലും യുഎസ് സൈന്യം വായിക്കുന്ന ട്രമ്പറ്റ് കോളാണ് ''ടാപ്സ്.'' അനൗദ്യോഗിക വരികള്‍ വായിച്ച് പല വരികളും അവസാനിക്കുന്നത് 'ദൈവം അടുത്തിരിക്കുന്നു' എന്ന വാക്യത്തോടെയാണ് എന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഓരോ രാത്രിയുടെയും ഇരുട്ടു വീഴുന്നതിനുമുമ്പായാലും പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ വിലപിക്കുന്ന സമയത്തായാലും ദൈവം അടുത്തുണ്ട് എന്ന മനോഹരമായ ഉറപ്പാണ് ഈ വരികള്‍ പടയാളികള്‍ക്കു വാഗ്ദാനം ചെയ്യുന്നത്.
പഴയനിയമത്തില്‍, ദൈവം അടുത്തുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു കാഹളങ്ങള്‍. ദൈവവും യിസ്രായേല്‍ ജനതയും തമ്മിലുള്ള ഉടമ്പടി കരാറിന്റെ ഭാഗമായ പെരുന്നാളുകളും ഉത്സവങ്ങളും ആഘോഷിക്കുന്നതിനിടയില്‍, യെഹൂദന്മാര്‍ ''കാഹളം മുഴക്കണം'' (സംഖ്യാപുസ്തകം 10:10). കാഹളം ഊതുന്നത് ദൈവത്തിന്റെ സാന്നിധ്യത്തെ മാത്രമല്ല, അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവന് ലഭ്യമാണെന്നതും അവരെ ഓര്‍മ്മപ്പെടുത്തി - അവരെ സഹായിക്കാന്‍ അവന് ആഗ്രഹിച്ചു.
ദൈവം അടുത്തിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഇന്നും നമുക്ക് ആവശ്യമാണ്. നമ്മുടെ ആരാധനാരീതിയില്‍, നമുക്കും പ്രാര്‍ത്ഥനയിലൂടെയും പാട്ടിലൂടെയും ദൈവത്തെ വിളിക്കാം. ഒരുപക്ഷേ, നമ്മെ സഹായിക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുന്ന കാഹളങ്ങളായി നമ്മുടെ പ്രാര്‍ത്ഥനകളെ നമുക്കു കരുതാം. ആ കാഹളനാദത്തെ ദൈവം എപ്പോഴും കേള്‍ക്കുന്നു എന്നതാണ് നമുക്കുള്ള മനോഹരമായ പ്രോത്സാഹനം (1 പത്രൊസ് 3:12). ജീവിതത്തിലെ പ്രതിസന്ധികളിലും ദുഃഖങ്ങളിലും നമ്മെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന അവിടുത്തെ സാന്നിധ്യത്തിന്റെ ഉറപ്പോടെ നമ്മുടെ ഓരോ അപേക്ഷയോടും അവന് പ്രതികരിക്കുന്നു.