ഒരു യുഎസ് സംസ്ഥാനത്തെ 34,000 വീടുകള്‍ അടിത്തറയുടെ തകരാര്‍ കാരണം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതാണ്. ഒരു കോണ്‍ക്രീറ്റ് കമ്പനി ഒരു ക്വാറിയില്‍ നിന്നുള്ള ധാതുഘടകങ്ങള്‍ അടങ്ങിയ കല്ലുപയോഗിച്ചാണ് – അതു മനസ്സിലാക്കാതെ – കോണ്‍ക്രീറ്റു നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇതുമൂലം കാലക്രമേണ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീഴുകയും ദ്രവിക്കുകയും ചെയ്യുന്നു. അറുനൂറോളം വീടുകളുടെ അടിത്തറ ഇതിനകം തകര്‍ന്നടിഞ്ഞു, കാലക്രമേണ ആ എണ്ണം ഉയരും.

അസ്ഥിരമായ അടിസ്ഥാനത്തിന്മേല്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിശദീകരിക്കാനായി തെറ്റായ അടിത്തറയില്‍ ഒരു വീട് പണിയുന്ന ചിത്രം യേശു ഉപയോഗിച്ചു. ശക്തിയേറിയ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കുമ്പോള്‍ നാം ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നമ്മില്‍ ചിലര്‍ എങ്ങനെയാണ് കരുത്തുറ്റ പാറയില്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് അവിടുന്നു വിശദീകരിച്ചു. അതേസമയം, നമ്മളില്‍ മറ്റു ചിലര്‍ തങ്ങളുടെ ജീവിതം മണലിന്മേല്‍ പണിയുന്നു; കൊടുങ്കാറ്റ് രൂക്ഷമാകുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ‘വീഴ്ച വലിയതായിരിക്കും” (മത്തായി 7:27). അചഞ്ചലമായ അടിത്തറയില്‍ പണിയുന്നതും ഇളകുന്ന അടിത്തറയില്‍ പണിയുന്നതും തമ്മിലുള്ള ഒരു വ്യത്യാസം ക്രിസ്തുവിന്റെ വചനങ്ങള്‍ നാം ‘പ്രയോഗത്തില്‍” വരുത്തുന്നുണ്ടോ ഇല്ലയോ എന്നതാണ് (വാ. 26). അവന്റെ വചനങ്ങള്‍ നാം കേള്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് അവന്‍ നമ്മെ പ്രാപ്തരാക്കുന്നതുപോലെ അവ പ്രയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

ഈ ലോകത്ത് നമുക്ക് ധാരാളം ജ്ഞാനം ലഭ്യമാണ് – ഒപ്പം ധാരാളം ഉപദേശങ്ങളും സഹായങ്ങളും ലഭിക്കും – അവയില്‍ ഭൂരിഭാഗവും നല്ലതും പ്രയോജനകരവുമാണ്. എന്നിരുന്നാലും ദൈവത്തിന്റെ സത്യത്തോടുള്ള എളിയ അനുസരണമല്ലാതെ മറ്റെന്തെങ്കിലും അടിത്തറയിലാണ് നാം നമ്മുടെ ജീവിതം പണിയുന്നതെങ്കില്‍, നാം തകര്‍ച്ചയെ ക്ഷണിച്ചുവരുത്തുകയാണ്. അവന്റെ ശക്തിയില്‍, ദൈവം പറയുന്നതു ചെയ്യുന്നതാണ് പാറമേല്‍ പണിതിരിക്കുന്ന ഒരു വീട്, ജീവിതം, ഉണ്ടായിരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം.