ഒരു പൂച്ചെടിയില്‍ ഒരു വലിയ തേനീച്ച വന്നിരിക്കുന്നത് നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ചെടിയുടെ സമൃദ്ധമായ ശാഖകള്‍ വര്‍ണ്ണാഭമായിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. അതിന്റെ തിളങ്ങുന്ന നീല പൂക്കള്‍ എന്റെ കണ്ണുകളെയും തേനീച്ചയെയും ഒരുപോലെ ആകര്‍ഷിച്ചു. എങ്കിലും കഴിഞ്ഞ ശരത്കാലത്ത്, ഇത് എപ്പോഴെങ്കിലും പൂക്കുമോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്റെ ഭാര്യയുടെ മാതാപിതാക്കള്‍ ആ പെരിവിങ്കിള്‍ ചെടിയുടെ ശാഖകള്‍ വെട്ടിക്കളയുമ്പോള്‍, അവര്‍ അതിനെ നശിപ്പിച്ചുകളയാന്‍ തീരുമാനിച്ചു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, എനിക്ക് ക്രൂരമായി തോന്നിയ ചെത്തിവെടിപ്പാക്കലിന്റെ പ്രസന്നമായ ഫലത്തിനു ഞാന്‍ ഇപ്പോള്‍ സാക്ഷിയായിരിക്കുന്നു.

കഠിനമായ മുറിവുകളുടെ ഫലമായുണ്ടാകുന്ന അതിശയിപ്പിക്കുന്ന സൗന്ദര്യമായിരിക്കാം, വിശ്വാസികള്‍ക്കിടയിലെ ദൈവത്തിന്റെ പ്രവര്‍ത്തനത്തെ വിവരിക്കാനായി ചെത്തിവെടിപ്പാക്കലിന്റെ ചിത്രത്തെ യേശു തിരഞ്ഞെടുത്തതിന്റെ ഒരു കാരണം. യോഹന്നാന്‍ 15ല്‍, ‘ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്റെ പിതാവ് തോട്ടക്കാരനും ആകുന്നു. … കായ്ക്കുന്നത് ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു’ (വാ. 1-2) എന്നു കാണുന്നു.

നല്ല സമയത്തും മോശം സമയങ്ങളിലും ആത്മീയ പുതുക്കലിനും ഫലപ്രാപ്തിക്കുമായി ദൈവം എപ്പോഴും നമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യേശുവിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (വാ. 5). കഷ്ടതയുടെയോ വൈകാരികമായ ഫലശൂന്യതയുടെയോ ‘ചെത്തിവെടിപ്പാക്കല്‍’ സമയങ്ങളില്‍ ഇനി എന്നെങ്കിലും വീണ്ടും തളിര്‍ക്കുമോ എന്ന് നാം അത്ഭുതപ്പെട്ടേക്കാം. എന്നാല്‍ തന്നോട് ചേര്‍ന്നുനില്‍ക്കാന്‍ ക്രിസ്തു നമ്മെ പ്രോത്സാഹിപ്പിക്കുന്നു: ‘കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കും കഴികയില്ല’ (വാ. 4).

നാം നിരന്തരം യേശുവില്‍ നിന്ന് ആത്മീയ പോഷണം സ്വീകരിക്കുമ്പോള്‍, തത്ഫലമായി നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യവും ഫലവും (വാ. 8) ദൈവത്തിന്റെ നന്മയെ ലോകത്തിനു കാണിച്ചുകൊടുക്കും.