സമുദ്രാന്തര്‍ഭാഗത്ത് സൂര്യപ്രകാശം കഷ്ടിച്ച് എത്തുന്ന ‘ഇരുണ്ട മേഖലയാണ്’ കോങ്കണ്ണന് (വ്യത്യസ്ത വലുപ്പത്തിലുള്ള കണ്ണുകളുള്ള) കണവയുടെ ആവാസ കേന്ദ്രം. കണവയുടെ വിളിപ്പേര് അതിന്റെ തികച്ചും വ്യത്യസ്തമായ രണ്ടു കണ്ണുകളെ സൂചിപ്പിക്കുന്നതാണ്: ഇടത് കണ്ണ് കാലക്രമേണ വലത് കണ്ണിനെക്കാള്‍ വലുതായിത്തീരുന്നു- ഏതാണ്ട് ഇരട്ടി വലുപ്പത്തില്‍. ഇരുണ്ട ആഴത്തിലേക്ക് നോക്കാന്‍ കണവ ചെറിയ വലതു കണ്ണ് ഉപയോഗിക്കുന്നതായി മോളസ്കുകളെക്കുറിച്ചു പഠനം നടത്തുന്ന ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. വലിയ ഇടത് കണ്ണാകട്ടെ മുകളിലുള്ള സൂര്യപ്രകാശത്തിലേക്ക് നോക്കാനും.
നമ്മുടെ ഇന്നത്തെ ലോകത്ത് ജീവിക്കുകയെന്നാല്‍ എന്താണ് എന്നതിന്റെ അസ്വാഭാവികമായ ഒരു ചിത്രമാണ് കണവ. അതോടൊപ്പം ‘ക്രിസ്തുവിനോടൊപ്പം ഉയിര്‍ത്തെഴുന്നേറ്റവര്‍’ എന്ന നിലയില്‍ നാം കാത്തിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ചിത്രവും (കൊലൊസ്യര്‍ 3:1) അതു നല്കുന്നു. കൊലൊസ്യര്‍ക്കുള്ള ലേഖനത്തില്‍, നാം ‘ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നതിനാല്‍’ (വാ. 23) ‘ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നേ’ ചിന്തിക്കണം എന്ന് പൗലൊസ് നിര്‍ബന്ധിക്കുന്നു.
സ്വര്‍ഗ്ഗത്തിലെ നമ്മുടെ ജീവിതത്തിനായി കാത്തിരിക്കുന്ന ഭൂവാസികള്‍ എന്ന നിലയില്‍, നമ്മുടെ ഇന്നത്തെ യാഥാര്‍ത്ഥ്യത്തില്‍ നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നതിനായി നമ്മുടെ കണ്ണിനെ പരിശീലിപ്പിക്കണം. എന്നാല്‍ കണവയുടെ ഇടത് കണ്ണ് മുകളിലുള്ളതു കാണുന്നതിനായി കാലക്രമേണ വലുതും കൂടുതല്‍ സംവേദനക്ഷമവുമായ ഒന്നായി വികസിക്കുന്നതുപോലെ, ആത്മീയ മണ്ഡലത്തില്‍ ദൈവം പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചുള്ള നമ്മുടെ അവബോധത്തില്‍ നമുക്കും വളരാന്‍ കഴിയും. യേശുവില്‍ ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നാം ഇതുവരെ പൂര്‍ണ്ണമായി മനസ്സിലാക്കിയിട്ടില്ലായിരിക്കാം, എന്നാല്‍ ‘മുകളിലേക്ക്” നോക്കുമ്പോള്‍ നമ്മുടെ കണ്ണുകള്‍ അത് കൂടുതല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ തുടങ്ങും.
നിങ്ങളുടെ 'മുകളിലേക്കുള്ള' കാഴ്ച എങ്ങനെ വികസിപ്പിക്കാന്‍ കഴിയും? സ്വര്‍ഗ്ഗീയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എങ്ങനെ മനസ്സ് ഉറപ്പിക്കാന്‍ കഴിയും?
സ്നേഹവാനായ ദൈവമേ, അങ്ങയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ എന്റെ മനസ്സും ഹൃദയവും കൂടുതല്‍ ഉറപ്പിക്കുവാന്‍ എന്നെ സഹായിക്കണമേ!