ഹച്ചി: എ ഡോഗ്‌സ് ടെയില്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ ഒരു കോളേജ് പ്രൊഫസര്‍ വഴിതെറ്റി വന്ന ഹച്ചി എന്നു പേരുള്ള നായ്ക്കുട്ടിയുമായി ചങ്ങാത്തം കൂടി. പ്രൊഫസര്‍ ജോലിയില്‍ നിന്ന് മടങ്ങിവരുന്നതിനായി ഓരോ ദിവസവും ട്രെയിന്‍ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്നതിലൂടെ നായ തന്റെ വിശ്വസ്തത പ്രകടിപ്പിച്ചു. ഒരു ദിവസം പ്രൊഫസറിന് മാരകമായ ഹൃദയാഘാതം സംഭവിച്ചു. ഹച്ചി ട്രെയിന്‍ സ്‌റ്റേഷനില്‍ മണിക്കൂറുകളോളം കാത്തിരുന്നു, അടുത്ത പത്തുവര്‍ഷക്കാലം ഓരോ ദിവസവും അവന്‍ സ്റ്റേഷനിലെത്തി തന്റെ സ്‌നേഹവാനായ യജമാനനെ കാത്തിരിക്കുമായിരുന്നു.

തന്റെ യജമാനന്റെ വരവിനായി ക്ഷമയോടെ കാത്തിരുന്ന ശിമ്യോന്‍ എന്ന മനുഷ്യന്റെ കഥ ലൂക്കൊസ് പറയുന്നു (ലൂക്കൊസ് 2:25). മശിഹായെ കാണുന്നത് വരെ മരണം കാണില്ലെന്ന് പരിശുദ്ധാത്മാവ് ശിമ്യോന് വെളിപ്പെടുത്തി (വാ. 26). തല്‍ഫലമായി, ദൈവജനത്തിന് ‘രക്ഷ” നല്‍കുന്നവനെ ശിമ്യോന്‍ കാത്തിരുന്നു (വാ. 30). മറിയയും യോസേഫും യേശുവിനെയും കൊണ്ട് ആലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവനാണ് അതെന്നു പരിശുദ്ധാത്മാവ് ശിമ്യോനോട് മന്ത്രിച്ചു! ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ശിമ്യോന്‍ ക്രിസ്തുവിനെ – സകല മനുഷ്യരുടെയും പ്രത്യാശയും രക്ഷയും ആശ്വാസവും ആയവനെ – കൈകളില്‍ എടുത്തു (വാ. 28-32).

നാം കാത്തിരിപ്പിന്റെ ഒരു കാലഘട്ടത്തിലാണെങ്കില്‍, യെശയ്യാപ്രവാചകന്റെ വാക്കുകള്‍ ആദ്യമെന്നോണം നമുക്കു കേള്‍ക്കാം: ‘എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും’ (യെശയ്യാവ് 40:31). യേശുവിന്റെ മടങ്ങിവരവിനായി നാം കാത്തിരിക്കുമ്പോള്‍, ഓരോ പുതിയ ദിവസത്തിനും ആവശ്യമായ പ്രത്യാശയും ശക്തിയും അവിടുന്ന് നല്‍കുന്നു.