ഒരു കൂട്ടം തൊഴിലാളികള്‍ ഒരു ഐസ്ഹൗസില്‍ ഐസ് സംഭരിക്കുകയായിരുന്നു. പെട്ടെന്ന് അവരില്‍ ഒരാള്‍ ജനാലയില്ലാത്ത ആ കെട്ടിടത്തില്‍ തന്റെ വാച്ച് നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കി. അയാളും കൂട്ടുകാരും അത് തിരഞ്ഞുവെങ്കിലും നിഷ്ഫലമായി.

പ്രതീക്ഷ കൈവിട്ട അവര്‍ പുറത്തുകടക്കുന്നത് കണ്ട ഒരു ആണ്‍കുട്ടി കെട്ടിടത്തിലുള്ളിലേക്ക് പോയി. താമസിയാതെ അവന്‍ വാച്ചുമായി പുറത്തുവന്നു. ഇത് എങ്ങനെ കണ്ടെത്തിയെന്ന് ചോദിച്ചപ്പോള്‍ അവന്‍ മറുപടി പറഞ്ഞു: ‘ഞാന്‍ വെറുതെ ശാന്തമായി ഇരുന്നു, താമസിയാതെ അതിന്റെ ടിക്, ടിക് ശബ്ദം എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.’

മിണ്ടാതെയിരിക്കുന്നതിന്റെ മൂല്യത്തെക്കുറിച്ച് ബൈബിള്‍ വളരെയധികം സംസാരിക്കുന്നു. അതിശയിക്കാനില്ല, കാരണം ദൈവം ചിലപ്പോള്‍ മൃദു ശബ്ദത്തിലാണ് സംസാരിക്കുന്നത് (1 രാജാക്കന്മാര്‍ 19:12). ജീവിതത്തിന്റെ ഒച്ചപ്പാടുകളില്‍, അവനെ കേള്‍ക്കാന്‍ പ്രയാസമാണ്. എന്നാല്‍ നാം തിരക്കുകള്‍ നിര്‍ത്തി അവനോടും തിരുവെഴുത്തുകളോടും ഒപ്പം ശാന്തമായി സമയം ചെലവഴിക്കുകയാണെങ്കില്‍, നമ്മുടെ ചിന്തകളില്‍ അവിടുത്തെ സൗമ്യമായ ശബ്ദം കേള്‍ക്കാന്‍ കഴിയും.

ദുഷ്ടന്മാരുടെ ‘ദുഷ്ട പദ്ധതികളില്‍’ നിന്ന് നമ്മെ രക്ഷിക്കാനും അഭയം നല്‍കാനും വിശ്വസ്തരായി തുടരുന്നതിനു നമ്മെ സഹായിക്കാനും ദൈവത്തെ നമുക്കു വിശ്വസിക്കാമെന്ന് സങ്കീര്‍ത്തനം 37:1-7 ഉറപ്പുനല്‍കുന്നു. എന്നാല്‍, ചുറ്റുപാടും പ്രക്ഷുബ്ധമാകുമ്പോള്‍ നമുക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?

7-ാം വാക്യം ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു: ‘യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്കുക.’ പ്രാര്‍ത്ഥനയ്ക്കു ശേഷം അല്പ മിനിറ്റുകള്‍ മൗനം പാലിക്കാന്‍ പഠിച്ചുകൊണ്ട് നമുക്ക് ആരംഭിക്കാം. അല്ലെങ്കില്‍ നിശബ്ദമായി ബൈബിള്‍ വായിച്ച് വാക്കുകള്‍ നമ്മുടെ ഹൃദയത്തെ കുതിര്‍ക്കാന്‍ അനുവദിക്കുക. അപ്പോള്‍, ഒരുപക്ഷേ, അവിടുത്തെ ജ്ഞാനം നമ്മോട് സംസാരിക്കുന്നത് നാം കേള്‍ക്കും – ഒരു വാച്ചിന്റെ ടിക്, ടിക് ശബ്ദം പോലെ ശാന്തമായും ക്രമമായും.